റാവൽപിണ്ടി: ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താനും ബംഗ്ലാദേശും തമ്മിലുള്ള ഗ്രൂപ്പ് എ മത്സരം ഒറ്റ പന്തുപോലും എറിയാതെ ഉപേക്ഷിച്ചു. സ്റ്റേഡിയത്തിൽ ശമനമില്ലാതെ മഴ തുടരുന്ന സാഹചര്യത്തിലാണ് മത്സരം ഉപേക്ഷിച്ചത്. ഇരുടീമുകളും ഓരോ പോയന്‍റു വീതം പങ്കിട്ടെടുക്കും. തുടർച്ചയായ രണ്ടാം മത്സരമാണ് റാവൽപിണ്ടിയിൽ മോശം കാലാവസ്ഥയെ തുടർന്ന് ഉപേക്ഷിക്കുന്നത്. നേരത്തെ ദക്ഷിണാഫ്രിക്കയും ആസ്ട്രേലിയയും തമ്മിലുള്ള മത്സരവും മഴമൂലം ഉപേക്ഷിച്ചിരുന്നു.
അതേസമയം ആതിഥേയരായ പാകിസ്താന് ചാമ്പ്യൻസ് ട്രോഫിയിൽ ആശ്വാസ ജയം നേടാമെന്ന പ്രതീക്ഷയാണ് മോശം കാലാവസ്ഥയിൽ പൊലിഞ്ഞത്. നേരത്തെ ന്യൂസിലൻഡിനോടും ഇന്ത്യയോടും തോറ്റ പാകിസ്താൻ, ബംഗ്ലാദേശ് ടീമുകൾ ടൂർണമെന്റിൽനിന്ന് പുറത്തായിരുന്നു. രണ്ട് വീതം ജയത്തോടെ ഇന്ത്യയും ന്യൂസിലൻഡും സെമി ബർത്ത് ഉറപ്പിച്ചിട്ടുണ്ട്. അപ്രസക്തമായ മത്സരമെങ്കിലും ആശ്വാസ ജയത്തോടെ ആരാധകരോഷം അൽപമെങ്കിലും ശമിപ്പിക്കാമെന്ന പാകിസ്താന്‍ ടീമിന്‍റെ പ്രതീക്ഷകൾക്ക് കരിനിഴയിൽ വീഴ്ത്തിയാണ് റാവൽപിണ്ടിയിൽ മഴ പെയ്തത്.
നിലവിലെ ചാമ്പ്യന്മാരായ പാകിസ്താന് ഒറ്റ ജയം പോലുമില്ലാതെ മടങ്ങുന്നത് വൻ തിരിച്ചടിയാകും. ബാബർ അസം ഉൾപ്പെടെയുള്ള താരങ്ങൾക്കു നേരെ ഇപ്പോൾ തന്നെ പ്രതിഷേധം ശക്തമാകുന്നുണ്ട്. ടീം മാനേജ്മെന്‍റിനെതിരെ മുൻ താരങ്ങടക്കം പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. അതേസമയം ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ഞായറാഴ്ച ഇന്ത്യ ന്യൂസിലൻഡിനെ നേരിടും. ഈ മത്സരത്തിൽ ജയിക്കുന്ന ടീം ഗ്രൂപ് ചാമ്പ്യന്മാരാകും. ഇതിനു ശേഷമാകും സെമിഫൈനൽ ലൈനപ് വ്യക്തമാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.