തിരിച്ചറിയപ്പെടാതെ പോവുന്ന നിരവധി പ്രതിഭകളുണ്ട് നമുക്ക് ചുറ്റും. ഇത്തരം മനുഷ്യരുടെ ജീവിതം പലപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരാറുണ്ട്. ബംഗളൂരുവിൽ നിന്നുള്ള ഒരു ബൈക്ക് -ടാക്സി ഡ്രൈവറുടെ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. പരാഗ് ജെയ്ൻ എന്ന ട്വിറ്റർ ഉപഭോക്താവാണ് നിരവധി അവാർഡുകൾ കരസ്ഥമാക്കിയിട്ടും ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിനായി ബൈക്ക് -ടാക്സി ഡ്രൈവറായി ജോലിചെയ്യുന്ന വിഗ്നേഷ് എന്നയുവാവിന്‍റെ കഥ ട്വിറ്ററിലൂടെ പങ്കുവെച്ചത്.
ഒരു ദിവസം ബൈക്ക് -ടാക്സി ഡ്രൈവറുമായി പരാഗ് അഗർവാൾ സംഭാഷണത്തിലേർപ്പെടുകയായിരുന്നു. താൻ ജോലി ചെയ്യുന്നസ്ഥലത്തെക്കുറിച്ച് വിഗ്നേഷിന് കൃത്യമായി അറിയുമായിരുന്നു. എങ്ങനെ അറിയാം എന്ന് ചോദിച്ചപ്പോൾ അവിടെ മുമ്പ് ജോലി ചെയ്തതായി അയാൾ പറഞ്ഞു. തുടർന്ന് ജീവിതകഥ വിഗ്നേഷ് തന്നോട് വെളിപ്പെടുത്തുകയായിരുന്നെന്ന് പരാഗ് പറയുന്നു.
ബംഗളൂരുവിലെ ഒരു ചൈനീസ് കമ്പനിയിലെ ജീവനക്കാരനായിരുന്നു വിഗ്നേഷ്. എന്നാൽ നിരവധി ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചതോടെ അദ്ദേഹത്തിന് ജോലി നഷ്ടപ്പെട്ടു. കോവിഡ് രൂക്ഷമായതോടെ മറ്റ് ജോലികളും വിഗ്നേഷിന് ലഭിച്ചില്ല. തുടർന്നാണ് തന്‍റെ ഏറെ നാളത്തെ ആഗ്രഹമായ സിനിമ സംവിധാനത്തെക്കുറിച്ച് ചിന്തിക്കുന്നത്. പിന്നീട് മിനി സീരീസുകൾ വിഗ്നേഷ് സംവിധാനം ചെയ്തു.
മിനി സീരിസുകൾ 15 ഓളം ചലചിത്രമേളകളിൽ വിജയം നേടിയെങ്കിലും കാര്യമായ സാമ്പത്തിക വിജയം ഉണ്ടായില്ല. ഒ.ടി.ടി പ്ലാറ്റ് ഫോമുകളും വാണിജ്യകാരണങ്ങളാൽ നിരസിക്കുകയായിരുന്നെന്നും ട്വീറ്റിൽ പറയുന്നു. തുടർന്ന് ജീവിക്കാനായി ബൈക്ക് -ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. വിഗ്നേഷിനെ കുറിച്ചുള്ള വിശദവിവരങ്ങളും ട്വീറ്റിൽ നൽകിയിട്ടുണ്ട്. ഇതിനകം നിരവധിപേരാണ് ട്വീറ്റ് ഷെയർ ചെയ്തത്. അദ്ദേഹത്തെപോലെ കഴിവുള്ള ആളുകളെ വളർത്തിക്കൊണ്ടുവരേണ്ടതിന്‍റെ ആവശ്യകതയും ചിലർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.