കിണറിലെ വെള്ളം തനിയെ ഇളകുന്നു! മോർബിയിലെ വിചിത്ര പ്രതിഭാസത്തിന് പിന്നിലെ കാരണമറിയാൻ അന്വേഷണം ഊർജിതം

ഗാന്ധിനഗർ‍: ഗുജറാത്തിലെ മോർബി ജില്ലയിലെ വിർപർദ ഗ്രാമത്തിൽ വീണ്ടും വിചിത്ര പ്രതിഭാസം. ഗ്രാമത്തിലെ ഒരു ഫാം കിണറ്റിലെ വെള്ളം യാതൊരു ബാഹ്യ ഇടപെടലുകളുമില്ലാതെ വീണ്ടും തനിയെ തിരമാലകൾ സൃഷ്ടിക്കുന്നതായി നാട്ടുകാർ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ സമാനമായ സംഭവം ഉണ്ടായതിനെ തുടർന്ന് ശാസ്ത്രീയ പരിശോധനകൾ പുരോഗമിക്കുന്നതിനിടയിലാണ് വ്യാഴാഴ്ച ഉച്ചയോടെ വീണ്ടും കിണറ്റിൽ വിചിത്ര ചലനങ്ങൾ അനുഭവപ്പെട്ടത്. കിണറ്റിലെ വിചിത്ര പ്രതിഭാസത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.

 ഇതിനുമുമ്പ് ഇതേ പ്രതിഭാസം കണ്ടിരുന്നുവെങ്കിലും പിന്നീട് ഇത് നിലച്ചിരുന്നു. എന്നാൽ വീണ്ടും ജലോപരിതലത്തിൽ അലകൾ രൂപപ്പെട്ടതോടെ വലിയൊരു ജനക്കൂട്ടം കൗതുകത്തോടെ കിണറ്റിൻകരയിലേക്ക് എത്തിച്ചേർന്നു. എന്ത് കാരണത്താലാണ് വെള്ളം ഇങ്ങനെ ചലിക്കുന്നതെന്ന് അറിയാനാകാതെ ആശയക്കുഴപ്പത്തിലാണ് നാട്ടുകാർ.

സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മോർബി ജില്ലാ കലക്ടർ സ്വപ്നിൽ ഖരെ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. ഗുജറാത്ത് ഭൂഗർഭജല ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരാണ് ഈ പ്രതിഭാസം പഠനവിധേയമാക്കുന്നത്. സംഭവസ്ഥലം സന്ദർശിച്ച ജിയോളജിസ്റ്റുകളുടെ പ്രാഥമിക നിഗമനപ്രകാരം, വെള്ളത്തിന് അടിയിൽ കുടുങ്ങിക്കിടക്കുന്ന വായുവിന്റെ ചലനമാണ് ജലോപരിതലത്തിൽ ഇത്തരം തരംഗങ്ങൾ ഉണ്ടാക്കുന്നതെന്നാണ് സൂചന. കുടുങ്ങിക്കിടക്കുന്ന വായു സ്ഥാനമാറ്റം ചെയ്യപ്പെടുമ്പോൾ അത് ജലോപരിതലത്തിൽ ചലനങ്ങൾ സൃഷ്ടിക്കുകയാണെന്ന് കലക്ടർ വ്യക്തമാക്കി.

ഭൂചലന സാധ്യതയുള്ള പ്രദേശമായതിനാൽ ഇതിന് പിന്നിൽ ഏതെങ്കിലും തരത്തിലുള്ള സീസ്മിക് പ്രവർത്തനങ്ങൾ ഉണ്ടാകാമെന്നാണ് ചില ഗ്രാമവാസികൾ സംശയിക്കുന്നത്. എന്നാൽ ഇതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. നേരത്തേ ഭൂചലനം വല്ലതും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന സംശയത്തെത്തുടർന്ന് അധികൃതർ പരിശോധന നടത്തിയിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ച് ദിവസത്തിനിടയിൽ ഗുജറാത്തിൽ യാതൊരുവിധ ഭൂചലനങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. അതിനാൽ ആളുകൾ യാതൊരുവിധ വ്യാജപ്രചാരണങ്ങളിലും ഭയപ്പെടേണ്ടതില്ലെന്നും വിദഗ്ധരുടെ പരിശോധനക്ക് ശേഷം മാത്രമേ ഈ വിചിത്ര പ്രതിഭാസത്തിന് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്നും കലക്ടർ അഭ്യർത്ഥിച്ചു. 

Tags:    
News Summary - കിണറിലെ വെള്ളം തനിയെ ഇളകുന്നു| മോർബിയിലെ വിചിത്ര പ്രതിഭാസത്തിന് പിന്നിലെ കാരണമറിയാൻ അന്വേഷണം ഊർജിതം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.