19കാരിക്ക് 1,765 കോടി രൂപ ലോട്ടറിയടിച്ചു; പക്ഷെ പണം കിട്ടില്ലെന്നറിഞ്ഞ് ഞെട്ടി

182 മില്യൺ പൗണ്ട് (1,765 കോടി രൂപ) യൂറോ മില്യൺ ജാക്ക്‌പോട്ട് അടിച്ചതിന്റെ അമ്പരപ്പിലും സന്തോഷത്തിലുമായിരുന്നു 19കാരിയായ റെയ്ച്ചൽ കെന്നഡിയും ലിയാം മക്രോഹനും. സ്ഥിരമായി ലോട്ടറിയെടുക്കുന്ന റെയ്ച്ചൽ താനെടുത്ത നമ്പറിന് ഒന്നാം സമ്മാനം ലഭിച്ചെന്ന് അറിഞ്ഞതോടെ സന്തോഷം കൊണ്ട് തുള്ളിച്ചാടി. എന്നാലിപ്പോൾ, ലോട്ടറിയടിച്ച പണം തങ്ങൾക്ക് കിട്ടില്ലെന്ന് അറിഞ്ഞതിന്റെ ഞെട്ടലിലും നിരാശയിലുമാണവൾ.

യുകെയിലെ ഹെർട്ട്ഫോർഡ്ഷയർ സ്വദേശിനിയായ റെയ്ച്ചൽ ബ്രൈറ്റൺ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനിയാണ്. എല്ലാ ആഴ്ചയും ലോട്ടറിയെടുക്കുന്ന റെയ്ച്ചൽ ഒരേ നമ്പറാണ് തിരഞ്ഞെടുക്കാറ്. ഫലം വന്നപ്പോൾ അതേ നമ്പറിന് ഒന്നാം സ്ഥാനമടിച്ചു. "ഞാൻ ആപ്പ് സന്ദർശിച്ചു, അതിൽ 'വിന്നിങ് മാച്ച്' എന്ന് എഴുതിയിരുന്നു, 'ദൈവമേ, ഞാൻ വിജയിച്ചു' എന്ന് ഞാൻ കരുതി. പിന്നാലെ എന്റെ ബോയ്ഫ്രണ്ട് ലിയാമിനെയും എന്റെ അമ്മയെയും വിളിച്ചു, അവർക്കും അത് വിശ്വസിക്കാനായില്ല’’,  -റേച്ചൽ ദ സണിനോട് പറഞ്ഞു.

എന്നാൽ, തൊട്ടുപിന്നാലെ ലോട്ടറിയടിച്ച തുക തനിക്ക് ലഭിക്കില്ലെന്ന സത്യം റെയ്ച്ചൽ മനസിലാക്കി. അതിനൊരു കാരണവുമുണ്ട്. ലോട്ടറിയെടുക്കുമ്പോൾ അതിനുള്ള പണം റെയ്ച്ചലിന്റെ അക്കൗണ്ടിൽ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ വിജയിച്ച നമ്പറുള്ള ടിക്കറ്റ് അവൾക്ക് സ്വന്തമായിരുന്നുമില്ല.

‘‘182 മില്യൺ പൗണ്ട് നേടിയെന്ന് കരുതി ഞാൻ ആപ്പിലുള്ള നമ്പറിലേക്ക് വിളിച്ചു, അവർ പറഞ്ഞു, 'അതെ നിങ്ങൾക്ക് ശരിയായ നമ്പറുകൾ ലഭിച്ചു, പക്ഷേ ടിക്കറ്റ് പേയ്‌മെന്റിനായി നിങ്ങളുടെ അക്കൗണ്ടിൽ പണമില്ലായിരുന്നു. വിജയിച്ചുവെന്ന് കരുതിയപ്പോൾ ഞാൻ എല്ലാം മറന്നുള്ള സന്തോഷത്തിലായിരുന്നു, പക്ഷേ പണം ലഭിക്കില്ലെന്നറിഞ്ഞപ്പോൾ, യഥാർത്ഥത്തിൽ ലിയാം എന്നെക്കാൾ അസ്വസ്ഥനായിരുന്നു’’. -റെയ്ച്ചൽ പറഞ്ഞു.

"ഞങ്ങൾ യഥാർത്ഥത്തിൽ ടിക്കറ്റ് വാങ്ങിയിട്ടില്ലെന്ന് ആ മനുഷ്യൻ ഫോണിൽ പറയുന്നത് കേട്ടപ്പോൾ ഞാൻ തീർത്തും തകർന്നുപോയി. അതിനിടെ ഞങ്ങളുടെ സ്വപ്ന ഭവനത്തെ കുറിച്ചും ആഡംബര കാറിനെ കുറിച്ചും സ്വപ്നം കാണുകയായിരുന്നു ഞാൻ." -ലിയാം പറഞ്ഞു.

Tags:    
News Summary - UK Couple who won more than Rs 1,765 crore lottery finds out they cannot get the money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.