“നിലമ്പൂരിൽനിന്ന് ഒഴുകി ബേപ്പൂരിൽ ഒരു കടലായി മാറുന്ന വിസ്മയം”; സ്ഥാനാർഥിയാകുമെന്ന സൂചന നൽകി പി.വി. അൻവറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ മന്ത്രി മുഹമ്മദ് റിയാസിനെതിരെ ബേപ്പൂർ മണ്ഡലത്തിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്ക് ശക്തിപകർന്ന് പി.വി. അൻവറിന്‍റെ ഫേസ്ബുക്ക് കുറിപ്പ്.

മത്സരത്തിന് യു.ഡി.എഫ് പച്ചക്കൊടി കാട്ടിയതോടെ, മണ്ഡലത്തിൽ അൻവർ പരോക്ഷ പ്രവർത്തനം തുടങ്ങിയിരുന്നു. മണ്ഡലത്തിലെ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തി. ഇതിനിടെയാണ് മത്സരിക്കുമെന്ന് പരോക്ഷമായി സൂചന നൽകുന്ന കുറിപ്പും ഫേസ്ബുക്കിൽ പങ്കുവെച്ചത്. “ചാലിയാർ നിലമ്പൂരിൽ നിന്നും ഒഴുകി ബേപ്പൂരിൽ വച്ച് അറബിക്കടലിൽ ചേരുമ്പോഴേക്കും ഒരു “കടലായി മാറുന്ന വിസ്മയം”. ഒഴുക്കും, ശക്തിയും, വഹിക്കുന്ന ജലവും കൊണ്ട് എത്ര മനസുകളും ദൂരങ്ങളും തീരങ്ങളുമാണ് കീഴടക്കുന്നത്’’ -എന്നാണ് അൻവൻ പോസ്റ്റ് ചെയ്തത്.

Full View

ആഴ്ചകൾക്കു മുമ്പുതന്നെ അൻവറിനെ സ്വാഗതം ചെയ്ത് ബേപ്പൂർ മണ്ഡലത്തിലെ ചില ഭാഗങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. കാലങ്ങളായി എൽ.ഡി.എഫിനെ പിന്തുണക്കുന്ന മണ്ഡലം അട്ടിമറിക്കാൻ അൻവറിന്‍റെ സ്ഥാനാർഥിത്വത്തിനാകുമെന്നാണ് കണക്കുകൂട്ടൽ. മന്ത്രി റിയാസിനെതിരെ മത്സരിക്കുന്നതിലൂടെ, മുഖ്യമന്ത്രി പിണറായി വിജയനെതിരായ തന്‍റെ രാഷ്ട്രീയ പോരാട്ടത്തിന് ശക്തിപകരുന്ന സന്ദേശം നൽകാനാകുമെന്നാണ് അൻവറിന്‍റെ കണക്കുകൂട്ടൽ.

സി.പി.എമ്മുമായുള്ള ബാന്ധവം അവസാനിക്കാനിടയാക്കിയത് മുഖ്യമന്ത്രിയുമായുള്ള വിയോജിപ്പാണ്. ഇടതുമുന്നണിക്കകത്തും പിന്നീട് പുറത്തുവന്നപ്പോഴും മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനമാണ് അൻവർ ഉയർത്തിയത്. മുഖ്യമന്ത്രിയുടെ മരുമകൻ കൂടിയായ മന്ത്രി റിയാസിനെതിരാകുമ്പോൾ തന്‍റെ പ്രചാരണ തുടർച്ചയിലൂടെ വോട്ടർമാരെ സ്വാധീനിക്കാനാകുമെന്നാണ് അൻവർ വിശ്വസിക്കുന്നത്. മണ്ഡലത്തിൽ വേരുറപ്പിക്കാൻ കഴിഞ്ഞ അഞ്ചുവർഷക്കാലം മന്ത്രിയെന്ന നിലയിലെ തന്‍റെ സ്വാധീനം റിയാസ് ഉപയോഗിച്ചിട്ടുണ്ട്. ബേപ്പൂർ ഫെസ്റ്റ് ഉൾപ്പെടെ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളിലൂടെ ജനമനസ്സുകളിൽ സ്ഥാനമുറപ്പിക്കാൻ തനിക്കായിട്ടുണ്ടെന്നാണ് റിയാസ് കരുതുന്നത്.

ഈസി വാക്കോവർ പ്രതീക്ഷിച്ച മണ്ഡലത്തിൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ മേൽക്കൈയും അൻവറിന്‍റെ വരവും ശക്തമായ പോരാട്ടത്തിന്‍റെ സൂചനകളാണ്. മണ്ഡലത്തിൽ റിയാസിനെതിരെ വിജയസാധ്യതയുള്ള സ്ഥാനാർഥിയെ കണ്ടെത്തുന്നത് കീറാമുട്ടിയായ യു.ഡി.എഫിന് അൻവറിന്‍റെ വരവ് ആശ്വാസവും ആവേശവുമാകുമെന്നാണ് മുന്നണി കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.

Tags:    
News Summary - PV Anwar's Facebook post hints at contesting from Beypore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.