ഇംഗ്ലിഷ് ബാറ്റർ ഹാരി ബ്രൂക്ക് പുറത്തായപ്പോൾ

സ്റ്റാർക്കിന് 10 വിക്കറ്റ് നേട്ടം, ഇംഗ്ലണ്ട് 164ന് പുറത്ത്; ഓസീസിന് 205 റൺസ് വിജയലക്ഷ്യം

പെർത്ത്: ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ ആസ്ട്രേലിയക്ക് 205 റൺസ് വിജയലക്ഷ്യം. രണ്ടാം സെഷനിൽ ഒമ്പത് വിക്കറ്റുകൽ പിഴുത ഓസീസ് പേസർമാർ ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിങ്സ് 164ൽ അവസാനിപ്പിച്ചു. ആദ്യ ഇന്നിങ്സിൽ 40 റൺസിന്‍റെ ലീഡ് നേടിയിരുന്നു. 37 റൺസ് നേടിയ ഗസ് അറ്റ്കിൻസനാണ് സന്ദർശകരുടെ ടോപ് സ്കോറർ. മൂന്ന് വിക്കറ്റുകൾ കൂടി നേടിയ മിച്ചൽ സ്റ്റാർക് മത്സരത്തിലാകെ 10 വിക്കറ്റുകൾ തികച്ചു. രണ്ടാം ഇന്നിങ്സിൽ സ്കോട്ട് ബോളണ്ട് നാല് വിക്കറ്റുകൾ നേടി. സ്കോർ: ഇംഗ്ലണ്ട് -172 & 164, ആസ്ട്രേലിയ - 132.

രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇംഗ്ലണ്ടിന്‍റെ ആദ്യ വിക്കറ്റ് ഇന്നും സ്കോർ ബോർഡ് തുറക്കുംമുമ്പ് വീണു. കഴിഞ്ഞ ദിവസം ഏഴ് വിക്കറ്റ് വീഴ്ത്തിയ സ്റ്റാർക്ക് തന്നെ ഇത്തവണയും ഓസീസിനായി വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു. ആദ്യ ഓവറിലെ അഞ്ചാംപന്തിൽ ഒറ്റക്കൈയിൽ ഡൈവ് ചെയ്തെടുത്ത മനോഹര ക്യാച്ചിലൂടെയാണ് ക്രൗലിയെ കൂടാരം കയറ്റിയത്. പിന്നീടൊന്നിച്ച ബെൻ ഡക്കറ്റ് - ഒലി പോപ് സഖ്യം അർധ സെഞ്ച്വറി കൂടിടുകെട്ടൊരുക്കി.

സ്കോർ 65ൽ നിൽക്കേ ഡക്കറ്റിനെ (28) സ്മിത്തിന്‍റെ കൈകളിലെത്തിച്ച് സ്കോട്ട് ബോളണ്ടാണ് സഖ്യം തകർത്തത്. സ്കോർ 76ൽ നിൽക്കേ തുടർച്ചയായി മൂന്ന് വിക്കറ്റുകൾ വീണത് ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയായി. ഒലി പോപ് (33), ഹാരി ബ്രൂക് (0) എന്നിവരെ ഒരേ ഓവറിൽ ബോളണ്ട് പുറത്താക്കിയപ്പോൾ, തൊട്ടടുത്ത ഓവറിൽ ജോ റൂട്ടിനെ (8) ബൗൾഡാക്കി സ്റ്റാർക്കും ഇംഗ്ലിഷ് ക്യാമ്പിനെ ഞെട്ടിച്ചു.

ഏറെ വൈകാതെ ഇംഗ്ലിഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനെ (2) കൂടി പുറത്താക്കിയ സ്റ്റാർക് മത്സരത്തിലെ ആകെ വിക്കറ്റ് നേട്ടം പത്താക്കി ഉയർത്തി. ജേമി സ്മിത്ത് (15), ഗസ് അറ്റ്കിൻസൻ (37), ബ്രൈഡൻ കാഴ്സ് (20) എന്നിവരുടെ ഇന്നിങ്സാണ് ഇംഗ്ലണ്ടിന്‍റെ സ്കോർ 150 കടക്കാൻ സഹായിച്ചത്. ജോഫ്ര ആർച്ചർ അഞ്ച് റൺസുമായി കൂടാരം കയറിപ്പോൾ, നാല് റൺസ് നേടിയ മാർക്ക് വുഡ് പുറത്താകാതെ നിന്നു.

നേരത്തെ ഒമ്പതിന് 123 എന്ന നിലയിൽ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ആസ്ട്രേലിയക്ക് ഒമ്പത് റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ അവസാന വിക്കറ്റും നഷ്ടമായി. നാല് റൺസ് നേടിയ നേഥൻ ലിയോണിനെ ബ്രൈഡൻ കാഴ്സ്, ബെൻ ഡക്കറ്റിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. ഇതോടെ 132ന് ആതിഥേയരുടെ ഒന്നാമിന്നിങ്സ് അവസാനിച്ചു. മത്സരത്തിന്‍റെ ആദ്യദിനം ഇരുടീമുകളുടേതുമായി 19 വിക്കറ്റുകളാണ് വീണത്. ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 172 റൺസ് നേടി.

Tags:    
News Summary - Australia vs England Live Score Updates, 1st Ashes Test Day 2: 9 Wickets Fall In 2nd Session, Australia To Chase 205

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.