ഇന്ത്യയും ദക്ഷിണാഫ്രിക്കയും പാകിസ്താനും സാധ്യത പങ്കിടുന്ന ഗ്രൂപ് രണ്ടിൽ ഒരു ടീമും യോഗ്യത ഉറപ്പാക്കിയില്ലെന്ന പോലെ ആതിഥേയരായ ആസ്ട്രേലിയ ഉൾപ്പെടുന്ന ഗ്രൂപ് ഒന്നിലും അനിശ്ചിതത്വം. വ്യാഴാഴ്ച ന്യൂസിലൻഡ്- ഇംഗ്ലണ്ട് മത്സരം മഴയെടുത്തതോടെയാണ് ഓസീസ് സ്വപ്നങ്ങൾക്കുമേൽ കരിനിഴൽ വീണത്. ഇന്ന് അഡ്ലെയ്ഡ് ഓവലിൽ അഫ്ഗാനിസ്താനെ വലിയ മാർജിനിൽ തോൽപിക്കുക മാത്രമല്ല, ശനിയാഴ്ച ശ്രീലങ്ക ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുക കൂടി വേണം. അതും മികച്ച റൺറേറ്റിന്. എന്നാൽ, റൺറേറ്റിൽ മുന്നിലുള്ള ഇംഗ്ലണ്ടിനു മുന്നിൽ ഇത്രയും കടുത്തതല്ല, നിബന്ധനകൾ.
കഴിഞ്ഞ കളിയിൽ അയർലൻഡിനെതിരെ 70 റൺസിനെങ്കിലും ജയിക്കുകയെന്ന ശ്രമകരമായ ഉത്തരവാദിത്വമായിരുന്നു ഓസീസിന്. എന്നാൽ, ലോർകൻ ടക്കർ നയിച്ച അയർലൻഡ് ബാറ്റിങ് പിടിച്ചുനിന്നതോടെ ആതിഥേയരുടെ ജയം 42 റൺസിലൊതുങ്ങി.
അഫ്ഗാനെതിരെ റാശിദ് ഖാനും മുജീബു റഹ്മാനും നയിക്കുന്ന സ്പിൻ ആക്രമണം ഭീഷണി ഉയർത്തുമ്പോൾ ജയം അനായാസമല്ലെന്ന് ക്യാപ്റ്റൻ ഫിഞ്ചിനറിയാം. പരിക്ക് വലക്കുന്ന ഫിഞ്ചും ടിം ഡേവിഡും ഇറങ്ങാനുള്ള സാധ്യതയും വിരളം. കഴിഞ്ഞ കളിയിൽ ഫിഞ്ച് അർധ സെഞ്ച്വറി നേടിയിരുന്നു. അതേ സമയം, ടീം ഏറെ പ്രതീക്ഷ വെക്കുന്ന ഡേവിഡ് വാർണർ മോശം ഫോമിൽ തുടരുന്നത് ടീമിനെ ആധിയിലാക്കുകയാണ്.
രണ്ടു കളികൾ തോൽക്കുകയും രണ്ടെണ്ണം മഴയിൽ ഒലിച്ചുപോകുകയും ചെയ്ത അഫ്ഗാൻ നിലവിൽ പുറത്തായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.