ഏഷ്യ കപ്പ് ഗ്രൂപ്പ് റൗണ്ടിൽ ഇന്ത്യ പാകിസ്താൻ മത്സരത്തിന് മുമ്പ് ഹസ്തദാനം ചെയ്യാതെ നീങ്ങുന്ന ക്യാപ്റ്റൻമാർ

ഏഷ്യ കപ്പ് ഫൈനൽ ഇന്ന്: അദൃശ്യ ബഹിഷ്‍കരണവുമായി ബി.സി.സി​.ഐ

ദുബൈ: രണ്ടാഴ്ചക്കിടെ മൂന്നാം തവണ ഇന്ത്യയും പാകിസ്താനും ക്രിക്കറ്റ് ക്രീസിൽ മുഖാമുഖമെത്തുമ്പോൾ ആരാധക വിമർശന ഒഴിവാക്കാൻ ‘അദൃശ്യമായ’ ബഹിഷ്‍കരണവുമായി ബി.സി.സി.ഐ.

ഏഷ്യാകപ്പ് ട്വന്റി20 ക്രിക്കറ്റ് ഫൈനലിൽ ഞായറാഴ്ച രാത്രിയിൽ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുമ്പോൾ ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ശ്രദ്ധേയമാകുന്നത് ഗാലറിയിലെ ബി.സി.സി.ഐ പ്രതിനിധികളുടെ അസാന്നിധ്യമാകും. പഹൽഗാം ആക്രമണത്തിന്റെയും, തുടർന്നുള്ള ​ഇന്ത്യയുടെ ഓപറേഷൻ സിന്ദൂർ സൈനിക നടപടിയുടെയും ഫലമായി അയൽ രാജ്യവുമായുള്ള ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിൽ ക്രിക്കറ്റ് കളിയുമായി മുന്നോട്ട് പോകുന്ന ബി.സി.സി.ഐക്കെതിരെ വ്യാപക വിമർശനമാണ് എല്ലാ ദിക്കിൽ നിന്നു ഉയരുന്നത്. ഗ്രൂപ്പ് റൗണ്ടിലും, സൂപ്പർ ഫോറിലും ഇതിനകം ഇരു ടീമുകളും ഏറ്റുമുട്ടുകയും, രണ്ടാഴ്ചക്കിടെ മൂന്നാം തവണ മത്സരത്തിന് വഴിയൊരുങ്ങുകയും ചെയ്തതോടെ വിമർശനത്തിന് കൂടുതൽ മൂർച്ചയേറി. ഈ സാഹചര്യത്തിലാണ് ഗാലറിയിലെ സാന്നിധ്യം ഒഴിവാക്കി പ്രതിഷേധ ചൂട് കുറക്കാൻ ബി.സി.സി.​ഐ ശ്രമിക്കുന്നത്.

ബോർഡ് അംഗങ്ങളോ പ്രതിനിധികളോ കിരീടപ്പോരാട്ടത്തിന് ദൃസാക്ഷിയാവാൻ സ്റ്റേഡിയത്തിലെത്തില്ലെന്നാണ് റിപ്പോർട്ട്. വിവിധ ക്രിക്കറ്റ് ഗ്രൂപ്പുകളും, ആരാധക സംഘടനകളും രാഷ്ട്രീയ ​പാർട്ടികളും ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്താൻ മത്സരങ്ങൾ ബഹിഷ്‍കരിക്കണമെന്ന ആഹ്വാനവുമായി രംഗത്തെത്തിയിരുന്നു. മത്സരവുമായി മുന്നോട്ട് പോകാൻ ബി.സി.സി.ഐയും കേന്ദ്ര സർക്കാറും തീരുമാനിച്ചതോടെ വിമർശനം കൂടുതൽ ശക്തമായി.

ഈ വർഷം ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യയും പാകിസ്താനും ഇതേ വേദിയിൽ മത്സരിച്ചപ്പോൾ ഇന്ത്യൻ ടീമിന് പിന്തുണയുമായി ബി.സി.സി.ഐ ഭാരവാഹികളും, വിവിധ സംസ്ഥാന ​അസോസിയേഷൻ പ്രതിനിധികളും ഉൾപ്പെടെ വലിയ നിരതന്നെ എത്തിയിരുന്നു.

സെപ്റ്റംബർ 14ന് നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിനാണ് ജയിച്ചത്. സൂപ്പർ ഫോറിൽ ആറ് വിക്കറ്റിനും ജയിച്ചു. ടൂർണമെന്റിൽ ഒരു മത്സരത്തിൽ പോലും തോൽവി അറിയാതെയാണ് സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ സംഘം ഇന്നിറങ്ങുന്നത്. 

Tags:    
News Summary - BCCI set for ‘invisible boycott’ of Asia Cup title clash against Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.