ന്യൂസിലൻഡ് മണ്ണിൽ ആദ്യ ട്വന്‍റി20 ജയവും സ്വന്തമാക്കി ബംഗ്ലാദേശ്; കടുവകളുടെ ജയം അഞ്ചു വിക്കറ്റിന്

നേപ്പിയര്‍: ഏകദിനത്തിനു പിന്നാലെ ന്യൂസിലൻഡ് മണ്ണിൽ ആദ്യ ട്വന്‍റി20 ജയവും സ്വന്തമാക്കി ബംഗ്ലാദേശ്. ട്വന്‍റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ അഞ്ചു വിക്കറ്റിനാണ് കീവീസിനെ കടുവകൾ തരിപ്പണമാക്കിയത്.

നേപ്പിയര്‍ മക്‌ലീന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിൽ ബംഗ്ലാദേശ് എട്ടു പന്തുകൾ ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 42 റണ്‍സുമായി പുറത്താവാതെ നിന്ന ലിറ്റണ്‍ ദാസാണ് സന്ദര്‍ശകരുടെ വിജയശിൽപി. ന്യൂസിലൻഡിനെതിരെ അവരുടെ നാട്ടിൽ ആദ്യമായാണ് ബംഗ്ലാദേശ് ട്വന്‍റി20 ജയിക്കുന്നത്.

ആദ്യത്തെ ഒമ്പത് പന്തിൽ തന്നെ മൂന്നു മുൻനിര ബാറ്റർമാരെ ആതിഥേയർക്ക് നഷ്ടമായത് തിരിച്ചടിയായി. ഫിൻ അലെൻ (ഒന്ന്), ടിം സീഫെർട്ട് (പൂജ്യം), ഗ്ലെൻ ഫിലിപ്സ് (പൂജ്യം) എന്നിവരാണ് പുറത്തായത്. 4.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിൽ 20 റൺസെന്ന പരിതാപകരമായ നിലയില്‍ ആയിരുന്നു ന്യൂസിലൻഡ്. ജെയിംസ് നീഷം-മിച്ചല്‍ സാന്‍റനര്‍ സഖ്യം കൂട്ടിചേര്‍ത്ത 41 റണ്‍സാണ് വന്‍ തകര്‍ച്ചയില്‍നിന്ന് അവരെ രക്ഷിച്ചത്. 29 പന്തിൽ 48 റൺസെടുത്ത നീഷമാണ് ടോപ് സ്കോറർ.

കടുവകൾക്കായി ഷോറിഫുൾ ഇസ്ലാം മൂന്നു വിക്കറ്റും മെഹദി ഹസൻ, മുസ്താഫിസുർ റഹ്മാൻ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ ബംഗ്ലാദേശിന് റോണി തലുക്ദര്‍ (10), നജ്മുല്‍ ഹുസൈന്‍ ഷാന്റോ (19) എന്നിവരെ തുടക്കത്തില്‍ നഷ്ടമായെങ്കിലും ദാസ് ഒരറ്റത്ത് ഉറച്ച് നിന്നു. സൗമ്യ സര്‍ക്കാര്‍ (22), തൗഹിദ് ഹൃദോയ് (19), അഫീഫ് ഹുസൈന്‍ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മെഹദി ഹസന്‍ (19) ദാസിനൊപ്പം പുറത്താവാതെ നിന്നു.

കീവീസിന് വേണ്ടി ടിം സൗത്തി, ആഡം മില്‍നെ, ജെയിംസ് നീഷം, ബെന്‍ സീര്‍സ്, മിച്ചല്‍ സാന്‍റനര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മൂന്നു മത്സരങ്ങളാണ് പരമ്പരയിലുള്ളത്. നേരത്തെ ഏകദിന പരമ്പര 2-1ന് ന്യൂസിലന്‍ഡ് സ്വന്തമാക്കിയിരുന്നു.

Tags:    
News Summary - Bangladesh beat New Zealand by 5 wickets in 1st T20I

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.