അഡ്‍ലെയ്ഡ്: ട്വന്റി 20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ നിർണായക പോരിനൊരുങ്ങുകയാണ് ഇന്ത്യൻ ടീം. ഇതിന് മുന്നോടിയായുള്ള വാർത്ത സമ്മേളനത്തിൽ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വാക്കുകൾ ഇന്ത്യൻ ആരാധകരുടെ നെഞ്ചിടിപ്പിക്കുന്നതാണ്. തങ്ങള്‍ കപ്പ് നേടാന്‍ വന്നവരല്ലെന്നും എന്നാല്‍, കപ്പ് നേടാന്‍ വന്നവരുടെ വഴിമുടക്കാനായാല്‍ അത് വലിയ നേട്ടമാവുമെന്നും അദ്ദേഹം പ്രതികരിച്ചു.
''എല്ലാ മത്സരങ്ങളും ഞങ്ങൾക്ക് പ്രധാനമാണ്. ടീമുകൾക്കെതിരെ ഒരേ പ്രാധാന്യത്തോടെ കളിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഒരു എതിരാളിയിൽ മാത്രം ശ്രദ്ധിച്ചു കളിക്കാനാകില്ല. ഞങ്ങളുടെ പ്ലാനുകളിൽ ഉറച്ചുനിന്ന് മുന്നോട്ടു പോകും. ലോകകപ്പിൽ ഞങ്ങളുടെ താരങ്ങളുടെ സ്ട്രൈക്ക് റേറ്റില്‍ ആശങ്കപ്പെടുന്നില്ല. ടീമെന്ന നിലയിൽ സമ്പൂർണ പ്രകടനം നടത്താനാണ് ശ്രമിക്കുന്നത്. സൂപ്പർ 12ൽ ഞങ്ങൾക്ക് ബാക്കിയുള്ള രണ്ടു കളികളും മികച്ച രീതിയിൽ അവസാനിപ്പിക്കും. ഇന്ത്യക്കും പാകിസ്താനും എതിരെ വിജയിച്ചാൽ അത് അവർക്ക് വലിയ പ്രത്യാഘാതമാകും. രണ്ടു ടീമുകളും ഞങ്ങളേക്കാൾ ശക്തരാണ്. അത് ഞങ്ങളുടെ ദിനമാണെങ്കിൽ, നന്നായി കളിച്ചാൽ ജയിക്കാനാകും. അയർലൻഡും സിംബാബ്‍വെയുമൊക്കെ ഇംഗ്ലണ്ടിനെയും പാകിസ്താനെയും തോൽപിക്കുന്നത് നമ്മൾ കണ്ടുകഴിഞ്ഞു. ബംഗ്ലാദേശും അങ്ങനെ ചെയ്യുകയാണെങ്കിൽ എനിക്ക് സന്തോഷമാകും'', ഷാകിബ് പറഞ്ഞു.
''ഇന്ത്യൻ ടീം കളിക്കുന്നിടങ്ങളിലെല്ലാം ആരാധകർ നിറയുകയാണ്. അതുകൊണ്ടുതന്നെ ഇന്ത്യ–ബംഗ്ലാദേശ് പോരാട്ടത്തിലും ഗാലറി നിറയും. മത്സരത്തിൽ ഇന്ത്യയാണ് ഫേവറിറ്റുകള്‍. അവർ ലോകകപ്പ് ജയിക്കാൻ വേണ്ടിയാണ് ആസ്ട്രേലിയയിൽവന്നത്. എന്നാൽ, ഞങ്ങൾ അങ്ങനെയല്ല. സാഹചര്യങ്ങൾ നിങ്ങൾക്ക് മനസ്സിലാകും. ഞങ്ങൾ ഇന്ത്യയെ തോൽപിച്ചാൽ അത് അവർക്ക് വലിയ തിരിച്ചടിയാകും. അതിനായി ഞങ്ങൾ പരിശ്രമിക്കും'', ഷാക്കിബ് പ്രതികരിച്ചു.
ദക്ഷിണാഫ്രിക്കക്കെതിരെ തോല്‍വി വഴങ്ങിയതോടെ ലോകകപ്പില്‍ ഇനിയുള്ള മത്സരങ്ങള്‍ ഇന്ത്യക്ക് ഏറെ നിർണായകമാണ്. ഇന്ത്യയെ പോലെ രണ്ട് ജയവും ഒരു തോല്‍വിയുമായാണ് ബംഗ്ലാദേശ് നാളെ ഇന്ത്യക്കെതിരെ പോരിനിറങ്ങുന്നത്. ബംഗ്ലാദേശിനെയും സിംബാബ്‍വെയെയും തോൽപിച്ചാൽ ഇന്ത്യക്ക് സെമി ഉറപ്പിക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.