മകനെ ഇടിച്ചു​കൊന്ന കാർ പിതാവ്​ കണ്ടെത്തി; എട്ട്​ വർഷത്തിനുശേഷം കേസിൽ പുനരന്വേഷണം

ഗുഡ്​ഗാവ്​: ജിതേന്ദർ ചൗധരിയെന്ന പിതാവിന്‍റെ എട്ട്​ വർഷം നീണ്ട പോരാട്ടം ഫലം കണ്ടു. മകനെ ഇടിച്ചുകൊന്ന കാറുടമയ്​ക്കെതിരേയും കേസിൽ കൃത്യമായ അന്വേഷണം നടത്താത്ത നിയമപാലന സംവിധാനത്തിനുമെതിരായിരുന്നു ആ പിതാവിന്‍റെ പോരാട്ടം. അവസാനം കണ്ണുതുറന്ന നീതിദേവതയിൽ വിശ്വാസമർപ്പിച്ച്​ കാത്തിരിക്കുകയാണ്​ ജിതേന്ദർ ചൗധരി.

എല്ലാം തുടങ്ങുന്നത്​ 2015ൽ

2015 ജൂണിൽ സെക്ടർ 57 റെയിൽവെ വിഹാറിലാണ്​ ജിതേന്ദറിന്‍റെ ജീവിതംതന്നെ മാറ്റിമറിച്ച അപകടം നടക്കുന്നത്​. തന്‍റെ മകൻ അമിത്​ ചൗധരി (15) അപകടത്തിലപ്പെട്ടു എന്ന വാർത്തയറിഞ്ഞ് ആശുപത്രിയിലേക്ക്​​ പാഞ്ഞെത്തിയ ജിതേന്ദറിന്​ ലഭിക്കുന്നത്​ തീർത്തും അവ്യക്​തമായ വിവരങ്ങളായിരുന്നു. അപകട സ്ഥലത്തുനിന്നും ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് അമിത്​ ചൗധരി മരിക്കുന്നത്​.​ ഇടിച്ച വാഹനം നിർത്താതെ പോയെന്നും കണ്ടെത്താനായില്ലെന്നും പറഞ്ഞ്​ പൊലീസ്​ കയ്യൊഴിഞ്ഞു. തുടർന്ന്​ അപകട സ്ഥലം പരിശോധിച്ച ജിതേന്ദറിന്​ കിട്ടിയത്​ ഒരു കാറിന്‍റെ രണ്ട്​ ഭാഗങ്ങളായിരുന്നു. കാറിൽനിന്ന് ഒടിഞ്ഞുവീണ സൈഡ് മിററും ചെറിയൊരു ലോഹക്കഷണവും ആയിരുന്നു അത്​. 

അന്വേഷണം സ്വന്തം നിലയിൽ

മകനെ ഇടിച്ചുകൊന്ന കാറിനു വേണ്ടിയുള്ള അന്വേഷണം ജിതേന്ദർ ചൗധരി ആരംഭിച്ചിട്ട് 2023ൽ​ എട്ട്​ വർഷമാവുകയാണ്​. അപകടം നടന്ന അന്നുതന്നെ പൊലീസ്​ എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്​തെങ്കിലും അന്വേഷണം എങ്ങും എത്തിയില്ല. തുടർന്ന്​ തനിക്ക് ലഭിച്ച​ കാറിന്റെ ഭാഗങ്ങൾ വച്ച്​ വാഹനം കണ്ടെത്താനായിരുന്നു ആദ്യം ജിതേന്ദർ ശ്രമിച്ചത്​. പൊലീസുകാർ ചെയ്യാറുള്ള രീതി തന്നെയാണ്​ ഇതിനായി ഉപയോഗിച്ചത്​. വാഹന ഭാഗങ്ങൾ അടുത്തുള്ള വർക്ക്‌ഷോപ്പുകളിലും സർവീസ് സെന്‍ററുകളിലും കാണിച്ച്, ഇങ്ങനെയൊരു കാർ എവിടെയെങ്കിലും കൊണ്ടുവന്നിട്ടുണ്ടോ എന്നായിരുന്നു ആദ്യത്തെ പരിശോധന. എന്നാൽ, ഇതുകൊണ്ട് വലിയ പ്രയോജനമൊന്നുമുണ്ടായില്ല.

അമിത്​ ചൗധരി, ജിതേന്ദർ ചൗധരി

വഴിത്തിരിവ്

രണ്ട്​ വാഹന ഭാഗങ്ങളിൽ ഒന്നായ സൈഡ് മിറർ മാരുതി സുസുകി സ്വിഫ്റ്റ് വിഡിഐയുടേതാണെന്ന് ഒരു മെക്കാനിക്ക് ജിതേന്ദറിന്​ കൃത്യമായി പറഞ്ഞുകൊടുത്തതാണ്​ സംഭവത്തിൽ വഴിത്തിരിവായത്​. ഇതോടെ ജിതേന്ദർ സഹായത്തിന് മാരുതി കമ്പനിയെ സമീപിച്ചു. മാസങ്ങളുടെ കാലതാമസമുണ്ടായെങ്കിലും, മിററിൽ പ്രിന്‍റ് ചെയ്തിരുന്ന ബാച്ച് നമ്പർ ഉപയോഗിച്ച് കാറിന്‍റെ രജിസ്ട്രേഷൻ നമ്പറും അതിന്‍റെ ഉടമയെയും കണ്ടെത്താൻ കമ്പനി സഹായിച്ചു.

പൊലീസ്​ അനാസ്ഥ

ജിതേന്ദർ തനിക്ക്​ ലഭിച്ച വിവരങ്ങൾ പൊലീസിന്​ കൈമാറിയിട്ടും പക്ഷേ, പ്രതിയെ പിടിക്കാൻ നിയമപാലകർക്കായില്ല. അവരതിന്​ വലിയ താത്​പ്പര്യമൊന്നും കാട്ടിയില്ല എന്നതാണ്​ സത്യം. ഇതെത്തുടർന്ന് 2016ൽ, സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിടണമെന്ന ആവശ്യവുമായി ജിതേന്ദർ മജിസ്ട്രേറ്റ് കോടതിയിലേക്ക് പോയി. എന്നാൽ പ്രതിയെ കണ്ടെത്താൻ സാധിക്കുന്നില്ലെന്ന പൊലീസ് റിപ്പോർട്ട് കോടതി അംഗീകരിച്ചതോടെ ആ പ്രതീക്ഷയും അസ്തമിച്ചു.

പോരാട്ടം തുടരുന്നു

2018ൽ ജിതേന്ദർ വീണ്ടും കോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളിപ്പോയി. ഇതിനെതിരേ സെഷൻസ് കോടതിയിൽ അപ്പീൽ നൽകിയെങ്കിലും അതും തള്ളി. മകനെ ഇടിച്ച കാറിന്‍റെ ഉടമയ്ക്കെതിരേ നടപടി ആവശ്യപ്പെട്ട് 2023 ജനുവരിയിൽ വീണ്ടും കോടതിയിലേക്ക്. പരാതിക്കാരന് നോട്ടീസ് നൽകാതെ, പ്രതിയെ കണ്ടെത്താനായില്ലെന്ന പൊലീസ് റിപ്പോർട്ട് അംഗീകരിച്ചത്​ നിയമവിരുദ്ധമാണെന്ന് ഇക്കുറി വിധിയുണ്ടായി. പൊലീസിൽ വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചതെന്ന നിരീക്ഷണവും വന്നു.

ഒടുവിൽ വിധി വരുന്നു

തുടർന്ന് 2023 ഓഗസ്റ്റിൽ പൊലീസ് ഒരു റിപ്പോർട്ട് കൂടി സമർപ്പിച്ചു. അന്വേഷണോദ്യോഗസ്ഥൻ സ്ഥലത്തില്ല എന്നു മാത്രമാണ് അതിൽ പറഞ്ഞിരുന്നത്. ഇതു പൊലീസിന്‍റെ അനാസ്ഥയായി കണക്കാക്കിയ കോടതി, ബോധപൂർവം കേസ് അന്വേഷിക്കാതിരിക്കുകയാണ് പൊലീസ് ചെയ്തതെന്നും അത് തെളിവ് നശിപ്പിക്കലാണെന്നുമുള്ള നിഗമനത്തിലെത്തി. ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ വകുപ്പ് തല അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു. ഒടുവിൽ, ഒരാഴ്ച മുൻപ് ഗ്യാൻ ചന്ദ് എന്ന പ്രതിക്കെതിരേ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കോടതി ഉത്തരവ് പ്രകാരം കേസിൽ പുനരന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. തന്‍റെ പതിറ്റാ​ണ്ടോളം നീണ്ട പോരാട്ടത്തിനൊടുവിൽ കുറ്റവാളിയെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് ജിതേന്ദർ ചൗധരി.

Tags:    
News Summary - Gurgaon: Dad tracks down car that killed son; case reopened 8 years on

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.