സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡ്

അഞ്ച് ദിവസത്തെ കളി രണ്ട് ദിവസംകൊണ്ട് തീർന്നു; ജയിച്ചെങ്കിലും ക്രിക്കറ്റ് ആസ്ട്രേലിയക്ക് വൻ സാമ്പത്തിക നഷ്ടം

പെർത്ത്: ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റ് അതിവേഗത്തിലാണ് അവസാനിച്ചത്. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ടെസ്റ്റ് മത്സരം രണ്ട് ദിവസത്തിനുള്ളിലാണ് തീർന്നത്. മിച്ചൽ സ്റ്റാർക്കിന്‍റെ പത്തുവിക്കറ്റ് പ്രകടനവും ട്രാവിസ് ഹെഡിന്‍റെ തകർപ്പൻ സെഞ്ച്വറിയുമാണ് മത്സരത്തിലെ ഹൈലറ്റ്. 205 റൺസ് വിജയലക്ഷ്യത്തിലെത്താൻ ആസ്ട്രേലിയൻ ബാറ്റർമാർക്ക് വേണ്ടിവന്നത് 28.2 ഓവറുകൾ മാത്രം. ഓസീസ് എട്ടുവിക്കറ്റിന് ജയം പിടിച്ചെങ്കിലും, മൂന്നു ദിവസം ശേഷിക്കെ കളി അവസാനിച്ചത് ക്രിക്കറ്റ് ബോർഡിന് വമ്പൻ സാമ്പത്തിക നഷ്ടം വരുത്തിയെന്നാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മത്സരം നേരത്തെ തീർന്നതോടെ ഓസീസ് ക്രിക്കറ്റ് ബോർഡിന് മൂന്ന് ദശലക്ഷം ആസ്ട്രേലിയൻ ഡോളറിന്‍റെ നഷ്ടം വരുമെന്നാണ് ഗാർഡിയനിലെ റിപ്പോർട്ടിൽ പറയുന്നത്. രണ്ട് ദിവസങ്ങളിലായി 1,01,514 പേരാണ് പെർത്തിൽ ടെസ്റ്റ് മത്സരം കാണാനെത്തിയത്. വെള്ളിയാഴ്ച 51,531ഉം ശനിയാഴ്ച 49,983ഉം ആണ് പെർത്തിലെ അറ്റൻഡൻസ്. അടുത്ത മൂന്ന് ദിവസങ്ങളിലും സമാനരീതിയിൽ കാണികൾ സ്റ്റേഡിയത്തിൽ എത്തുമെന്നിരിക്കെയാണ് സ്റ്റാർക്കും ഹെഡും ചേർന്ന് മത്സരം നേരത്തെ തീർത്തത്. അവധി ദിനമായ ഞായറാഴ്ച കളി കാണാൻ ടിക്കറ്റെടുത്തവരോട്, മത്സരശേഷം ഹെഡ് ക്ഷമാപണം നടത്തുകയും ചെയ്തു.

“നാളെ സ്റ്റേഡിയത്തിലെത്തി കളി കാണാമെന്ന് കരുതിയവരോട് ക്ഷമ ചോദിക്കുന്നു. വീണ്ടും ഹൗസ് ഫുള്ളാകേണ്ട ഒരു ദിനമായിരുന്നു അത്” -പ്രസന്‍റേഷൻ സെറിമണിക്കിടെ ഹെഡ് പറഞ്ഞു. ക്രിക്കറ്റ് ആസ്ട്രേലിയയുടെ റീഫണ്ട് ഫോളിസി അനുസരിച്ച്, ഒറ്റദിവസത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് കളി നടന്നില്ലെങ്കിൽ പണം മുഴുനായും തിരികെ നൽകണം. ഇതോടെ മൂന്ന്, നാല്, അഞ്ച് ദിവസങ്ങളിലേക്ക് ബുക്ക് ചെയ്തവർക്ക് റീഫണ്ട് നൽകുകയല്ലാതെ മറ്റ് വഴികളൊന്നും ബോർഡിനു മുന്നിലില്ല.

മത്സരത്തിലേക്ക് വന്നാൽ ഒന്നാം ഇന്നിങ്സിൽ 40 റൺസിന്റെ ലീഡ് വഴങ്ങിയ ശേഷമായിരുന്നു ആസ്ട്രേലിയ രണ്ടാം ഇന്നിങ്സിലെ തകർപ്പൻ പ്രകടനവുമായി കളി ജയിച്ചത്. ട്രാവിസ് ഹെഡും (123), മാർനസ് ലബുഷെയ്നും (51*) മികച്ച പ്രകടനം കാഴ്ചവെച്ച മത്സരത്തിൽ എട്ടു വിക്കറ്റിന് ജയം സ്വന്തമാക്കി. രണ്ട് ഇന്നിങ്സിലുമായി 10 വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർകാണ് കളിയിലെ താരം.

അതിവേഗ സെഞ്ച്വറി

ആസ്ട്രേലിയക്ക് ചരിത്ര ജയം സമ്മാനിച്ച ഇന്നിങ്സുമായി ട്രാവിസ് ഹെഡ് കുറിച്ചത് പുതിയ ചരിത്രം. ആഷസ് ചരിത്രത്തിൽ രണ്ടാമത്തെ അതിവേഗ സെഞ്ച്വറിയാണ് താരം കുറിച്ചത്. 57 പന്തിൽ 100 തികച്ച ആദം ഗിൽക്രിസ്റ്റിനാണ് അതിവേഗ സെഞ്ച്വറിയുടെ റെക്കോഡ്. 19 വർഷം മുമ്പായിരുന്നു ഈ നേട്ടം. ട്രാവിസ് ഹെഡ് 69 പന്തിൽ 100 തികച്ച് രണ്ടാമത്തെ ​വേഗമേറിയ സെഞ്ച്വറിയുടെ അവകാശിയായി. 83 പന്തിൽ നാല് സിക്സും, 16 ബൗണ്ടറിയുമായി 123 റൺസ് നേടിയാണ് താരം പുറത്തായത്.

Tags:    
News Summary - Cricket Australia Set For Huge Loss As Ashes Opener In Perth Ends In 2 Days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.