നോ​െമ്പടുത്ത്​​ 38 ഓവർ കളിക്കളത്തിൽ നിറഞ്ഞുനിന്നു; റിസ്‌വാന് നായകന്‍റെ കയ്യടി

സെഞ്ചൂറിയൻ: നോമ്പിന്‍റെ ക്ഷീണമൊക്കെ മറന്ന്​ 38 ഓവർ ടീമിനുവേണ്ടി കളിക്കളത്തിൽ നിറഞ്ഞുനിന്ന പാകിസ്​താൻ ക്രിക്കറ്റ്​ ടീം ഉപനായകൻ മുഹമ്മദ്​ റിസ്​വാനെ അഭിനന്ദിച്ച്​ നായകൻ ബാബർ അസം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ട്വന്‍റി20യിലാണ്​ ആദ്യം വിക്കറ്റ്​ കീപ്പറായും പിന്നീട്​ ബാറ്റ്​സ്​മാനായും റിസ്​വാൻ കളത്തിൽ നിറഞ്ഞത്​. മത്സരം പാകിസ്​താൻ വിജയിക്കുകയും ചെയ്​തു. ദക്ഷിണാഫ്രിക്ക ബാറ്റു ചെയ്യുമ്പോൾ 20 ഓവർ വിക്കറ്റ് കാത്തത്​ റിസ്‌വാൻ ആണ്​. തുടർന്ന് ഓപ്പണറായെത്തി അസമിനൊപ്പം 197 റൺസിന്‍റെ റെക്കോർഡ് കൂട്ടുകെട്ടിലും പങ്കാളിയായി.

'റിസ്‌വാനൊപ്പമുള്ള കൂട്ടുകെട്ട് മികച്ചതായിരുന്നു. ക്രിക്കറ്റിനോടുള്ള അദ്ദേഹത്തിന്‍റെ സമർപ്പണം അംഗീകരിക്കപ്പെടേണ്ടതാണ്​. നോമ്പെടുക്കുമ്പോൾ കളിക്കുന്നത്​ തന്നെ ബുദ്ധിമുട്ടായ സാഹചര്യത്തിലാണ്​ അദ്ദേഹം ആദ്യ ഇന്നിങ്സിലുടനീളം വിക്കറ്റ് കീപ്പറുടെ ജോലി ചെയ്തശേഷം തൊട്ടുപിന്നാലെ 18 ഓവർ തുടർച്ചയായി ബാറ്റു ചെയ്തത്' – അസം പറഞ്ഞു.

മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയത്​ 204 റൺസിന്‍റെ വിജയലക്ഷ്യമാണ്​. രണ്ട്​ ഓവർ ബാക്കി നിൽക്കേ അസമിന്‍റെ ശതകത്തിന്‍റെയും റിസ്‌വാന്‍റെ അർധശതകത്തിന്‍റെയും കരുത്തിൽ ഒരേയൊരു വിക്കറ്റ് നഷ്​ടത്തിൽ പാകിസ്​താൻ ജയിക്കുകയും ചെയ്​തു. അസം 59 പന്തിൽ 122 റൺസെടുത്ത് അവസാന നിമിഷമാണ്​ പുറത്തായത്​. റിസ്‌വാൻ 47 പന്തിൽ അഞ്ച് ഫോറും രണ്ടു സിക്​സും സഹിതം 73 റൺസുമായി പുറത്താകാതെ നിന്നു. നാലു മത്സരങ്ങളടങ്ങിയ പരമ്പരയിൽ പാകിസ്​താൻ 2–1ന് മുന്നിലാണ്​. ഇന്നാണ്​ നാലാം മത്സരം.

Tags:    
News Summary - Babar Azam hails Mohammad Rizwan after 3rd T20I win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.