കമ്മിൻസും സ്റ്റാർക്കും എറിഞ്ഞൊതുക്കി; മെൽബൺ ടെസ്റ്റിലും ആസ്ട്രേലിയയോട് തോറ്റ് പാകിസ്താൻ

മെൽബൺ: ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെയും മിച്ചൽ സ്റ്റാർക്കിന്റെയും തീ തുപ്പുന്ന പന്തുകൾക്ക് മുമ്പിൽ ബാറ്റ് വെച്ച് കീഴടങ്ങി പാകിസ്താൻ. മെൽബണിൽ നടന്ന രണ്ടാം ടെസ്റ്റിൽ 79 റൺസിനായിരുന്നു ഓസീസിന്റെ ജയം. ആദ്യ ടെസ്റ്റിൽ 360 റൺസിന്റെ തകർപ്പൻ ജയം സ്വന്തമാക്കിയ ആസ്ട്രേലിയ ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയും സ്വന്തമാക്കി. അവസാന ടെസ്റ്റ് ജനുവരി മൂന്നിന് സിഡ്നിയിൽ ആരംഭിക്കും. രണ്ട് ഇന്നിങ്സിലും അഞ്ച് വിക്കറ്റ് വീതം വീഴ്ത്തിയ കമ്മിൻസാണ് മത്സരത്തിലെ താരം.

ആദ്യ ഇന്നിങ്സിൽ 318 റൺസ് നേടിയ ആസ്ട്രേലിയക്കെതിരെ പാകിസ്താൻ 264 റൺസിന് പുറത്തായിരുന്നു. രണ്ടാം ഇന്നിങ്സ് ആരംഭിച്ച ആതിഥേയരുടെ നാല് മുൻനിര ബാറ്റർമാരെ 16 റൺസെടുക്കുന്നതിനിടെ പാക് ബൗളർമാർ മടക്കിയെങ്കിലും തുടർന്ന് ഒരുമിച്ച മിച്ചൽ മാർഷും (96) സ്റ്റീവൻ സ്മിത്തും (53) ചേർന്ന് ടീമിനെ കരകയറ്റുകയായിരുന്നു. വിക്കറ്റ് കീപ്പർ ബാറ്റർ പീറ്റർ കാരിയും അർധസെഞ്ച്വറിയുമായി പിടിച്ചുനിന്നതോടെ ആസ്ട്രേലിയ 262 റൺസ് അടിച്ചെടുത്താണ് ഇന്നിങ്സ് അവസാനിപ്പിച്ചത്. പാകിസ്താന് വേണ്ടി ഷഹീൻ ഷാ അഫ്രീദിയും മിർ ഹംസയും നാല് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ആമിർ ജമാൽ രണ്ടുപേരെ മടക്കി.

317 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്താന് ഓപണർമാരായ അബ്ദുല്ല ഷഫീഖിന്റെയും (4) ഇമാമുൽ ഹഖിന്റെയും (12) വിക്കറ്റുകൾ വേഗത്തിൽ നഷ്ടപ്പെട്ടു. എന്നാൽ, തുടർന്നെത്തിയ ക്യാപ്റ്റൻ ഷാൻ മസൂദും (60) ബാബർ അസമും (41) ചേർന്ന് പിടിച്ചുനിന്നതോടെ പാകിസ്താൻ വിജയപ്രതീക്ഷയിലായി. ഷാൻ മസൂദിന് ശേഷമെത്തിയ സൗദ് ഷകീൽ 24 റൺസെടുത്ത് പുറത്തായി. ആറാം വിക്കറ്റിൽ ഒരുമിച്ച മുഹമ്മദ് റിസ്‍വാനും (35), ആഗ സൽമാനും (50) ചേർന്ന് പാകിസ്താനെ വീണ്ടും പ്രതീക്ഷയിലേക്ക് കൊണ്ടുവന്നെങ്കിലും ഇവർ പുറത്തായ ശേഷമെത്തിയ ആമിർ ജമാൽ, ഷഹീൻ അഫ്രീദി, മിർ ഹംസ എന്നിവർ പൂജ്യരായി മടങ്ങിയതോടെ പാകിസ്താൻ ഇന്നിങ്സിനും വിരാമമായി. അഞ്ച് വിക്കറ്റ് നേടിയ പാറ്റ് കമ്മിൻസിന് പുറമെ മിച്ചൽ സ്റ്റാർക് നാലുപേരെ മടക്കിയപ്പോൾ ശേഷിച്ച വിക്കറ്റ് ജോഷ് ഹേസൽവുഡ് നേടി.

Tags:    
News Summary - Cummins and Starc bowled; Pakistan lost to Australia in the Melbourne Test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.