'ഞാനവളെ ചുമന്നത് ഗർഭപാത്രത്തിലല്ല, എന്റെ ഹൃദയത്തിലാണ്'; അവളിപ്പോൾ വളർന്നു സുന്ദരിയായി -മകളെ കുറിച്ച് പെറ്റമ്മക്ക് ​പോറ്റമ്മയെഴുതിയ കുറിപ്പ് വൈറൽ

വളർത്തുമകളെ കുറിച്ച് ഒരമ്മ, അവളുടെ പെറ്റമ്മയ്ക്ക് എഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലാണിപ്പോൾ. മകളായ ആമിയാണ് വളർത്തമ്മയുടെ കുറിപ്പ് ട്വിറ്ററിൽ പങ്കുവെച്ചത്.

​​''ആമി 19 ലേക്ക് കടന്നിരിക്കുന്നു. അവൾ ബിരുദം പൂർത്തിയാക്കി. ഡ്രൈവിങ് ലൈസൻസുമുണ്ട്. സുന്ദരിയും ബുദ്ധിമതിയുമായ പെൺകുട്ടിയായി വളർന്നിരിക്കുന്നു ഇന്നവൾ. തീരുമാനങ്ങൾ സ്വയം എടുക്കാൻ പ്രാപ്തിയുണ്ട്. അവൾ എപ്പോഴെങ്കിലും നിങ്ങളെ അന്വേഷിക്കാൻ തീരുമാനിച്ചാൽ, ഇക്കണ്ട കാലമത്രയും അവളുടെ പെറ്റമ്മയായ നിങ്ങളും എന്റെ പ്രാർഥനയിലുണ്ടായിരുന്നു എന്ന കാര്യം നിങ്ങൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവൾ ഞങ്ങൾക്ക് ലഭിച്ച സന്തോഷമാണ്. അവളുടെ സൗന്ദര്യവും ബുദ്ധിയും ഞങ്ങളെ ആനന്ദിപ്പിക്കുന്നു.''-എന്നാണ് കുറിപ്പിലുള്ളത്.

ആമിയുടെ രക്ഷിതാക്കൾ ആദ്യം ഒരു ആൺകുട്ടിയെ ആണ് ദത്തെടുത്തത്. അവന് ടിം എന്ന് പേരിട്ടു. അവന് മൂന്ന് വയസ് പ്രായമായപ്പോൾ അവർ ആമിയെ ദത്തെടുത്തു. അന്ന് കുഞ്ഞിനെ കൈമാറുമ്പോൾ ആമിയുടെ പെറ്റമ്മ അനുഭവിച്ച വേദന​ എന്തായിരിക്കുമെന്ന് താൻ എല്ലായ്പോഴും ചിന്തിച്ചിരുന്നുവെന്നും കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്. അവളെ ഞങ്ങൾക്ക് ദത്ത് നൽകാൻ തയാറായത് ഒട്ടും സ്വാർഥതയില്ലാത്ത നിങ്ങളുടെ നല്ല മനസിനെയാണ് സൂചിപ്പിക്കുന്നത്. അക്കാര്യത്തിൽ ഞങ്ങളെന്നും നിങ്ങളോട് കടപ്പെട്ടിരിക്കും. അവൾ ഞങ്ങൾക്ക് നൽകിയ സ്നേഹവും സന്തോഷവും എക്കാലവും ഓർമയിലുണ്ടാകും.-കത്ത് തുടരുന്നു.

ഇതു വരെ ശ്രദ്ധയിൽ പെടാത്ത എന്റെ ദത്തെടുക്കൽ രേഖകൾ കണ്ടപ്പോൾ....ഇതെന്റെ വളർത്തമ്മ പെറ്റമ്മയ്ക്ക് എഴുതിയ കുറിപ്പാണ്.-എന്ന കാപ്ഷനോടെയാണ് ആമി ട്വിറ്ററിൽകുറിപ്പ് പങ്കുവെച്ചത്. കുട്ടിക്കാലത്ത് അമ്മക്കും സഹോദരനുമൊപ്പമിരിക്കുന്ന ഫോട്ടോയും ആമി പങ്കുവെച്ചിട്ടുണ്ട്. ''എന്റെ അമ്മയെ കുറിച്ച് നിങ്ങളോട് പറയണമെന്ന് തോന്നി. കുട്ടിക്കാലത്ത് അമ്മ എന്നോട് പറയുമായിരുന്നു നിന്നെ എന്റെ ഗർഭപാത്രത്തിലല്ല, ഹൃദയത്തിലാണ് ഞാൻ ചുമന്നത് എന്ന്. അമ്മ അടിയുറച്ച ക്രിസ്ത്യൻ വിശ്വാസിയായിരുന്നു. ശരിക്കും ഒരു മാലാഖ. ''-എന്നു പറഞ്ഞാണ് ഫോട്ടോ പങ്കുവെച്ചത്.

നിങ്ങളുടെ അമ്മയൊരു മാലാഖയാണ്. അവരെ ദൈവം അനുഗ്രഹിക്കട്ടെ...എന്നാണ് ​ട്വിറ്ററിൽ കുറിപ്പിന് ഒരാൾ പ്രതികരിച്ചത്.

Tags:    
News Summary - Woman shares heartfelt letter her adopted mom had written to her biological mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.