‘ശ്രീലങ്കൻ ക്രിക്കറ്റ്​ നശിക്കാൻ കാരണം ജയ്​ ഷായിൽനിന്നുള്ള സമ്മർദ്ദം’; ആരോപണവുമായി അർജുന രണതുംഗ

കൊളംബോ: ബിസിസിഐ സെക്രട്ടറി ജയ് ഷായ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുൻ ശ്രീലങ്കൻ ക്രിക്കറ്റ് ടീം നായകൻ അർജുന രണതുംഗ. ലങ്കൻ ക്രിക്കറ്റിന്റെ തകർച്ചയുടെ കാരണം ജയ് ഷായിൽനിന്നുള്ള സമ്മർദ്ദമാണെന്ന്​ രണതുംഗ ആരോപിച്ചു. ജയ് ഷായാണ് ലങ്കൻ ക്രിക്കറ്റിനെ നിയന്ത്രിക്കുന്നതെന്നും രണതുംഗ പറയുന്നു.

ശ്രീലങ്കൻ മാധ്യമമായ 'ഡെയ്‌ലി മിററിന്​' നൽകിയ അഭിമുഖത്തിലാണ്​ രണതുംഗയുടെ പ്രതികരണം. ‘ശ്രീലങ്കൻ ബോർഡ് ഉദ്യോഗസ്ഥരും ജയ് ഷായും തമ്മിലുള്ള ബന്ധം ഉപയോഗിച്ച് ലങ്കൻ ബോർഡിനെ ചവിട്ടിത്താഴ്ത്താമെന്നും നിയന്ത്രിക്കാമെന്നുമാണ് അവർ കരുതുന്നത്’– രണതുംഗ പറയുന്നു.

ഇന്ത്യയിൽനിന്നുള്ള ഒരാൾ വന്നാണ് ശ്രീലങ്കൻ ക്രിക്കറ്റിനെ നശിപ്പിക്കുന്നത്. ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയായ പിതാവ് കാരണം മാത്രമാണ് ജയ് ഷാ കരുത്തനായതെന്നും രണതുംഗ പറഞ്ഞു.ലങ്കൻ ക്രിക്കറ്റിനെ നിയന്ത്രിക്കുകയും ചവിട്ടിയരയ്ക്കുകയും ചെയ്യാമെന്ന വിചാരത്തിലാണ് ജയ് ഷാ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് വൃത്തങ്ങളുമായി ബന്ധമുണ്ടാക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ജയ് ഷായാണ് ശ്രീലങ്കൻ ക്രിക്കറ്റിനെ നിയന്ത്രിക്കുന്നത്. ജയ് ഷായുടെ സമ്മർദം കാരണം ലങ്കൻ ക്രിക്കറ്റ് ബോർഡ് നശിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.


ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ അംഗത്വം രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ റദ്ദാക്കിയിരുന്നു. ബോർഡ് പ്രവർത്തനങ്ങളിൽ ലങ്കൻ സർക്കാർ ഇടപെട്ടുവെന്നു ചൂണ്ടിക്കാട്ടിയാണ് ഐ.സി.സി നടപടി. ബോർഡ് പ്രവർത്തനത്തിൽ സർക്കാർ ഇടപെടൽ പാടില്ലെന്ന ചട്ടം ലംഘിച്ചെന്നാണ് ഐ.സി.സി കണ്ടെത്തൽ. ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തെ തുടർന്ന് ലങ്കൻ ക്രിക്കറ്റ് ബോർഡിനെ സർക്കാർ പിരിച്ചുവിട്ടിരുന്നു. പിന്നീട് അപ്പീൽ കോടതിയുടെ ഇടപെടലിൽ സമിതിയെ പുനഃസ്ഥാപിക്കുകയും ചെയ്തു. ഇതോടെയാണു രംഗം വഷളായത്. എസ്.എൽ.സി അംഗങ്ങൾ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു സർക്കാർ-പ്രതിപക്ഷ സമിതി സംയുക്ത പ്രസ്താവന പുറത്തിറക്കി.

ക്രിക്കറ്റ് ഭരണം സ്വതന്ത്രമാകണമെന്നും ഒരു തരത്തിലുമുള്ള സർക്കാർ ഇടപെടലുമുണ്ടാകരുതെന്നും ഐ.സി.സി ചട്ടമുണ്ട്. ഇത് ലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ കാര്യത്തിൽ ലംഘിക്കപ്പെട്ടെന്ന് ഐ.സി.സി പുറത്തിറക്കിയ വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. ലോകകപ്പിൽ ദയനീയ പ്രകടനം നടത്തിയ ലങ്ക പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 2025 ലെ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിനു യോഗ്യത നേടാനും ശ്രീലങ്കയ്ക്കു സാധിച്ചിരുന്നില്ല.

Tags:    
News Summary - 'Sri Lanka Cricket Is Being Ruined Because Of Pressure From Jay Shah': Arjuna Ranatunga Slams BCCI Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.