നന്നായി ഉറങ്ങിയാൽ 12 ലക്ഷം രൂപ സമ്മാനം; വിചിത്ര ഉറക്ക മത്സരവുമായി ടോക്കിയോ
ടോക്കിയോ: ഉറക്കമില്ലായ്മ എന്ന ഗുരുതരമായ സാമൂഹിക പ്രശ്‌നത്തിലേക്ക് ലോകത്തിന്റെ ശ്രദ്ധ ക്ഷണിക്കാൻ വിചിത്രമായ മത്സരവുമായി ജപ്പാൻ. ശാരീരിക ക്ഷമതയോ ബുദ്ധിശക്തിയോ അല്ല, മറിച്ച് ഏറ്റവും നന്നായി ഉറങ്ങുന്നതാണ് മത്സരം. 2026 ഒക്ടോബർ 5ന് ടോക്കിയോയിൽ നടക്കുന്ന 'സ്ലീപ്പിങ് കോമ്പറ്റിഷനിൽ' പങ്കെടുക്കുന്നവർ 90 മിനിറ്റ് ഉറങ്ങണം.ഏറ്റവും ഗുണമേന്മയുള്ള ഉറക്കം ആരുടേതെന്നാണ് വിധികർത്താക്കൾ നോക്കുക.
പ്രത്യേകമായി വികസിപ്പിച്ചെടുത്ത 'സ്ലീപ്പ് ഇൻഡെക്സ്' ഉപയോഗിച്ചാണ് വിജയിയെ നിർണയിക്കുന്നത്. ടോക്കിയോ ടൈംസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, മത്സരാർഥികളുടെ ശരീരത്തിൽ സെൻസറുകൾ ഘടിപ്പിക്കും. ഉറക്കത്തിന്റെ ആഴം, ഗുണനിലവാരം, ഉറങ്ങാൻ എടുക്കുന്ന സമയം, ഉറക്കത്തിന്റെ സ്ഥിരത എന്നീ ഘടകങ്ങളാണ് അളക്കുക.വിജയിക്ക് 22.2 ലക്ഷം യെൻ (ഏകദേശം 14,400 യുഎസ് ഡോളർ, ഇന്ത്യൻ രൂപയിൽ ഏകദേശം 12 ലക്ഷം രൂപ) ആണ് ഒന്നാം സമ്മാനം.
ഇതുകൂടാതെ 'ഡീപ് സ്ലീപ്പ് അവാർഡ്', 'അക്രോബാറ്റിക് ഫ്ലിപ്പ്' എന്നിങ്ങനെ പ്രത്യേക വിഭാഗങ്ങളിലും സമ്മാനങ്ങളുണ്ട്. പങ്കെടുക്കുന്ന എല്ലാവർക്കും ഒരു 'സ്ലീപ്പ് ഗിഫ്റ്റും' ലഭിക്കും. എന്താണ് സമ്മാനമെന്ന് സംഘാടകർ വെളിപ്പെടുത്തിയിട്ടില്ല എന്നതും കൗതുകകരമാണ്. മത്സരത്തിൽ തന്ത്രപരമായി വിജയിക്കാൻ ശ്രമിക്കുന്നത് തടയാൻ സംഘാടകർ കർശന നിയമങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
മത്സരത്തിന് തലേദിവസം രാത്രി മുഴുവൻ ഉറങ്ങാതിരിക്കുകയോ, ക്ഷീണിതരായി വേദിയിലെത്തി പെട്ടെന്ന് ഉറങ്ങാൻ ശ്രമിക്കുകയോ ചെയ്യാൻ അനുവാദമില്ല. മൂന്ന് സെഷനുകളിലായാണ് മത്സരം നടക്കുക. ഓരോ ഗ്രൂപ്പിലും ഏകദേശം 20 പേർ വീതം പങ്കെടുക്കും. പങ്കാളിത്തം പൂർണ്ണമായും സൗജന്യമാണ്. 2026 സെപ്റ്റംബർ 16 വരെ അപേക്ഷിക്കാം.
ലോകത്ത് ഏറ്റവും കുറച്ച് ഉറങ്ങുന്നവരിൽ ജപ്പാൻകാർ മുൻപന്തിയിലാണെന്നാണ് കണക്കുകൾ. ജോലിഭാരവും തിരക്കേറിയ ജീവിതശൈലിയും കാരണം ഉറക്കമില്ലായ്മ ജപ്പാനിൽ വലിയ ആരോഗ്യപ്രശ്നമായി മാറിയിരിക്കുകയാണ്. ഈ അവസ്ഥയിലേക്ക് ശ്രദ്ധ ക്ഷണിക്കുകയും ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയുമാണ് മത്സരത്തിന്റെ പ്രധാന ലക്ഷ്യമെന്ന് സംഘാടകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.