ന്യൂഡൽഹി: രാഹുൽ ദ്രാവിഡിനുശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ വൻമതിലായിരുന്നു ചേതേശ്വർ പൂജാര. ഒരുകാലത്ത് ഇന്ത്യയുടെ വിശ്വസ്തനായ ടെസ്റ്റ് സ്പെഷലിസ്റ്റ് ബാറ്റർ. ദ്രാവിഡും വി.വി.എസ്. ലക്ഷ്മണും വിരമിച്ചതോടെയാണ് ടെസ്റ്റ് ക്രിക്കറ്റിൽ ടോപ് ഓർഡറിൽ താരം അവിഭാജ്യഘടകമായി മാറുന്നത്.
അക്കാലത്ത് ഇന്ത്യയുടെ ടെസ്റ്റ് വിജയങ്ങളിൽ താരത്തിന് നിർണായക പങ്കുണ്ടായിരുന്നു. പൂജാരയുടെ ചെറുത്തുനിൽപ്പാണ് പല ടെസ്റ്റുകളിലും ഇന്ത്യക്ക് വിജയത്തോളംപോന്ന സമനില നേടി തന്നതും. ഇന്ന് താരം ഇന്ത്യൻ ടീമിന്‍റെ ഭാഗമല്ല, 2023ലാണ് താരം അവസാനമായി ഇന്ത്യക്കുവേണ്ടി കളിച്ചത്. ഇതിനിടെ താരം ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തുമെന്ന് പലതവണ അഭ്യൂഹങ്ങൾ കേട്ടിരുന്നെങ്കിലും അതുണ്ടായില്ല.
പൂജാരയുടെ ക്രിക്കറ്റ് ജീവിതത്തിലുണ്ടായ ഞെട്ടിപ്പിക്കുന്ന ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ പൂജ. 'ദി ഡയറി ഓഫ് എ ക്രിക്കറ്റേഴ്സ് വൈഫ്' എന്ന പൂജയുടെ പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്.
ടീമില്‍നിന്ന് പൂജാരയെ പുറത്താക്കണമെന്ന് സഹതാരങ്ങളില്‍ ഒരാള്‍ ഫോണില്‍ പറയുന്നത് യാദൃശ്ചികമായി കേള്‍ക്കാന്‍ ഇടയായ സാഹചര്യം അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തിയതെന്ന് പൂജ പറയുന്നു. ഇതേ താരം പിന്നീട് പൂജാരയുടെ ജന്മദിനത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ ഹൃദ്യമായ ജന്മദിനാശംസയിട്ടതും പുസ്തകത്തിൽ പറയുന്നുണ്ട്.
2018-19 ലെ ആസ്ട്രേലിയന്‍ പര്യടനത്തിനിടെയാണ് സംഭവം. അന്ന് പെര്‍ത്ത് ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലുമായി 28 റണ്‍സ് മാത്രം നേടി മോശം ഫോമിലായിരുന്നു പൂജാര. ഇന്ത്യ ആ ടെസ്റ്റിൽ തോറ്റു. പൂജാരക്ക് പേശിവലിവ് അനുഭവപ്പെട്ടതോടെ താരത്തെ അടുത്ത മത്സരത്തിൽ ഒഴിവാക്കുമെന്ന തരത്തിലും റിപ്പോര്‍ട്ടുകൾ വന്നു. ഇതെല്ലാം നടക്കുമ്പോൾ പൂജാരയുടെ പിതാവ് നാട്ടിൽ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
‘മൂന്നു ദിവസത്തെ വിശ്രമം കിട്ടിയപ്പോൾ പരിക്കു ഭേദമാകുന്നതിനായി റൂമിൽ തന്നെ കഴിച്ചുകൂട്ടുകയാണ് പൂജാര ചെയ്തത്. പരിക്കിൽനിന്ന് ഏതുവിധേനയും മോചിതനാകാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. ഇതിനിടെയാണ് അവിചാരിതമായി ഒരു ഫോൺ സംഭാഷണം അദ്ദേഹത്തിന്‍റെ ശ്രദ്ധയിൽപെടുന്നത്. ഫിറ്റല്ലാത്തതിനാല്‍ അടുത്ത മത്സരത്തില്‍ പുജാരയെ കളിപ്പിക്കരുതെന്നായിരുന്നു ഫോണില്‍ പറഞ്ഞത്. വളരെ വേദനിപ്പിച്ച സംഭവമായിരുന്നു അതെങ്കിലും പൂജാരെ ആരോടും ഒന്നും പറഞ്ഞില്ല. പിതാവിന്റെ അസുഖവിവരവും അദ്ദേഹം ആരെയും അറിയിച്ചില്ല’ -പൂജ പുസ്തകത്തിൽ പറയുന്നു.
ഒരിക്കൽ പൂജാരയുടെ ജന്മദിനത്തിലാണ് യാദൃശ്ചികമായി ഇക്കാര്യം താൻ അറിയുന്നതെന്ന് പൂജ പറഞ്ഞു. ‘ഒരു യാത്ര കഴിഞ്ഞെത്തി ഉച്ചക്ക് രണ്ടരയോടെ ഞാനും പൂജാരയും കട്ടിലില്‍ ചാരിയിരുന്ന് വിശ്രമിക്കുന്നതിനിടെ സമൂഹമാധ്യമത്തിലെ ജന്മദിനാശംസകള്‍ വായിക്കുകയായിരുന്നു. അക്കൂട്ടത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു സന്ദേശം ശ്രദ്ധയിൽപെട്ടു. ഞാന്‍ അത് ചേതേശ്വറിന് ഉറക്കെ വായിച്ചു കേള്‍പ്പിച്ചു. എത്ര മനോഹരമായ സന്ദേശമെന്നും പറഞ്ഞു. ഈ സമയം പൂര്‍ണ നിശബ്ദതയായിരുന്നു. അദ്ദേഹം ഒരു വാക്കുപോലും പ്രതികരിച്ചില്ല, ചേതേശ്വറിന്റെ മുഖത്ത് ഒരു പ്രത്യേക ഭാവം മാത്രം. അമ്പരപ്പ് തോന്നിയ ഞാൻ, എന്താണ് കുഴപ്പം എന്ന് ചോദിച്ചു. ഒന്നുമില്ലെന്നായിരുന്നു മറുപടി. അവന്‍ എന്തോ മറച്ചുവെക്കുന്നത് പോലെ എനിക്ക് തോന്നി. എന്റെ ശല്യം സഹിക്കാനാകാതെ ഒടുവിൽ പൂജാര സംഭവം തുറന്നുപറഞ്ഞു. ഇപ്പോൾ നീ പുകഴ്ത്തിയ ആ വ്യക്തിയില്ലേ, അയാൾ ഓസീസ് പര്യടനത്തിനിടെ പരിക്കിന്റെ പേരിൽ എന്നെ ടീമിൽനിന്ന് പുറത്താക്കാൻ ശ്രമിച്ചയാളാണ് എന്നായിരുന്നു പൂജാരയുടെ മറുപടി’ -പൂജ പുസ്തകത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.