അഭ്യൂഹങ്ങൾ നിറച്ച് ഇലോൺ മസ്ക് പങ്കുവെച്ച പുതിയ വിഡിയോ; ചൈന സന്ദർശനത്തിനിടെ എന്തുപറ്റിയെന്ന് സമൂഹ മാധ്യമങ്ങളിൽ ചർച്ച -വൈറൽ വിഡിയോ

ബീജിങ്: സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും വഴിതുറന്നിരിക്കുകയാണ് ഇലോൺ മസ്ക് പങ്കുവെച്ച വിഡിയോ. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനൊപ്പം ചൈന സന്ദർശനത്തിനിടെ പകർത്തിയ വിഡിയോ ആണ് മസ്ക് പങ്കുവെച്ചത്.

ഒരു പൊതുവേദിയിൽ ആൾക്കൂട്ടത്തിന് നടുവിൽ ഇരിക്കുന്ന മസ്കിന്റെ വിഡിയോ പങ്കുവെച്ച് ഒരു മണിക്കൂറിനുള്ളിൽ 6.5 ദശലക്ഷത്തിലധികം ആളുകളാണ് ഇത് കണ്ടത്. യാതൊരു അടിക്കുറിപ്പും അദ്ദേഹം പോസ്റ്റിന് നൽകിയിരുന്നില്ല.

യുവതികളും യുവാക്കളും ഉൾപ്പെടെയുള്ള വലിയൊരു സംഘം മസ്കിനെ വളഞ്ഞിരുന്ന് മൊബൈൽ ഫോണുകളിൽ പകർത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ആൾക്കൂട്ടത്തിനിടയിൽ യാതൊരു ഭാവവ്യത്യാസവുമില്ലാതെ ശാന്തനായി ഇരിക്കുന്ന മസ്കിന്റെ ശരീരഭാഷയാണ് സൈബർ ലോകത്ത് ചർച്ചയായത്. ഇടയ്ക്ക് നേരിയൊരു പുഞ്ചിരി നൽകുന്നുണ്ടെങ്കിലും മിക്കപ്പോഴും അദ്ദേഹം തികച്ചും വികാരരഹിതനായാണ് കാണപ്പെടുന്നത്.

വീഡിയോ പുറത്തുവന്നതോടെ വിവിധ തരത്തിലുള്ള സിദ്ധാന്തങ്ങളുമായി സമൂഹ മാധ്യമ ഉപയോക്താക്കൾ രംഗത്തെത്തി. ഇടയ്ക്കിടെ മുഖത്ത് മാറിമറിയുന്ന ഭാവങ്ങളും ഗോഷ്ടികളും ചർച്ചയായിട്ടുണ്ട്. ഇതൊരു സിനിമയിലെ രംഗം പോലെ തോന്നിക്കുന്നുവെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ, അദ്ദേഹത്തെ പിന്തുടരുന്ന രീതി കണ്ടിട്ട് അവർ 'ചാരന്മാരാണോ' എന്നാണ് ചിലർ തമാശരൂപേണ കുറിച്ചത്. എന്നാൽ, ഇതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും ചൈനയിൽ മസ്കിനുള്ള താര പരിവേഷമാണ് ഈ ആൾക്കൂട്ടത്തിന് പിന്നിലെന്നും സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ടെസ്‌ലയ്ക്ക് വലിയ വിപണിയുള്ള ചൈനയിൽ ഒരു കോർപറേറ്റ് എക്സിക്യൂട്ടിവ് എന്നതിലുപരി ഒരു പോപ്പ് സംസ്‌കാര താരത്തെപ്പോലെയാണ് മസ്ക് ആരാധിക്കപ്പെടുന്നത്. 

അമിതമായ ജനശ്രദ്ധയിൽ മസ്ക് മടുത്തിരിക്കുകയാണെന്നും അതല്ല അദ്ദേഹം ഇത് ആസ്വദിക്കുകയാണെന്നും കാട്ടി വിഡിയോയിലെ ഓരോ ഫ്രെയിമും കീറിമുറിച്ചുള്ള പരിശോധനയിലാണ് സോഷ്യൽ മീഡിയ. വാക്കുകളേക്കാൾ നിഗൂഢമായ ദൃശ്യങ്ങളിലൂടെ ആഗോള തലത്തിൽ ചർച്ചകൾ സൃഷ്ടിക്കാനുള്ള മസ്കിന്റെ കഴിവിനെയാണ് ഈ വീഡിയോയുടെ വൻ പ്രചാരം അടിവരയിടുന്നത്.

Tags:    
News Summary - Social media is buzzing about what happened during his visit to China; Elon Musk shares new video filled with rumors - viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.