ദുബൈ: സെപ്റ്റംബർ 9 മുതൽ 28 വരെ നടക്കുന്ന ഏഷ്യ കപ്പിലെ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് മാറ്റമില്ല. മത്സരക്രമം ഔദ്യോഗികമായി പുറത്തുവിട്ട് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍. പാര്‍ലമെന്റില്‍ അടക്കം ഉയര്‍ന്ന വിമര്‍ശനങ്ങള്‍ തള്ളി മുന്നോട്ട് പോകാനാണ് തീരുമാനം.
സെപ്റ്റംബര്‍ 14ന് ദുബൈ ഇന്റർനാഷനൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യ - പാക് മത്സരം. ലെജന്‍ഡ്സ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യ -പാക് സെമി ഫൈനല്‍ മത്സരം ഉപേക്ഷിച്ചിരുന്നു. എ.സി.സി അധ്യക്ഷനും പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ മുഹ്‌സിന്‍ നഖ്‍വി എക്‌സിലൂടെയാണ് കഴിഞ്ഞ ആഴ്ചയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
അടുത്തവര്‍ഷം ടി20 ലോകകപ്പ് നടക്കുന്നതിനാല്‍ ഇത്തവണ ടി20 ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്റ്. ഇന്ത്യയുള്‍പ്പെടെ എട്ട് ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ദുബൈയിലും അബൂദബിയിലുമായാണ് മത്സരങ്ങള്‍ നടക്കുക. ഇന്ത്യ, പാകിസ്താന്‍ എന്നിവര്‍ക്ക് പുറമെ ശ്രീലങ്ക, അഫ്ഗാനിസ്താന്‍, ഒമാൻ, ബംഗ്ലാദേശ്, യു.എ.ഇ, ഒമാന്‍, ഹോങ്കോങ് എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. ആകെ 19 മത്സരങ്ങളാണുണ്ടാവുക. ഇന്ത്യയും പാകിസ്താനും യു.എ.ഇയും ഒമാനും ഒരേ ഗ്രൂപ്പിലാണ്. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, ഹോങ്കോങ് എന്നീ രാജ്യങ്ങള്‍ രണ്ടാമത്തെ ഗ്രൂപ്പിലും. ഓരോ ഗ്രൂപ്പില്‍നിന്നും രണ്ടു ടീമുകള്‍ സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടും.
സൂപ്പര്‍ ഫോറില്‍ ഓരോ ടീമും മറ്റ് മൂന്ന് ടീമുകളുമായി ഓരോ തവണ ഏറ്റുമുട്ടും. ഇതില്‍ മികച്ച രണ്ട് ടീമുകള്‍ ഫൈനലില്‍ കളിക്കും. ഇന്ത്യയും പാകിസ്ഥാനും മൂന്ന് തവണ നേര്‍ക്കുനേര്‍ വരാനുള്ള സാധ്യതയുണ്ട്. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിന് ശേഷം സൂപ്പര്‍ ഫോറിലേക്ക് ഇരു ടീമുകളും യോഗ്യത നേടിയാല്‍ അവിടെയും നേര്‍ക്കുനേര്‍ വരും. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇതുവരെ സംഭവിക്കാത്ത ഒരു ഇന്ത്യ-പാക് ഫൈനലിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരാണ് ഇന്ത്യ. അന്ന് ഏകദിന ഫോര്‍മാറ്റിലായിരുന്നു ടൂര്‍ണമെന്റ്. കൊളംബോയിൽ ശ്രീലങ്കയെ തോൽപിച്ചാണ് 2023ല്‍ ഇന്ത്യ കിരീടം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.