കൊച്ചി: സംസ്ഥാന ആഭ്യന്തര മന്ത്രിയെ വെല്ലുവിളിച്ച് മുങ്ങി നടക്കുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ പിന്തുണച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ. അർജുനെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്നും അയാൾക്ക് ഒരവസരം കൊടുക്കണമെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ സനൽകുമാർ പറയുന്നു.
തനിക്കയാളോട് വല്ലാത്ത സ്നേഹം തോന്നുന്നു. മനുഷ്യൻ എത്ര നിസഹായനായ ജീവിയാണ്! എല്ലാ മനുഷ്യർക്കും ചീത്തയാവാനും നല്ലതാവാനും കഴിയുമെന്നും കുറിപ്പിലുണ്ട്. ഇതിന് മറുപടിയുമായി അർജുനും രംഗത്തെത്തി. ഒരു ഹാർട്ട് ഇമോജിയാണ് അർജുൻ കമന്റായി പോസ്റ്റ് ചെയ്തത്. അർജുൻ ആയങ്കിയെ പിടികൂടാനായി പൊലീസ് നെട്ടോട്ടം ഓടുകയാണ്.
അർജുൻ ആയങ്കി എന്ന ചെറുപ്പക്കാരൻ പറയുന്നത് കേൾക്കണം. അയാൾ പറയുന്നു “ചെയ്തതും ചെയ്യാത്തതുമായ നിരവധി കേസുകളിൽ പെട്ട് ജീവിതം താറുമാറായി. മകൻ ഉണ്ടായ ശേഷം കേസുകളിൽ ഒന്നും പോയി ചാടരുത് എന്നാഗ്രഹിച്ചു“. എനിക്കയാളോട് വല്ലാത്ത സ്നേഹം തോന്നുന്നു. മനുഷ്യൻ എത്ര നിസഹായനായ ജീവിയാണ്!
സുഹൃത്തുക്കളേ നിങ്ങൾ അയാൾക്ക് ഒരവസരം കൊടുക്കണം. എല്ലാ മനുഷ്യർക്കും ചീത്തയാവാനും നല്ലതാവാനും കഴിയും. സമൂഹം, സാഹചര്യം, ഭരണകൂടം എന്ന ഭീകരയന്ത്രജീവിയുടെ അലർച്ച.. അയാളെ പിടിക്കാൻ വെടിവെക്കാൻ ഉത്തരവ് കൊടുത്തുവത്രെ. അത് കേട്ട് ആഘോഷിക്കാൻ ചിലർ.. ലജ്ജ തോന്നുന്നു. നാളെ പുലരുമ്പോൾ അയാൾ വെടിയേറ്റ് മരിച്ചു എന്ന് വാർത്തവന്നാൽപോലും ആർപ്പുവിളിക്കാനും ആളുകാണും..
അർജ്ജുൻ, എനിക്ക് നിങ്ങളെ അറിയില്ല.. നിങ്ങൾ എന്തൊക്കെ കുറ്റം ചെയ്തു എന്നുമറിയില്ല. പക്ഷേ നിങ്ങൾക്കെതിരെ ഗൂഡാലോചന നടക്കുന്നു എന്ന് തോന്നുന്നതുകൊണ്ട് എന്റെ മനസ് നിങ്ങൾക്കൊപ്പമാണ്. മടങ്ങിവരാനും നന്മയുള്ള ഒരു ജീവിതം നയിക്കാനും നിങ്ങൾക്ക് കഴിയട്ടെ..
പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ ഒളിവിലാണ് അർജുൻ ആയങ്കി. പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കോതമംഗലം, ഊന്നുകൽ സ്റ്റേഷൻ ഓഫിസർമാർക്കെതിരെ സമൂഹ മാധ്യമങ്ങളിൽ നിരന്തരം ഭീഷണിസന്ദേശങ്ങൾ ഇടുകയും ഒടുവിൽ ആഭ്യന്തര മന്ത്രിയെ വെല്ലുവിളിക്കുകയുംകൂടി ചെയ്തതോടെയാണിത്.
മൂവാറ്റുപുഴ ഡിവൈ.എസ്.പി കെ.ആർ. മനോജിന്റെ നേതൃത്വത്തിൽ ഊന്നുകൽ, കുട്ടമ്പുഴ ഇൻസ്പെക്ടർമാരായ ബി.എസ്. ആദർശ്, എ. ഷൈൻ കുമാർ ഉൾപ്പെടുന്ന 11 അംഗ സ്പെഷല്‍ സ്ക്വാഡാണ് രംഗത്തിറങ്ങിയത്. കഴിഞ്ഞ മേയിൽ പുന്നേക്കാട് റിസോര്‍ട്ടില്‍ സുഹൃത്തുക്കളുമായി ഒത്തുചേരുന്നതിനിടെ ക്രിമിനല്‍ ഗൂഢാലോചനക്കുള്ള ശ്രമം എന്ന പേരില്‍ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഉദ്യോഗസ്ഥർക്കെതിരെ ആയങ്കി തിരിഞ്ഞത്. കോതമംഗലം എസ്.എച്ച്.ഒ പ്രശാന്ത് കുമാറിനെതിരെ സമൂഹ മാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയ കേസിന്റെ അന്വേഷണ ചുമതല ഊന്നുകൽ ഇൻസ്പെക്ടർക്കായിരുന്നു. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നൽകിയ അപേക്ഷ കഴിഞ്ഞ ദിവസം ഹൈകോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ വീണ്ടും പൊലീസിനെതിരെ തിരിഞ്ഞത്. ആയങ്കിയുടെ അറസ്റ്റ് പൊലീസിന്റെയും ആഭ്യന്തര വകുപ്പിന്റെയും അഭിമാനപ്രശ്നമായ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചത്.
ഇതിനിടെ, ഇയാളുടെ സഹോദരന്‍ അഖിലിനെ തൃശൂർ തേക്കിൻ കാട് മൈതാനിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. അര്‍ജുനെ ഒളിവില്‍ പോകാന്‍ സഹായിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി. അര്‍ജുനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കണ്ണൂര്‍ സ്വദേശികളായ രണ്ട് സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർക്കൊപ്പം ഒരു യുവതിയും ഉണ്ടായിരുന്നു. സംഘത്തെ പൊലീസ് ചോദ്യം ചെയ്തുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.