അവസാന പന്തുവരെ നാടകീയം; ഫ്രീഹിറ്റ് മുതലെടുക്കാനായില്ല; സിംബാബ്‌വെയെ മൂന്ന് റൺസിന് കീഴടക്കി ബംഗ്ലാദേശ്

ബ്രിസ്‌ബെയ്ന്‍: ട്വന്‍റി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ സിംബാബ്‌വെയെ മൂന്ന് റണ്‍സിന് തോൽപിച്ച് ബംഗ്ലാദേശ്. അവസാന പന്തുവരെ നീണ്ട ആവേശപോരിനൊടുവിലാണ് ബംഗ്ലാദേശ് ജയം സ്വന്തമാക്കിയത്. ജയത്തോടെ അവർ സെമി പ്രതീക്ഷകള്‍ സജീവമാക്കി.

വിജയലക്ഷ്യമായ 151 റണ്‍സ് പിന്തുടര്‍ന്ന സിംബാബ്‌വെക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. നാടകീയ നിമിഷങ്ങള്‍ക്കാണ് മത്സരം സാക്ഷ്യം വഹിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 150 റൺസെടുത്തത്.

ഓപ്പണർ നജ്മുൽ ഹുസൈന്റെ തകർപ്പൻ പ്രകടനമാണ് ബംഗ്ലാദേശിനു മികച്ച സ്കോർ സമ്മാനിച്ചത്. 55 പന്തുകളിൽനിന്ന് താരം ഏഴു ഫോറും ഒരു സിക്സും ഉൾപ്പെടെ 71 റൺസെടുത്തു. മധ്യനിരയിൽ ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസനും (20 പന്തിൽ 23), അഫിഫ് ഹുസൈനും (19 പന്തിൽ 29) തിളങ്ങി.

മറുപടി ബാറ്റിങ്ങിൽ സീൻ വില്യംസ് സിംബാബ്‍വെക്കായി അർധ സെഞ്ച്വറി നേടി. 42 പന്തുകൾ നേരിട്ട വില്യംസ് 64 റൺസെടുത്തു. മൂന്നു മുൻനിര ബാറ്റർമാർക്കും തിളങ്ങാനാകാതെ പോയതാണു ടീമിന് തിരിച്ചടിയായത്. വെസ്‍ലി മാധെവെരെ (നാല്), ക്രെയ്ഗ് ഇർവിൻ (എട്ട്), മിൽറ്റൻ ഷുംഭ (എട്ട്) എന്നിവർ വേഗത്തിൽ പുറത്തായി. റയാൻ ബേൾ 25 പന്തിൽ 27 റൺസെടുത്തു.

മൊസദക് ഹുസൈൻ എറിഞ്ഞ അവസാന ഓവറിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. 16 റൺസായിരുന്നു സിംബാബ്‍വെക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ പന്ത് റയാൻ ബേൾ ബൈ റൺ ഓടി. അടുത്ത പന്തിൽ രണ്ട് റൺസ് മാത്രമെടുത്ത ബ്രാ‍ഡ് ഇവാൻസ് പുറത്തായത് തിരിച്ചടിയായി.

തൊട്ടടുത്ത പന്തുകളിൽ ഒരു ഫോറും ഒരു സിക്സും നേടി റിച്ചഡ് നഗാവര സിംബാബ്‍വെയെ മത്സരത്തിലേക്കു തിരികെയെത്തിച്ചു. എന്നാൽ അടുത്ത പന്തിൽ നഗാവരെയെ ബംഗ്ലാദേശ് കീപ്പർ നൂറുൽ ഹസൻ സ്റ്റംപ് ചെയ്തു മടക്കി. ഇതോടെ ഒരു പന്തിൽ അഞ്ചു റൺസായി ല‍‍ക്ഷ‍്യം.

മൊസദക് ഹുസൈന്റെ അവസാന പന്ത് സിംബാബ്‍വെ ബാറ്റർ മുസരബാനിക്ക് ഒന്നും ചെയ്യാനായില്ല. ഇതോടെ ബംഗ്ലാദേശ് വിജയാഘോഷം തുടങ്ങി. എന്നാൽ റിപ്ലേയിൽ ബംഗ്ലാദേശ് കീപ്പര്‍ പന്തു പിടിച്ചെടുത്തതു വിക്കറ്റിനു മുന്നിൽനിന്നാണെന്നു കണ്ടെത്തി. നോബോളിൽ സിംബാബ്‍വെക്ക് ഒരു റൺ കൂടി കിട്ടി. ഗ്രൗണ്ട് വിട്ട താരങ്ങളെ അമ്പയർ വിളിച്ചു വരുത്തി.

എന്നാൽ, അവസാന പന്തിലെ ഫ്രീഹിറ്റിൽ മുസരബാനിക്ക് ലക്ഷ്യം കാണാൻ സാധിക്കാതെ പോയതോടെ ബംഗ്ലാദേശിന് മൂന്നു റൺസിന്‍റെ വിജയം.

Tags:    
News Summary - Bangladesh beat Zimbabwe in a thriller

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.