ഗുരുഗ്രാമിൽ വനിതാ ബൈക്ക് റൈഡറെ കാർ ഇടിച്ചുവീഴ്ത്തി; മദ്യലഹരിയിൽ പിന്തുടർന്ന് ഇടിച്ചെന്ന് പരാതി, ദൃശ്യങ്ങൾ വൈറൽ
ഗുരുഗ്രാം: വനിതാ ബൈക്ക് റൈഡറെ ഗുരുഗ്രാമിൽ കാർ ഇടിച്ചുവീഴ്ത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ഗോൾഫ് കോഴ്സ് റോഡിൽ ഞായറാഴ്ച സുഹൃത്തുക്കൾക്കൊപ്പം ബൈക്ക് റൈഡിനിറങ്ങിയ സിയ എന്ന യുവതിയെയാണ് വെള്ള സെഡാൻ കാർ ഇടിച്ചുവീഴ്ത്തിയത്. യുവതിയുടെ സൂപ്പർബൈക്കിൽ ഘടിപ്പിച്ചിരുന്ന ആക്ഷൻ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.
പിന്നാലെ വന്ന വെള്ള സെഡാൻ കാർ അപകടകരമായ രീതിയിൽ ഓടിക്കുകയും തന്നെ പിന്തുടരുകയും ചെയ്തതായി സിയ പറഞ്ഞു. കാർ ഡ്രൈവറേട് സുരക്ഷിത അകലം പാലിക്കാൻ ആവശ്യപ്പെട്ടപ്പോൾ വാഹനം നിർത്താൻ ഡ്രൈവർ ആവശ്യപ്പെടുകയായിരുന്നു. കാറിലുണ്ടായിരുന്നവർ മദ്യലഹരിയിലായിരുന്നതിനാൽ മുന്നിലേക്ക് കയറാതിരിക്കാൻ യുവതി വേഗം കൂട്ടിയെങ്കിലും പിന്തുടരുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരു റൈഡർ സിയയുടെ ബൈക്കിന് പിറകിൽ ഉണ്ടായിരുന്നെങ്കിലും കാർ പെട്ടെന്ന് വെട്ടിച്ച് ബൈക്കിന്‍റെ വശങ്ങളിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ യുവതി റോഡിലേക്ക് തെറിച്ച് വീഴുകയും ബൈക്ക് റെഡിലൂടെ തെന്നിനീങ്ങുകയും ചെയ്തു. പരിക്കേറ്റ യുവതിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാറിനെ പിന്തുടരുന്നതും ട്രാഫിക് സിഗ്നലിൽ വെച്ച് ഡ്രൈവറെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യാൻ ശ്രമിക്കുന്നതും മറ്റൊരു റൈഡറുടെ ഹെൽമറ്റ് ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ കാണാം. എന്നാൽ ഡ്രൈവർ കാർ ഓടിച്ചുപോവുകയായിരുന്നു.
കാറിന്‍റെ ഉടമ ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ടിക്കുന്നതിനാൽ നാട്ടിലില്ലെന്നും സ്കൂൾ സുഹൃത്തിന് രണ്ട് ദിവസത്തേക്ക് വാടകക്ക് നൽകിയതാണെന്നും സംഭവത്തെക്കുറിച്ച് അറിയില്ലെന്നും പ്രതികരിച്ചു. തന്‍റെ സുഹൃത്ത് അദ്ദേഹത്തിന്‍റെ മറ്റൊരു പരിചയക്കാരന് കാർ കൈമാറുകയായിരുന്നുവെന്നും കാറും ഡ്രൈവറും ഇപ്പോൾ എവിടെയാണെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ തന്നെ പൊലീസ് ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വീഡിയോ പ്രചരിച്ചതോടെ ഗുരുഗ്രാം പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. കാർ ഓടിച്ചയാളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും യുവതിയിൽ നിന്ന് വിശദമായ വിവരങ്ങൾ ശേഖരിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വൈറലായ ദൃശ്യങ്ങൾ കണ്ട ആളുകൾ ഡ്രൈവർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള കർശന വകുപ്പുകൾ ചുമത്തണമെന്ന് ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.