ഇനിയില്ല ഇണ...-ആൺമയിലിന്‍റെ ജഡത്തെ അനുഗമിച്ച്​ പെൺമയിൽ; നൊമ്പരപ്പെടുത്തും ഈ വൈറൽ വീഡിയോ

നഗൗർ: ഇഷ്ടപ്പെടുന്നവരുടെ വേർപാട് അത് മനുഷ്യനായാലും മറ്റു ജീവജാലങ്ങൾക്കായാലും താങ്ങാവുന്നതിലും അപ്പുറമാണ്. തന്‍റെ പങ്കാളിയുടെ മരണം ഉലച്ചുകളഞ്ഞ ഒരു ​പെൺമയിലിന്‍റെ വീഡിയോ ഇ​പ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്​. ആൺമയിലിന്‍റെ ജഡം കുഴിച്ചിടാനായി കൊണ്ടുപോകു​ന്നവരെ വേദനയോടെ പിന്തുടരുന്ന പെൺമയിലിന്‍റെ നോവ്​ പടർത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്​.

രാജസ്ഥാനിലെ നഗൗർ ജില്ലയിലെ കുച്ചേരയിൽ നിന്നുള്ള വീഡിയോ ആണിത്​. റാംസ്വരൂപ് ബിഷ്‌ണോയി എന്ന വ്യക്തിയുടെ ഫാമിൽ നാല്​ വർഷമായി ഒരുമിച്ച്​ കഴിയുന്ന മയിലുകളിലൊന്നാണ് ഞായറാഴ്ച രാത്രി ചത്തത്​. നാല് വർഷത്തോളം ഒരുമിച്ച് ജീവിച്ച പങ്കാളിയുടെ ജഡത്തെ വിട്ടുപിരിയാൻ പെൺമയിലിന്​ കഴിയുന്നില്ല. ആൺമയിലിന്‍റെ ജീവൻ നിലച്ചപ്പോൾ മുതൽ ഏതാണ്ട്​ നാല്​ മണിക്കൂർ പെൺമയിൽ ജഡത്തിന്​ ചുറ്റും നടന്നിരുന്നതായി ഫാമിലെ ജീവനക്കാർ പറയുന്നു.



തിങ്കളാഴ്ച മയിലിന്‍റെ ജഡം കുഴിച്ചിടാനായി രണ്ടുപേർ ചുമന്ന്​ കൊണ്ടുപോകുമ്പോൾ പെൺമയിൽ അവരെ പിന്തുടരുന്ന ദൃശ്യം ഇന്ത്യൻ ഫോറസ്റ്റ്​ സർവീസ്​ ഉദ്യോഗസ്ഥനായ പർവീൺ കസ്വാൻ ആണ്​ ട്വിറ്ററിൽ പങ്കുവെച്ചത്​. 'ദീർഘകാലം പങ്കാളിയായിരുന്നയാളെ മരണശേഷം ഉപേക്ഷിക്കാൻ ഈ മയിലിന്​ ആകുന്നില്ല. ഹൃദയസ്പർശിയായ ദൃശ്യം' എന്ന അടിക്കുറിപ്പും അദ്ദേഹം നൽകി. വാട്​സാപ്പ്​ വഴിയാണ്​ ഈ വീഡിയോ ലഭിച്ചതെന്നും അദ്ദേഹം പറയുന്നു.

'ദൈനിക്​ ഭാസ്കറി'ന്‍റെ വാർത്ത പങ്കുവെച്ച്​ സംഭവം നടന്നത്​ എവിടെയാണെന്ന്​ വിശദീകരിച്ച്​ മറ്റൊരു ട്വീറ്റും അദ്ദേഹം പോസ്റ്റ്​ ചെയ്തിട്ടുണ്ട്​. രണ്ട്​ ലക്ഷത്തിലേറെ പേരാണ്​ ഇതുവരെ ഈ വീഡിയോ കണ്ടിരിക്കുന്നത്​. നിരവധി പേർ മൃഗങ്ങളുടെ സ്​നേഹം സംബന്ധിച്ച കമന്‍റുകളുമായി രംഗത്തെത്തിയിട്ടുണ്ട്​. 'മനുഷ്യനേക്കാൾ മൃഗങ്ങൾക്ക് പരസ്പരം സ്നേഹവും വാത്സല്യവും ഉണ്ട്. ഈ ദൃശ്യം ശരിക്കും മനസ്സിനെ സ്പർശിച്ചു', 'പക്ഷികളേയും മൃഗങ്ങളേയും സ്​​നേഹിക്കുന്നവർക്കേ ഈ വേദന എന്താണെന്ന്​ തിരിച്ചറിയൂ', 'സമകാലിക മനുഷ്യബന്ധങ്ങളിലേക്ക്​ കണ്ണുതുറപ്പിക്കുന്നതാണ്​ ഈ വീഡിയോ' തുടങ്ങിയ കമന്‍റുകളാണ്​ വീഡിയോക്ക്​ ലഭിച്ചിരിക്കുന്നത്​. 

Tags:    
News Summary - Peacock refuses to leave 'long time partner' after its death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.