ട്രെയിൻ കോച്ചിനുള്ളിൽ ആരതിയും ഭജനയും; ദൃശ്യങ്ങൾ വൈറലായതോടെ 'എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന്' ചോദ്യം

ന്യൂഡൽഹി: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനുള്ളിൽ മതപരമായ ചടങ്ങുകൾ നടത്തുന്ന യാത്രക്കാരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ട്രെയിൻ കോച്ചിനെ താൽക്കാലിക ക്ഷേത്രമാക്കി മാറ്റി ആരതിയും ഭജനയും നടത്തുന്നതാണ് വിഡിയോയിലുള്ളത്. ഇതിനെ ചോദ്യം ചെയ്ത് സമൂഹമാധ്യമങ്ങളിൽ തർക്കം. പൊതുസ്ഥലത്തെ ഇത്തരം പ്രവൃത്തികൾക്കെതിരെയുള്ള വിമർശനങ്ങളും ചർച്ചകളുമാണ് ഇപ്പോൾ ഉയരുന്നത്.

ട്രെയിനിലെ അപ്പർ ബെർത്ത് പൂക്കളും ദൈവങ്ങളുടെ ചിത്രങ്ങളും ഉപയോഗിച്ച് ഒരു ചെറിയ ക്ഷേത്രം പോലെ അലങ്കരിച്ചാണ് ചടങ്ങുകൾ നടത്തിയത്. നിരവധി യാത്രക്കാർ ഇതിന് ചുറ്റും കൂടിനിന്ന് ഭക്തിഗാനങ്ങൾ പാടുന്നതും പ്രാർത്ഥിക്കുന്നതും വിഡിയോയിൽ കാണാം. പൊതുഗതാഗത സംവിധാനങ്ങളിൽ ഇത്തരം കാര്യങ്ങൾ അനുവദനീയമാണോ എന്ന ചോദ്യമാണ് ഭൂരിഭാഗം പേരും ഉയർത്തുന്നത്. ഇതോടൊപ്പം റെയിൽവേ അധികൃതരെ ടാഗ് ചെയ്തുകൊണ്ടും നിരവധി പേർ രംഗത്തെത്തി. സുരക്ഷാ പ്രശ്നങ്ങളും മറ്റ് യാത്രക്കാർക്കുണ്ടാകുന്ന അസൗകര്യങ്ങളും ചൂണ്ടിക്കാട്ടിയാണ് വിമർശനം.



"ഒരു മുസ്‌ലിം ട്രെയിനിൽ നമസ്കരിച്ചാൽ അത് തെറ്റാണെന്ന് പറയുന്നവർ ഇതിനെ എങ്ങനെ ന്യായീകരിക്കും? ഞാൻ ഒരു ഹിന്ദുവാണെങ്കിലും ആദ്യം ഒരു ഇന്ത്യക്കാരനാണ്," എന്ന് ചൂണ്ടിക്കാട്ടിയും വിമർശനങ്ങൾ ഉയർന്നു. "ഇവരെന്തുകൊണ്ട് ഇതുവരെ ജയിലിലായില്ല? പൊതുസ്ഥലത്ത് ഇങ്ങനെയുള്ള കാര്യങ്ങൾ അനുവദിക്കുന്നതെങ്ങനെയെന്നും?" വിഡിയോക്ക് കമന്റായി വരുന്നുണ്ട്.

അതേസമയം യാത്രക്കാരെ അനുകൂലിച്ചും ചിലർ രംഗത്തെത്തി. ഇത് സാധാരണ ട്രെയിനല്ലെന്നും തീർത്ഥാടന വിനോദസഞ്ചാരത്തിനായി പ്രത്യേകമായി ഓടിക്കുന്ന ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനാണെന്നുമാണ് ഇവരുടെ വാദം. ഇത്തരം ട്രെയിനുകളിൽ ഭക്തിനിർഭരമായ ചടങ്ങുകൾ ഔദ്യോഗികമായി തന്നെ അനുവദിക്കാറുണ്ടെന്നും യാഥാർത്ഥ്യം മനസ്സിലാക്കാതെയാണ് പലരും വിമർശിക്കുന്നതെന്നും ഇവർ പറയുന്നു.

വിഷയത്തിൽ നാഷണൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും പ്രതികരിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിലെ മാന്യത പാലിക്കണമെന്നും യാത്രക്കിടയിൽ അച്ചടക്കം നിലനിർത്തണമെന്നും എൻ.സി.ഐ.ബി തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ നിർദ്ദേശിച്ചു.  

Tags:    
News Summary - Passengers Perform Aarti Mid-Journey Inside Decorated Train Coach; Internet Asks 'Why Are They Not In Jail Already?'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.