‘ഇത് ഇന്ത്യയിൽ മാത്രം സംഭവിക്കുന്നത്’; കടയുടമയുടെ സത്യസന്ധതയെ പ്രശംസിച്ച് പോളിഷ് വനിത

ന്യൂഡൽഹി: ഒരു വലിയ രാജ്യത്തിന്റെ നന്മയും അവിടെയുള്ള സാധാരണക്കാരുടെ സത്യസന്ധതയും ലോകത്തിന് മുന്നിൽ തുറന്നുകാട്ടുന്ന വിദേശവനിതയുടെ സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ രാജ്യവ്യാപകമായി ശ്രദ്ധനേടുന്നത്. വർഷങ്ങളായി ഇന്ത്യയിൽ താമസിക്കുന്ന ഡൊമിനിക പടാലസ് കൽറ എന്ന പോളിഷ് വനിതയാണ് ഡൽഹിയിലെ ഒരു സാധാരണ മെഡിക്കൽ ഷോപ്പുടമയിൽ നിന്നും തനിക്കുണ്ടായ ഹൃദ്യമായ അനുഭവം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. നാല് ദിവസം മുമ്പ് കടയിൽ മറന്നുവെച്ച മരുന്നുകൾ യാതൊരു കേടുപാടും കൂടാതെ സുരക്ഷിതമായി തിരിച്ചുകിട്ടിയതിനെക്കുറിച്ചാണ് ഡൊമിനിക വിഡിയോയിൽ വികാരാധീനയായി സംസാരിക്കുന്നത്.

‘നാല് ദിവസം മുൻപാണ് ഞാൻ ഈ കെമിസ്റ്റ് ഷോപ്പിൽ നിന്നും കുറച്ചു മരുന്നുകൾ വാങ്ങിയത്. എന്നാൽ അതെന്റെ ബാഗിൽ വെക്കാൻ ഞാൻ മറന്നുപോയി, അവിടെത്തന്നെ വെച്ച് പോന്നു. എന്റെ അച്ഛനാണ് അത് എടുക്കാൻ മറന്നത്. ഞാൻ ഡൽഹിക്ക് പുറത്തായിരുന്നതിനാലാണ് വരാൻ വൈകിയത്. ഇപ്പോൾ നാല് ദിവസത്തിന് ശേഷം അത് അവിടെത്തന്നെയുണ്ടോ എന്ന് നോക്കാൻ പോവുകയാണ്. സത്യത്തിൽ അത് അവരുടെ തെറ്റല്ല, ഞങ്ങളുടെ വീഴ്ചയാണ്. എങ്കിലും എന്താണ് സംഭവിക്കുക എന്ന് നമുക്ക് നോക്കാം.

മെഡിക്കൽ ഷോപ്പിലെത്തിയ ഡൊമിനിക വളരെ മാന്യമായി കടയുടമയോട് കാര്യങ്ങൾ തിരക്കി. നാല് ദിവസം മുൻപ് ഒരു പേപ്പർ ബാഗ് മറന്നുവെച്ച കാര്യം പറഞ്ഞയുടൻ തന്നെ കടയുടമക്ക് കാര്യം മനസ്സിലാവുകയും, അദ്ദേഹം ആ പാക്കറ്റ് സുരക്ഷിതമായി സൂക്ഷിച്ചുവെച്ചിരുന്ന ഇടത്തുനിന്നും എടുത്ത് ഡൊമിനികക്ക് കൈമാറുകയും ചെയ്തു. തന്റെ മരുന്ന് പാക്കറ്റ് തിരികെ ലഭിച്ചതിന് ശേഷം അതീവ സന്തോഷത്തോടെയാണ് ഡൊമിനിക വിഡിയോ പൂർത്തിയാക്കിയത്.

ഈ ഒരു കാര്യത്തിനാണ് ഞാൻ ഇന്ത്യയെ ഇത്രയധികം സ്നേഹിക്കുന്നത്. ഞാൻ വാങ്ങിയ മരുന്നുകൾ ബാഗിലിടാൻ മറന്ന് കടയിൽ തന്നെ വെച്ചുപോയിരുന്നു. ടൗണിൽ ഇല്ലാതിരുന്നതിനാൽ 4 ദിവസത്തിന് ശേഷമാണ് എനിക്ക് വരാൻ കഴിഞ്ഞത്. എന്നാൽ ഇങ്ങനെ സംഭവിക്കുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. എന്റെ മരുന്നുകൾ ഞാൻ വരുന്നതും കാത്ത് അവർ ഒരു വശത്ത് സുരക്ഷിതമായി മാറ്റിവെച്ചിരിക്കുകയായിരുന്നു. ഇത്രയധികം ജനസംഖ്യയുള്ള ഇന്ത്യയെപ്പോലൊരു വലിയ രാജ്യത്ത് ഇപ്പോഴും ഇത്തരം നന്മകൾ സംഭവിക്കുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു -ഡൊമിനിക കുറിച്ചു.

ഡൊമിനിക പങ്കുവെച്ച വിഡിയോ നിമിഷങ്ങൾക്കകമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. വിഡിയോക്ക് താഴെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് നിരവധി ഇന്ത്യൻ പ്രേക്ഷകരും രംഗത്തെത്തി. 'ഇത് ഇന്ത്യയിൽ മാത്രം സംഭവിക്കുന്ന കാര്യമാണ്' എന്നാണ് ഒരു കമന്‍റ്. ഇത് ഇന്ത്യയിൽ വളരെ സാധാരണമാണെന്നാണ് മറ്റൊരാൾ കുറിച്ചത്.

Tags:    
News Summary - Polish Woman Praises Indian Shopkeeper's Honesty In Viral Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.