2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ്: കായികക്ഷമത ഉറപ്പാക്കാൻ പദ്ധതിയുമായി ബി.സി.സി.ഐ

മുംബൈ: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഏറ്റവും മികച്ച ടീമിനെ ഒരുക്കുകയെന്ന ലക്ഷ്യത്തോടെ കടുത്ത നടപടികളുമായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ). കളിക്കാരുടെ കായികക്ഷമത ഉറപ്പാക്കുകയും പരിക്കുകൾ തടയുകയും ചെയ്യുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി കളിക്കാരുടെ ജോലിഭാരം ക്രമീകരിക്കുകയും ഫിറ്റ്നസ് പരിശോധനകൾ നിർബന്ധമാക്കുകയും ചെയ്യും. പ്രധാന കളിക്കാരെ ഐ.പി.എല്ലിൽ പൂർണമായി കളിപ്പിക്കാതെ മാറ്റിനിർത്തുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.

കോച്ച് രാഹുൽ ദ്രാവിഡ്, ടീം ക്യാപ്റ്റൻ രോഹിത് ശർമ, ബി.സി.സി.ഐ പ്രസിഡന്റ് റോജർ ബിന്നി, സെക്രട്ടറി ജയ് ഷാ, നാഷനൽ ക്രിക്കറ്റ് അക്കാദമി മേധാവി വി.വി.എസ്. ലക്ഷ്മൺ, സെലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമ എന്നിവർ മുംബൈയിൽ യോഗം ചേർന്നാണ് 2023ലെ പദ്ധതികൾ ആസൂത്രണം ചെയ്തത്.

2022ലെ പ്രധാന അന്താരാഷ്ട്ര ടൂർണമെന്റുകളായ ഏഷ്യ കപ്പിലും ട്വന്റി20 ലോകകപ്പിലും കിരീടം നേടാൻ സാധിക്കാതിരുന്നത് അടക്കം കാര്യങ്ങൾ യോഗം വിശകലനം ചെയ്തു. ഇന്ത്യൻ താരങ്ങൾ നിരന്തരമായി പരിക്കിന്റെ പിടിയിലാകുന്ന സാഹചര്യം പരിഗണിച്ചാണ് ജോലിഭാരം ക്രമീകരിക്കുന്നതിനൊപ്പം ടീമിലേക്ക് തിരഞ്ഞെടുക്കും മുമ്പ് വിവിധ പരിശോധനകൾ നടത്താനും തീരുമാനിച്ചത്. ദേശീയ കരാറിലുള്ള കളിക്കാരുടെ ജോലിഭാരം ക്രമീകരിക്കാനുള്ള റോഡ് മാപ് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഇന്ത്യൻ പേസർമാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ദീപക് ചഹാർ, ഓൾറൗണ്ടർ രവീന്ദ്ര ജദേജ എന്നിവരെല്ലാം കഴിഞ്ഞ വർഷത്തിന്റെ ബഹുഭൂരിഭാഗം സമയവും പരിക്കിന്റെ പിടിയിലായിരുന്നു. അടുത്തിടെ അവസാനിച്ച ബംഗ്ലാദേശ് പര്യടനത്തിൽ നായകൻ രോഹിത് ശർമക്ക് അടക്കം പരിക്ക് കാരണം പരമ്പരക്കിടെ പിന്മാറേണ്ടിയും വന്നിരുന്നു. ഇവയെല്ലാം കണക്കിലെടുത്ത് പ്രധാനമായും മൂന്നു തീരുമാനങ്ങളാണ് യോഗത്തിൽ കൈക്കൊണ്ടത്.

1. ആഭ്യന്തര ടൂർണമെന്റുകളിൽ ഗണ്യമായ മത്സരങ്ങൾ കളിച്ച പുതുനിര താരങ്ങളെ മാത്രമേ ദേശീയ ടീമിലേക്ക് പരിഗണിക്കൂ.

2. നേരത്തേ ടീം തിരഞ്ഞെടുപ്പിന് പരിഗണിച്ചിരുന്ന യോ യോ ടെസ്റ്റ് തിരികെ കൊണ്ടുവരും. ഇതോടൊപ്പം അസ്ഥികളുടെ ബലപരിശോധന നടത്തുന്ന ഡെക്സ സ്കാൻ നടപ്പാക്കും.

3. കളിക്കാരുടെ ജോലിഭാരം ക്രമീകരിക്കാനും പരിക്ക് സാധ്യത കുറക്കാനും ലക്ഷ്യമിട്ട് ഐ.പി.എല്ലിൽ കളിക്കുന്ന താരങ്ങളുടെ ഫിറ്റ്നസ് നാഷനൽ ക്രിക്കറ്റ് അക്കാദമി (എൻ.സി.എ) മെഡിക്കൽ സംഘം നിരീക്ഷിക്കും.

അതേസമയം, ഏകദിന ലോകകപ്പിൽ ടീമിന്റെ ഭാഗമാകുമെന്നു പ്രതീക്ഷിക്കുന്ന പ്രധാന കളിക്കാരോട് ഐ.പി.എല്ലിൽനിന്ന് വിട്ടുനിൽക്കാൻ ബി.സി.സി.ഐ നിർദേശിക്കുമെന്ന റിപ്പോർട്ടുകളുമുണ്ട്. നിരന്തരം പരിക്കിന്റെ പിടിയിലാകുന്ന താരങ്ങൾ അടക്കമുള്ളവരോടാണ് ഇക്കാര്യം ആവശ്യപ്പെടുകയെന്ന് ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. ഐ.സി.സി ടൂർണമെന്റുകളിൽ കളിക്കാരുടെ ശ്രദ്ധ ഉറപ്പാക്കുകയാണ് ലക്ഷ്യം

Tags:    
News Summary - 2023 ODI Cricket World Cup: BCCI plans to ensure fitness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.