ഏറ്റവും കൂടുതൽപേർ നേരിട്ട് കണ്ട കായിക വിശേഷം; ബി.സി.സി.ഐക്ക് ഗിന്നസ് റെക്കോർഡ്

ന്യൂഡൽഹി: ലോകത്ത് ഏറ്റവും കൂടുതൽപേർ നേരിട്ട് കണ്ട കായിക വിശേഷം സംഘടിപ്പിച്ച റെക്കോർഡ് ഇനിമുതൽ ബി.സി.സി.ഐക്ക്. അഹ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ നടന്ന 2022 ഐ.പി.എൽ ഫൈനലാണ് റെക്കോർഡിൽ ഇടംപിടിച്ചത്. ഗുജറാത്ത്-രാജസ്ഥാൻ ടീമുകളാണ് അന്ന് കലാശപ്പോരിൽ ഏറ്റുമുട്ടിയത്.

ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായാണ് റെക്കോർഡ് ഏറ്റുവാങ്ങിയത്. ഗിന്നസ് വേൾഡ് റെക്കോർഡ് നേടാനായത് അതീവ സന്തോഷകരവും അഭിമാനകരവുമാണെന്ന് ജയ് ഷാ ട്വീറ്റ് ചെയ്തു. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനു കീഴിലുള്ള സ്‌റ്റേഡിയത്തിൽ 2022 മേയ് 29നാണ് ഫൈനൽ മത്സരം നടന്നത്. 1,01,566 പേരാണ് നേരിട്ട് മത്സരം കണ്ടത്.


മൊട്ടേര സ്റ്റേഡിയം എന്ന പേരിൽ അറിയപ്പെട്ടിരുന്ന മൈതാനം നവീകരിച്ച ശേഷം 2021ലാണ് വീണ്ടും രാജ്യത്തിനു സമർപ്പിച്ചത്. സ്റ്റേഡിയത്തിന് പിന്നീട് നരേന്ദ്ര മോദിയുടെ പേരുനൽകുകയും ചെയ്തു. 1,10,000 പേർക്ക് ഒരുമിച്ചിരുന്ന് കളി കാണാനുള്ള സൗകര്യമുണ്ട് ഇവിടെ. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനം കൂടിയാണിത്. ഒരു ലക്ഷം പേർക്കിരിക്കാവുന്ന മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടാണ് രണ്ടാമത്തെ വലിയ സ്റ്റേഡിയം.

ഹര്‍ദിക് പാണ്ഡ്യ നയിച്ച ഗുജറാത്ത് കന്നി സീസണില്‍ ഹോം ഗ്രൗണ്ടില്‍ കിരീടം സ്വന്തമാക്കുകയും ചെയ്തു. സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്ത് 130 റണ്‍സാണ് നേടിയത്. ഗുജറാത്ത് 11 പന്ത് ബാക്കിനില്‍ക്കെ ഏഴു വിക്കറ്റിന് ലക്ഷ്യം മറികടക്കുകയും ചെയ്തു

Tags:    
News Summary - BCCI enter into Guinness Book of World Records for largest attendance at a T20 match during IPL 2022 final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.