കോഹ്‍ലിക്കും ശ്രേയസിനും സെഞ്ച്വറി; കിവികളെ അടിച്ചുപറത്തി ഇന്ത്യ

മുംബൈ: മൂന്ന് റെക്കോഡുകൾ, രണ്ട് സെഞ്ച്വറികൾ, ഒരു അർധ സെഞ്ച്വറി... സംഭവബഹുലമായിരുന്നു ലോകകപ്പിലെ ഇന്ത്യ-ന്യൂസിലാൻഡ് സെമിഫൈനലിലെ ആതിഥേയരുടെ ബാറ്റിങ് വിരുന്ന്. 113 പന്തിൽ 117 റൺസടിച്ച് ഏകദിന ചരിത്രത്തിൽ 50 സെഞ്ച്വറി നേടുന്ന ആദ്യ താരമായും ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്ററായും ഇരട്ടനേട്ടം കൊയ്ത വിരാട് കോഹ്‍ലിയും ലോകകപ്പിൽ 50 സിക്സർ നേടുന്ന ആദ്യ താരമായി രോഹിത് ശർമയും റെക്കോഡ് പുസ്തകത്തിൽ ഇടം പിടിച്ച മത്സരത്തിൽ ഇന്ത്യ നിശ്ചിത ഓവറിൽ അടിച്ചുകൂട്ടിയത് നാല് വിക്കറ്റ് നഷ്ടത്തിൽ 397 റൺസാണ്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് വേണ്ടി സൂര്യകുമാർ യാദവൊഴികെ ബാറ്റെടുത്തവരെല്ലാം ന്യൂസിലാൻഡ് ബൗളർമാരെ അടിച്ചൊതുക്കുന്ന കാഴ്ചയായിരുന്നു മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ കണ്ടത്. കോഹ്‍ലിക്ക് പുറമെ ഒരിക്കൽ കൂടി ശ്രേയസ് അയ്യർ അതിവേഗ സെഞ്ച്വറിയുമായി നിറഞ്ഞുനിന്ന മത്സരത്തിൽ ശുഭ്മാൻ ഗിൽ അർധ സെഞ്ച്വറിയുമായി പുറത്താകാതെ നിൽക്കുകയും രോഹിത് ശർമ 29 പന്തിൽ 47ഉം കെ.എൽ രാഹുൽ 20 പന്തിൽ പുറത്താകാതെ 39ഉം റൺസുമായി തകർത്തടിക്കുകയും ചെയ്തതോടെയാണ് ഇന്ത്യൻ സ്കോർ നാനൂറിനടുത്തെത്തിയത്. ​70 പന്തിൽ എട്ട് സിക്സും നാല് ഫോറും സഹിതം 105 റൺസെടുത്ത ശ്രേയസിനെ ട്രെന്റ് ബോൾട്ടിന്റെ പന്തിൽ ഡാറിൽ മിച്ചലും 113 പന്തിൽ മൂന്ന് സിക്സും ഒമ്പത് ഫോറും സഹിതം 117 റൺസടിച്ച കോഹ്‍ലിയെ ടിം സൗത്തിയുടെ പന്തിൽ ഡെവോൺ കോൺവേയും പിടികൂടുകയായിരുന്നു.

ക്യാപ്റ്റൻ രോഹിത് ശർമയാണ് കൂറ്റനടികൾക്ക് തുടക്കം കുറിച്ചത്. ടിം സൗത്തിയുടെ പന്ത് സിക്സടിച്ച് അർധസെഞ്ച്വറി പൂർത്തിയാക്കാനുള്ള നായകന്റെ ശ്രമം പാളിയപ്പോൾ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ഏറെ ദൂരം പിന്നിലേക്കോടി മനോഹരമായി കൈയിലൊതുക്കുകയായിരുന്നു. തുടർന്നെത്തിയ കോഹ്‍ലിയും ശുഭ്മാൻ ഗില്ലും ചേർന്ന് കൂടുതൽ നഷ്ടങ്ങളില്ലാതെ ടീമിന്റെ സ്കോറുയർത്തി. എന്നാൽ, 65 പന്തിൽ 79 റൺസെടുത്തുനിൽക്കെ ഗില്ലിന് പരിക്ക് കാരണം തിരിച്ചുകയറേണ്ടി വന്നു. പകരമെത്തിയ ശ്രേയസ് അയ്യർ ഗിൽ നിർത്തിയിടത്തുനിന്നാണ് തുടങ്ങിയത്. ഇന്ത്യൻ ബാറ്റർമാരിൽ ന്യൂസിലാൻഡ് ബൗളിങ്ങിനെ ഏറ്റവും മാരകമായി നേരിട്ടതും ശ്രേയസ് ആയിരുന്നു. രണ്ടാം വിക്കറ്റിൽ കോഹ്‍ലി-ഗിൽ സഖ്യം 86 പന്തിൽ 93 റൺസ് നേടിയപ്പോൾ 128 പന്തിൽ 163 റൺസാണ് കോഹ്‍ലി-​ശ്രേയസ് സഖ്യം അടിച്ചുകൂട്ടിയത്. ഒരു റൺസെടുത്ത സൂര്യ കുമാർ യാദവ് പുറത്തായ ശേഷം തിരിച്ചെത്തിയ ശുഭ്മൻ ഗിൽ 60 പന്തിൽ മൂന്ന് സിക്സും എട്ട് ഫോറുമടക്കം 80 റൺസുമായും കെ.എൽ രാഹുൽ 20 പന്തിൽ രണ്ട് സിക്സും അഞ്ച് ഫോറുമടക്കം 39 റൺസുമായും പുറത്താകാതെനിന്നു.

ന്യൂസിലാൻഡിനായി ടിം സൗത്തി പത്തോവറിൽ 100 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ശേഷിച്ച വിക്കറ്റ് ട്രെന്റ് ബോൾട്ടിനായിരുന്നു. പത്തോവറിൽ 85 റൺസാണ് ബോൾട്ട് വഴങ്ങിയത്. 

Tags:    
News Summary - Centuries for Kohli and Shreyas; Huge score for India against New Zealand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.