സ്പിന്നിനെ ചെറുത്ത് ഓസീസിന് ലീഡ്; വീണ വിക്കറ്റെല്ലാം ജദേജക്ക്

ഇൻഡോർ: സ്പിൻ ആക്രമണത്തെ ചെറുക്കാൻ പ്രതിരോധ മതിൽ പണിത് ആസ്ട്രേലിയൻ ബാറ്റർമാർ. ഒമ്പത് റൺസെടുത്ത ഓപണർ ട്രാവിസ് ഹെഡിനെ രവീന്ദ്ര ജദേജ ഉടൻ മടക്കിയെങ്കിലും സഹ ഓപണർ ഉസ്മാൻ ഖ്വാജയും വൺഡൗണായെത്തിയ മാർനസ് ലബൂഷെയ്നും ചേർന്ന് ശക്തമായി ചെറുത്തുനിന്നതോടെ ആസ്ട്രേലിയ ആദ്യ ദിനം തന്നെ 47 റൺസിന്റെ ലീഡ് നേടി. ആദ്യ ദിനം കളി നിർത്തുമ്പോൾ നാലിന് 156 എന്ന നിലയിലാണ് ഓസീസ്. നാല് വിക്കറ്റും വീഴ്ത്തിയത് രവീന്ദ്ര ജദേജയാണ്. 147 പന്ത് നേരിട്ട് 60 റൺസ് നേടിയ ഓപണർ ഉസ്മാൻ ഖ്വാജയും 91 പന്ത് നേരിട്ട് 31 റൺസ് മാത്രം നേടിയ മാർനസ് ലബൂഷെയ്നും 26 റൺസ് നേടിയ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തുമാണ് സന്ദർശകരെ ലീഡിലേക്ക് നയിച്ചത്. ഉസ്മാൻ ഖ്വാജയെ ജദേജ ശുഭ്മാൻ ഗില്ലിന്റെയും സ്മിത്തിനെ വിക്കറ്റ് കീപ്പർ ശ്രീകർ ഭരതിന്റെയും കൈകളിലെത്തിച്ചപ്പോൾ ലബൂഷെയ്നിന്റെ കുറ്റി തെറിപ്പിച്ചു.

ആസ്ട്രേലിയക്കെതിരെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ 109 റൺസിന് പുറത്തായിരുന്നു. മാത്യു കുനേമൻ, നഥാൻ ലിയോൺ എന്നിവരുടെ സ്പിൻ ആക്രമണമാണ് ഇന്ത്യൻ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്. കുനേമൻ അഞ്ചും ലിയോൺ മൂന്നും വിക്കറ്റെടുത്തപ്പോൾ ടോഡ് മർഫി ഒരു വിക്കറ്റെടുത്തു. 22 റൺസ് നേടിയ വിരാട് കോഹ്‍ലിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ.

കഴിഞ്ഞ മത്സരങ്ങളിൽ സമ്പൂർണ പരാജയമായ ഓപണർ ലോകേഷ് രാഹുലിന് പകരം ശുഭ്മാൻ ഗില്ലിനെ ഓപണറായി നിയോഗിച്ചാണ് ഇന്ത്യ ഇറങ്ങിയത്. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ഗില്ലിന് പക്ഷെ അധികം ആയുസുണ്ടായില്ല. 18 പന്തിൽ 21 റൺസെടുത്ത താരത്തെ ​മാത്യു കുനേമൻ സ്മിത്തിന്റെ കൈകളിലെത്തിച്ചു. ക്യാപ്റ്റൻ രോഹിത് ശർമയെ കുനേമനിന്റെ പന്തിൽ വിക്കറ്റ് കീപ്പർ പീറ്റർ കാരി സ്റ്റമ്പ് ചെയ്ത് പുറത്താക്കി. 12 റൺസായിരുന്നു രോഹിതിന്റെ സംഭാവന. ഒരു റൺസെടുത്ത ചേതേശ്വർ പൂജാരയുടെ കുറ്റി ലിയോൺ പിഴുതു. നാല് റൺസെടുത്ത രവീന്ദ്ര ജദേജയെ ലിയോൺ കുനേമന്റെ കൈകളിലെത്തിച്ചു.

റൺസെടുക്കും മുമ്പ് ശ്രേയസ് അയ്യ​രുടെ സ്റ്റമ്പിളക്കി കുനേമൻ വീണ്ടും പ്രഹരമേൽപിച്ചു. വിരാട് കോഹ്‍ലിയും ശ്രീകർ ഭരതും പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും അധികം ആയുസുണ്ടായില്ല. 22 റൺസെടുത്ത കോഹ്‍ലിയെ മർഫി വിക്കറ്റിന് മുമ്പിൽ കുടുക്കിയപ്പോൾ ഭരതിനെ ലിയോണും അതേ രീതിൽ പുറത്താക്കി. മൂന്ന് റൺസെടുത്ത അശ്വിനെയും 17 റൺസെടുത്ത ഉമേഷ് യാദവിനെയും കുനേമൻ മടക്കി. മുഹമ്മദ് സിറാജ് റൺസെടുക്കും മുമ്പ് റണ്ണൗട്ടായും മടങ്ങിയതോടെ ഇന്ത്യൻ ഇന്നിങ്സിന് വിരാമമായി. അക്സർ പട്ടേൽ 12 റൺസുമായി പുറത്താവാതെ നിന്നു.

Tags:    
News Summary - Australia leads against India; Four wickets for Jadeja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.