ജയ്പൂർ: മോഷണം ഭയന്ന് അഞ്ച് ലക്ഷത്തോളം രൂപ കൃഷിയിടത്തിൽ കുഴിച്ചിട്ട കർഷകന് നേരിടേണ്ടി വന്നത് കനത്ത നഷ്ടം. രാജസ്ഥാനിലെ ബാലോത്ര ജില്ലയിലെ നെവായ് ഗ്രാമത്തിലുള്ള മംഗിലാൽ (50) എന്ന കർഷകനാണ് തന്റെ കൈവശമുണ്ടായിരുന്ന അഞ്ച് ലക്ഷം രൂപ നഷ്ടപ്പെട്ട ദുരവസ്ഥയിലായത്. വീടുപണിയാനായി തന്റെ ഭൂമി വിറ്റുകിട്ടിയ പണം മോഷണം പോകുമെന്ന് ഭയന്നാണ് ഇദ്ദേഹം ഒരു പ്ലാസ്റ്റിക് ബാഗിലാക്കി കൃഷിയിടത്തിൽ രഹസ്യമായി കുഴിച്ചിട്ടത്.
എന്നാൽ, ഏകദേശം ഒരു മാസത്തിനുശേഷം പണം തിരികെ എടുക്കാനായി എത്തിയപ്പോഴേക്കും മംഗിലാലിന് താൻ പണം കുഴിച്ചിട്ട കൃത്യമായ സ്ഥലം ഓർമ്മവരാതെയായി. തുടർന്ന് ഒരു വർഷത്തോളം ഈ തുക കൃഷിയിടത്തിൽ തന്നെ കിടന്നു. പണം കണ്ടെത്താൻ കുടുംബാംഗങ്ങൾ പലതവണ കൃഷിയിടം മുഴുവൻ കുഴിച്ചു നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ ഒരു വർഷത്തിന് ശേഷം, കഴിഞ്ഞ ആഗസ്റ്റ് 7-നാണ് കൃഷിയിടത്തിലെ വേലികൾ ശരിയാക്കുന്നതിനിടയിലും കൃഷിപ്പണികൾ നടക്കുന്നതിനിടയിലും മംഗിലാലിന്റെ ഭാര്യയും മകനും പണമടങ്ങിയ ബാഗ് കണ്ടെത്തിയത്.
പക്ഷേ, സന്തോഷത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. ഒരു വർഷക്കാലം മണ്ണിനടിയിൽ കിടന്നതിനാൽ ചിതൽ കയറി നോട്ടുകൾ പൂർണമായും നശിച്ചിരുന്നു. നോട്ടുകൾക്കൊപ്പം മംഗിലാലിന്റെ പ്രതീക്ഷകളും അലിഞ്ഞുപോയി. കേടായ നോട്ടുകൾ മാറ്റിയെടുക്കാനായി അദ്ദേഹം അടുത്തുള്ള പച്പദ്ര എസ്.ബി.ഐ ശാഖയെ സമീപിച്ചെങ്കിലും നോട്ടുകളുടെ അവസ്ഥ കണ്ട ബാങ്ക് അധികൃതർ അത് സ്വീകരിക്കാൻ തയാറായില്ല.
തുടർന്ന് ബാലോത്രയിലെ പ്രധാന എസ്.ബി.ഐ ശാഖയെ സമീപിച്ചെങ്കിലും അവിടെനിന്നും സമാനമായ മറുപടിയാണ് ലഭിച്ചത്. സീരിയൽ നമ്പറുകൾ വ്യക്തമായി കാണുന്ന നോട്ടുകൾ മാത്രമേ മാറ്റിയെടുക്കാൻ സാധിക്കൂ എന്ന് ജീവനക്കാർ വ്യക്തമാക്കി. കൂടുതൽ നടപടികൾക്കായി ജയ്പൂരിലുള്ള ബാങ്കിന്റെ ആസ്ഥാനത്തേക്ക് പോകാനാണ് ഉദ്യോഗസ്ഥർ നിർദേശിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.