അത്ര പരിചിതമായ ദൃശ്യമല്ലാത്തതിനാലാണ് ആ ഫോട്ടോ ആളുകൾ ശ്രദ്ധിച്ചത്. ഫുഡ് ഡെലിവറി കമ്പനിയുടെ ബാഗുമായി ബുർഖധാരിയായ യുവതി നടന്നുപോകുന്നതായിരുന്നു ചിത്രത്തിൽ ഉണ്ടായിരുന്നത്. ഇതോടെ അതാരാണെന്നും അവർ എങ്ങോട്ടാണ് പോകുന്നതെന്നും അറിയാനുള്ള കൗതുകമായി. അവസാനം അവരെ കണ്ടെത്തിയിരിക്കുകയാണ് നെറ്റിസൺസ്.
ലഖ്നൗവിൽ നിന്നുള്ള യുവതിയുടെ ചിത്രമാണ് വൈറലായത്. നദ്‌വ കോളേജ് പരിസരത്തുള്ള റോഡിലൂടെ സ്വിഗ്ഗിയുടെ ഡെലിവറി ബാഗും തോളിലിട്ട് നടന്നുനീങ്ങുകയായിരുന്നു ഇവർ. ചിത്രം വൈറലായതോടെ ആളുകൾ പലതരം സംശയങ്ങൾ ഉന്നയിക്കാൻ തുടങ്ങി. നടന്നുപോയി ആരെങ്കിലും ഡെലിവറി ചെയ്യുമോയെന്നും വീഡിയോയും ചിത്രങ്ങളും വ്യാജമാണെന്നുമുള്ള കമന്റുകളും വന്നിരുന്നു. എഡിറ്റഡ് ചിത്രമാണെന്ന് കമന്റ് ചെയ്തവരും ഉണ്ടായിരുന്നു. എന്നാൽ എല്ലാവരും അറിയാനാഗ്രഹിച്ചത് അവർ ആരാണെന്നായിരുന്നു.
ഇത്തരം ചോദ്യങ്ങൾക്കെല്ലാം ഉത്തരം കണ്ടെത്തിയത് പ്രാദേശിക മാധ്യമങ്ങളാണ്. ജനത നഗരി കോളനിയിലെ റിസ്വാന എന്ന നാല്‍പതുകാരിയാണ് ആ ഫോട്ടോയിലുള്ളത് എന്നാണ് കണ്ടെത്തൽ. ഫുഡ് ഡെലിവറി ഏജന്റല്ല റിസ്വാന. ദാലിഗഞ്ചിലെ വിവിധ വീടുകളില്‍ പണിക്ക് പോകാറുണ്ട് ഇവർ. ഇതിനൊപ്പം വൈകുന്നേരങ്ങളില്‍ ഡിസ്‌പോസിബിള്‍ കപ്പുകളും ടംബ്ലറുകളും നടന്നുവില്‍ക്കുന്ന ജോലിയും ചെയ്യുന്നുണ്ട്.
23 വർഷം മുമ്പായിരുന്നു റിസ്വാനയുടെ വിവാഹം നടന്നത്. ഭർത്താവ് ഓട്ടോറിക്ഷ ഓടിക്കുകയായിരുന്നു. ഏതാനും വർഷം മുമ്പ് ഓട്ടോറിക്ഷ മോഷണം പോയി അതോടെ മാനസികമായി തകർന്ന ഭർത്താവ് മൂന്ന് വർഷം മുമ്പ് കുടുംബത്തെ ഉപേക്ഷിച്ച് പോയി. ഇതോടെ കുടുംബത്തെ നോക്കാനായി റിസ്വാന ജോലിക്കിറങ്ങുകയായിരുന്നു.
‘ഡിസ്‌പോസിബിള്‍ കപ്പുകളും ടംബ്ലറുകളും വെക്കാന്‍ എനിക്ക് നല്ലൊരു ബാഗ് വേണമായിരുന്നു. 50 രൂപക്ക് ദാലിഗഞ്ചിലെ ഒരാളുടെ അടുത്ത് നിന്നാണ് ഇത് വാങ്ങിയത്. ഞാന്‍ സ്വിഗ്ഗിക്ക് വേണ്ടി ജോലി ചെയ്യുന്നില്ല. തുണിയടക്കം വില്‍ക്കാനുള്ള വസ്തുക്കളെല്ലാം ഇപ്പോള്‍ ഈ ബാഗിലാണ് വെക്കുന്നത്’-റിസ്വാന പറയുന്നു.
എല്ലാ ദിവസവും ചെറിയ കടകളിലേക്കും മാര്‍ക്കറ്റുകളിലേക്കും ഈ ബാഗും തൂക്കി ഞാന്‍ പോകും. ഒരു ദിവസം 20-25 കിലോമീറ്റര്‍ വരെ ഞാന്‍ ഇങ്ങനെ നടന്നുവില്‍ക്കും. മാസം 5000-6000 രൂപ വരെ ഈ വില്‍പനയില്‍ നിന്നും കിട്ടും. വീട്ടുപണിയില്‍ നിന്നും എനിക്ക് ദിവസം 1500 രൂപയോളവും ലഭിക്കും’-റിസ്വാന പറയുന്നു.
മൂന്ന് മക്കളെയും റിസ്വാന ഒറ്റക്കാണ് നോക്കുന്നത്. ‘ഒന്നും എളുപ്പമായിരുന്നില്ല. ആളുകള്‍ എന്നെ പരിഹസിക്കുമായിരുന്നു. പക്ഷെ എനിക്ക് എന്റെ കുടുംബത്തിന് വേണ്ടി ജീവിച്ചേ മതിയാകുമായിരുന്നുള്ളു. ആദ്യമൊക്കെ എനിക്ക് വലിയ വിഷമം തോന്നുമായിരുന്നു. പക്ഷെ പിന്നീട് അതെല്ലാം ശീലമായി’-റിസ്വാന പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.