ബ്രിക്സ് ഉച്ചകോടിയിൽ നിന്ന്
ഇറാൻ പ്രസിഡന്റ് കത്തിക്കയറുമ്പോൾ നട്സ് കൊറിച്ച് ഇന്ത്യൻ വിദേശകാര്യ വക്താവ്! ബ്രിക്സ് വേദിയിലെ വീഡിയോ വൈറൽ; വിമർശനം ശക്തം
ന്യൂഡൽഹി: ഡൽഹിയിൽ നടന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പ്രസംഗിക്കുന്നതിനിടെ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ നട്സ് കൊറിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും വിവാദത്തിന് വഴിവെക്കുകയും ചെയ്തു. ഭാരത് മണ്ഡപത്തിലെ പ്രധാന സമ്മേളന ഹാളിൽ രാഷ്ട്രത്തലവന്മാർ ഉൾപ്പെടെയുള്ളവർ ഗൗരവത്തോടെ യോഗത്തിൽ പങ്കെടുക്കവെയാണ് ക്യാമറയിൽ പതിഞ്ഞ ഈ ദൃശ്യങ്ങൾ വലിയ ചർച്ചയായത്.
മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളും യു.എസ് ഉപരോധങ്ങളും ആഗോള സാമ്പത്തിക പ്രതിസന്ധിയും ഉയർത്തിക്കാട്ടി ഇറാൻ പ്രസിഡന്റ് തന്റെ രാജ്യത്തിന്റെ സുപ്രധാന നിലപാടുകൾ വിശദീകരിക്കുകയായിരുന്നു ആ സമയം. ഇതിനിടെ, ഇന്ത്യൻ പ്രതിനിധി സംഘത്തിനൊപ്പം ഇരിക്കുകയായിരുന്ന വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പാത്രത്തിൽ നിന്ന് തുടർച്ചയായി നട്സ് എടുത്ത് കഴിക്കുന്നതാണ് ലൈവ് ടെലികാസ്റ്റിലും തുടർന്ന് സോഷ്യൽ മീഡിയ ക്ലിപ്പുകളിലും കാണുന്നത്.
ഉയർന്ന നയതന്ത്ര വേദികളിൽ പാലിക്കേണ്ട ഔദ്യോഗിക മര്യാദകൾക്ക് നിരക്കാത്ത പെരുമാറ്റമാണിതെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന പ്രധാന വിമർശനം. ഒരു രാഷ്ട്രത്തലവൻ സഭയെ അഭിസംബോധന ചെയ്യുമ്പോൾ കൂടുതൽ ഗൗരവം പുലർത്തേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ വീഡിയോ പങ്കുവെച്ചു. എന്നാൽ, നീണ്ട മണിക്കൂറുകൾ നീളുന്ന നയതന്ത്ര സമ്മേളനങ്ങളിൽ ലഘുഭക്ഷണം കഴിക്കുന്നത് സാധാരണമാണെന്നും ഇതിനെ അനാവശ്യ വിവാദമാക്കേണ്ടതില്ലെന്നും വാദിക്കുന്നവരുമുണ്ട്. പ്രചരിക്കുന്ന വീഡിയോ സ്പീഡ് കൂട്ടി എടുത്തതാണ് എന്നും അല്ലാത്തപക്ഷം വളരെ സാധാരണമായി തോന്നേണ്ട ഒരു കാര്യമായിരുന്നു അതെന്നും, അവിടെ വരുന്ന പ്രതിനിധികൾക്ക് കഴിക്കാൻ വേണ്ടി തന്നെ അല്ലെ നട്സ് അവിടെ ഉണ്ടായിരുന്നത് എന്നുമാണ് മറുവാദം. സംഭവത്തിൽ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.