മുംബൈ: ചാമ്പ്യൻസ് ട്രോഫിയിൽ അവസാന നിമിഷമാണ് ‘മിസ്റ്ററി സ്പിന്നർ’ വരുൺ ചക്രവർത്തിയെ ഇന്ത്യൻ സ്ക്വാഡിൽ ഉൾപ്പെടുത്തുന്നത്. ഇംഗ്ലണ്ടിനെതിരായ ട്വന്‍റി20 പരമ്പര തുടങ്ങുന്നതുവരെ ഇന്ത്യന്‍ സെലക്ടര്‍മാരുടെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ വരുണിന്‍റെ പേരുണ്ടായിരുന്നില്ല.
എന്നാൽ, അഞ്ച് കളികളില്‍നിന്ന് 14 വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ടിനെ വട്ടംകറക്കിയ വരുണ്‍ പരമ്പരയുടെ താരമായി. ഇതോടെയാണ് ചാമ്പ്യൻസ് ട്രോഫി ടീമിലേക്ക് താരത്തിന് വഴിതുറക്കുന്നത്. ദുബൈയിലേക്ക് വിമാനം കയറുന്നതിന് ഏതാനും ദിവസം മുമ്പാണ് താരം തന്‍റെ ആദ്യ അന്താരാഷ്ട്ര ഏകദിന മത്സരം കളിച്ചത്. ഇംഗ്ലണ്ടിനെതിരെ ഒരു ഏകദിനം മാത്രം കളിച്ചതിന്‍റെ അനുഭവ പരിചയത്തിലാണ് ദുബൈയിലേക്ക് വിമാനം കയറിയത്. ആദ്യ ഇലവനില്‍ താരം അവസരം പോലും പ്രതീക്ഷിച്ചിരുന്നില്ല.
എന്നാൽ, സ്പിന്നിന് അനുകൂലമായ പിച്ചില്‍ പതിവുരീതിയില്‍നിന്ന് വ്യത്യസ്തമായി നാലു സ്പിന്നർമാരെ കളിപ്പിക്കാനുള്ള തീരുമാനമാണ് വരുണിന് അന്തിമ ഇലവനിൽ ഇടംനൽകിയത്. ടീം മാനേജ്മെന്‍റിന്‍റെ പ്രതീക്ഷ തെറ്റിച്ചില്ല. ഇന്ത്യയുടെ കീരിട നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് തമിഴ്‌നാട്ടുകാരനായ വരുണ്‍ ചക്രവര്‍ത്തിയാണ്. സെമിയും ഫൈനലുമടക്കം കളിച്ച മൂന്ന് മത്സരങ്ങളില്‍നിന്ന് ഒമ്പത് വിക്കറ്റുകളാണ് താരം കറക്കി വീഴ്ത്തിയത്. കിരീട നേട്ടത്തിന്‍റെ തിളക്കത്തിൽ നിൽക്കെെയാണ് താരം കരിയറിൽ നേരിട്ട മോശം അനുഭവത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുന്നത്. 2021ലെ ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യ നോക്കൗട്ടിലെത്താതെ പുറത്തായപ്പോൾ, ഒട്ടേറെ ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായി വരുൺ വെളിപ്പെടുത്തി.
ഇന്ത്യയിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന തരത്തിൽ ഭീഷണി സന്ദേശങ്ങൾ ലഭിച്ചു. വീട്ടിലേക്ക് മടങ്ങുമ്പോൾ ഏതാനും പേർ ബൈക്കിൽ പിന്തുടർന്നതായും പലപ്പോഴും ഒളിച്ചിരിക്കേണ്ടി വന്നതായും താരം യൂട്യൂബ് ചാനലിലെ അഭിമുഖത്തിൽ പറഞ്ഞു. ഐ.പി.എല്ലിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് താരം 2021ലെ ട്വന്‍റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെത്തുന്നത്. ഏറെ പ്രതീക്ഷയോടെ ടീമിലെത്തിയ വരുൺ തീർത്തും നിരാശപ്പെടുത്തി. ഒറ്റ വിക്കറ്റ് പോലും നേടാനായില്ല.
‘ജീവിതത്തിലെ ഏറ്റവും മോശം സമയമായിരുന്നു അത്. വലിയ പ്രതീക്ഷയോടെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയെങ്കിലും എനിക്ക് അതിനൊത്ത പ്രകടനം പുറത്തെടുക്കാനായില്ല. അതോടെ ഞാൻ വിഷാദത്തിലേക്ക് വീണു’ -വരുൺ പറഞ്ഞു. 2021ലെ ട്വന്‍റി20 ലോകകപ്പിനു ശേഷം തനിക്ക് നിരവധി ഭീഷണി സന്ദേശങ്ങൾ ലഭിച്ചു. ഇനി ഇന്ത്യയിലേക്ക് മടങ്ങിവരരുത്. വരാൻ ശ്രമിച്ചാലും നടക്കില്ലെന്നും ഭീഷണിയുണ്ടായി. ആളുകൾ വീടുപോലും നോട്ടമിട്ടു. തന്നെ പിന്തുടർന്നു. പലപ്പോഴും ഒളിച്ചിരിക്കേണ്ട ഗതികേടിലായിരുന്നെന്നും വരുൺ വിശദീകരിച്ചു.
‘വിമാനത്താവളത്തിൽനിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ, കുറച്ച് ആളുകൾ എന്നെ ബൈക്കിൽ പിന്തുടർന്നു. ഇതൊക്കെ സംഭവിക്കുമെന്ന് എനിക്കറിയാം. ആരാധകർ വൈകാരികമായി പ്രതികരിക്കുമെന്ന് ഞാൻ മനസ്സിലാക്കുന്നു’ -വരുൺ കൂട്ടിച്ചേർത്തു. ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ രണ്ടു മത്സരങ്ങളിൽ പുറത്തിരുന്ന വരുൺ, ന്യൂസീലൻഡിനെതിരായ ഗ്രൂപ്പ് മത്സരത്തിൽ അഞ്ച് വിക്കറ്റ് നേടിയാണ് വരവറിയിച്ചത്. സെമിയിൽ ആസ്ട്രേലിയക്കെതിരെയും ഫൈനലിൽ ന്യൂസീലൻഡിനെതിരെയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.