ന്യൂഡൽഹി: ഇനിയുമേറെ മുന്നേറാൻ ഊർജവും ആവേശവും ബാക്കിയേറെ നൽകി ഒരു കായിക വർഷം കൂടി പടിയിറങ്ങുന്നു. വനിതകൾ ലോകകിരീടം ചൂടിയും പുരുഷന്മാർ ചാമ്പ്യൻസ് ട്രോഫിയിൽ മുത്തമിട്ടും ക്രിക്കറ്റ് പുതുഉയരങ്ങൾ കുറിച്ച വർഷത്തിൽ അത്ലറ്റിക്സ്, ടെന്നിസ്, ബാഡ്മിന്റൺ തുടങ്ങി ഇതര മേഖലകളിലും ഇന്ത്യ കുറിച്ചത് വലിയ നേട്ടങ്ങൾ. ട്രാക്ക് ആൻഡ് ഫീൽഡിൽ ഇന്ത്യയുടെ ആകാശങ്ങൾക്ക് പുതുദൂരം നൽകിയ നീരജ് ചോപ്ര 90 മീറ്റർ കടമ്പ കടന്ന വർഷത്തിൽ വിവിധ മേഖലകളിലായി നിരവധി താരങ്ങളാണ് മികവിന്റെ മഹാപുരുഷന്മാരായത്.
ചാമ്പ്യൻസ് ട്രോഫി കലാശപ്പോരിൽ രോഹിത് ശർമ- വിരാട് കോഹ്ലി വെറ്ററൻ കൂട്ടുകെട്ടിന്റെ കരുത്തിൽ ന്യൂസിലൻഡിനെ തകർത്തുവിട്ട് നാലാം ഐ.സി.സി കിരീടമായിരുന്നു ടീം ഇന്ത്യ മാറോടുചേർത്തത്. 2013ൽ എം.എസ്. ധോണിയുടെ നായകത്വത്തിലാണ് അവസാനമായി ഇതേ കിരീടം രാജ്യത്തെത്തിയത്. കഴിഞ്ഞ വർഷം ട്വന്റി20 ലോകകപ്പിൽ മുത്തമിട്ട ടീമിന് ഇരട്ടിമധുരമായിരുന്നു ഈ വിജയം.
ഐ.പി.എല്ലിൽ 18 വർഷമായി ആരാധകരേറെയുള്ള ടീമായി വിലസുന്ന കോഹ്ലിയുടെ ആർ.സി.ബിക്ക് കന്നിക്കിരീടം ലഭിച്ചതും ചേർത്തുപറയാവുന്ന മറ്റൊന്ന്. 2008ൽ ഇന്ത്യൻ പ്രീമിയർ ലീഗിന് തുടക്കം കുറിക്കപ്പെട്ടതുമുതൽ മൂന്നുവട്ടം കിരീടത്തിനരികെയെത്തിയ ടീം അവസാനം പഞ്ചാബ് കിങ്സിനെ വീഴ്ത്തി അത് സ്വന്തമാക്കി. ഏഷ്യ കപ്പിൽ ഇന്ത്യ ഒമ്പതാം തവണ ചാമ്പ്യന്മാരായതായിരുന്നു മറ്റൊരു വിശേഷം. ബദ്ധവൈരികളായ പാകിസ്താനെയായിരുന്നു ഫൈനലിൽ ടീം മുട്ടുകുത്തിച്ചത്.
വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഹർമൻപ്രീത് കൗറും കൂട്ടരും കന്നിക്കിരീടം ഉയർത്തി ചരിത്രം കുറിച്ചതായിരുന്നു മറ്റൊരു വിശേഷം. അരനൂറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനു ശേഷമായിരുന്നു ആദ്യ ലോകചാമ്പ്യൻപട്ടം വനിതകളെ തേടിയെത്തിയത്. ഏറെയായി അകന്നുനിന്ന 90 മീറ്റർ കടമ്പ ദോഹ ഡയമണ്ട് ലീഗിലായിരുന്നു ചോപ്ര പിന്നിട്ടത് -90.23 മീറ്റർ. അതുകഴിഞ്ഞ് സ്വന്തം പേരിൽ ബംഗളൂരു ശ്രീകണ്ഠീരവ മൈതാനത്ത് നീരജ് ചോപ്ര ക്ലാസിക് നടത്തിയും താരം ഹീറോ ആയി.
ദിവ്യ ദേശ്മുഖ് എന്ന 19കാരി ലോക ചെസിൽ കരുക്കൾ നീക്കിക്കയറിയതും ലോകം ശ്രദ്ധിച്ചു. ഫിഡെ വനിത ലോകകപ്പിൽ കിരീടമുയർത്തിയായിരുന്നു ദേശ്മുഖ് ചതുരംഗക്കളത്തിലെ റാണിയായത്. ടൂർണമെന്റ് അവസാനിക്കുമ്പോഴേക്ക് താരം ഗ്രാൻഡ് മാസ്റ്റർ പദവിയും സ്വന്തമാക്കി.
ബാഡ്മിന്റണിൽ പി.വി. സിന്ധു പിന്നാക്കം നിന്നപ്പോൾ ലക്ഷ്യ സെൻ കരിയറിലാദ്യമായി ആസ്ട്രേലിയൻ ഓപണിൽ ചാമ്പ്യനായി. ഹോക്കിയിൽ ടീം ഇന്ത്യ ഏഷ്യൻ ചാമ്പ്യന്മാരായതായിരുന്നു സുപ്രധാനമായ മറ്റൊന്ന്. എട്ടുവർഷത്തെ ഇടവേള അവസാനിപ്പിച്ചായിരുന്നു ടീം ഇന്ത്യയുടെ കിരീടനേട്ടം.
ഫുട്ബാളിൽ ബാലൻ ദി ഓറും ഫിഫ താര പദവിയും തേടിയെത്തിയ ഉസ്മാൻ ഡെംബലെയെ കൂട്ടി പാരിസ് സെന്റ് ജെർമയിൻ യുവേഫ ചാമ്പ്യൻസ് ലീഗിൽ കന്നിക്കിരീടം ചൂടിയ വർഷത്തിൽ പക്ഷേ, ഇന്ത്യക്ക് അഭിമാനിക്കാനേറെയില്ല.
അത്ലറ്റിക്സിൽ സമാനതകളില്ലാത്ത മികവുമായി അമേരിക്ക ഒന്നാം സ്ഥാനത്ത് തുടരുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിൽ ഇത്തവണ ഇന്ത്യ മെഡലൊന്നും നേടാതെ മടങ്ങി.
അവസാനം ദ്യോകോയും ചിത്രത്തിൽനിന്ന് മടങ്ങി കാർലോസ് അൽകാരസ്- ജാനിക് സിന്നർ ദ്വയം മാത്രമായി ചുരുങ്ങിയ ടെന്നിസിൽ ഇന്ത്യക്ക് പറയത്തക്ക നേട്ടങ്ങളുണ്ടായില്ല.
ഇന്ത്യയിൽ സൂപ്പർ താരം ലയണൽ മെസ്സിയുടെ ‘ഗോട്ട് ടൂർ’ ആയിരുന്നു രാജ്യത്ത് ഏറെ ആഘോഷം പകർന്ന മറ്റൊന്ന്. കേരളത്തിലെത്തുമെന്നും കലൂർ മൈതാനത്ത് പന്തുതട്ടുമെന്നുമായിരുന്നു മലയാളി ആദ്യമറിഞ്ഞ വാർത്തയെങ്കിലും ഇന്ത്യയിൽ കാൽപന്തിന്റെ നഗരമായ കൊൽക്കത്തയിൽ തുടങ്ങി ഗുജറാത്തിൽ വരെ സന്ദർശിച്ചായിരുന്നു ലയണൽ മെസ്സിയുടെ മടക്കം. കൂടെ അർജന്റീന ടീമിലെ പ്രമുഖരുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.