ദി ഷീപ്പ് ഡിറ്റക്ടീവ്‌സ്
തിയറ്ററുകളിൽ വലിയ ഓളം തീർത്ത ശേഷം, ഒ.ടി.ടി.യിലും തരംഗമായി മാറിയിരിക്കുകയാണ് കെയ്ൽ ബാൽഡ സംവിധാനം ചെയ്ത 'ദ ഷീപ്പ് ഡിറ്റക്ടീവ്‌സ്'. ലിയോണി സ്വാൻ എഴുതിയ 'ത്രീ ബാഗ്സ് ഫുൾ' എന്ന പ്രശസ്ത നോവലിനെ ആസ്പദമാക്കി ഒരുക്കിയ ഈ മിസ്റ്ററി കോമഡി ചിത്രം, ഇപ്പോൾ മലയാളികളുടെയും പ്രിയപ്പെട്ട സിനിമയായി മാറിയിരിക്കുന്നു. സിനിമയിലെ ഓരോ ഡയലോഗും ഇന്ന് സോഷ്യൽ മീഡിയയിലെ മീമുകളിലും ഷോർട്ട് വിഡിയോകളിലും നിറയുകയാണ്.
2024 മാർച്ചിലാണ് 'ത്രീ ബാഗ്സ് ഫുൾ: എ ഷീപ്പ് ഡിറ്റക്റ്റീവ് മൂവി' എന്ന പേരിൽ സിനിമയുടെ നിർമാണം ആരംഭിക്കുന്നത്. കെയ്ൽ ബാൽഡ ഇതിലേക്കെത്തുന്നത് 2024 ജൂണിലും. ചിത്രത്തിലെ മൃഗങ്ങൾക്കായി അനിമേഷൻ നൽകിയത് ഫ്രെയിംസ്റ്റാർ ആണ്. 2026 മെയ് 8ന് അമേരിക്കയിൽ ആമസോൺ എം.ജി.എം സ്റ്റുഡിയോയും അന്താരാഷ്ട്രതലത്തിൽ സോണി പിക്‌ചേഴ്‌സ് റിലീസിങ് ഇന്റർനാഷണലും ചേർന്നാണ് സിനിമ റിലീസ് ചെയ്തത്.
തങ്ങളുടെ പ്രിയപ്പെട്ട ആട്ടിടയൻ കൊല്ലപ്പെടുമ്പോൾ, ആ കൊലപാതകം തെളിയിക്കാൻ ഒരു കൂട്ടം ആടുകൾ തന്നെ രംഗത്തിറങ്ങുന്നു. ഹ്യൂ ജാക്ക്മാൻ, നിക്കോളാസ് ബ്രൗൺ, എമ്മ തോംസൺ തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രം, ഹോളിവുഡിൽ മികച്ച വിജയമാണ് കൈവരിച്ചത്. 7.5 കോടി ഡോളർ മുതൽ മുടക്കിൽ ഒരുങ്ങിയ ചിത്രം ഇതുവരെ 12.8 കോടി ഡോളറാണ് ബോക്സ് ഓഫീസിൽ നിന്ന് വാരിക്കൂട്ടിയത്.
ആമസോൺ പ്രൈമിലൂടെ ഒ.ടി.ടിയിൽ എത്തിയതോടെയാണ് ഈ ചിത്രം മലയാളികളുടെ വീടുകളിലും ചർച്ചാവിഷയമായത്. അപ്രതീക്ഷിതമായി മലയാളം ഡബ്ബിങ് പതിപ്പ് കൂടി റിലീസ് ചെയ്തതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. വെറുതെ ഒന്ന് കണ്ടുനോക്കിയവർ പോലും സിനിമയുടെ ആരാധകരായി മാറി എന്നതാണ് സത്യം. ‘മലയാളത്തിൽ ഡബ്ബ് ചെയ്ത ഒരു ഇംഗ്ലീഷ് സിനിമ ഇത്രയധികം ആസ്വദിക്കുന്നത് ഇതാദ്യമായാണ്. സെബാസ്റ്റ്യനും ലില്ലിയും ജോർജും ഇപ്പോൾ ഞങ്ങളുടെ മനസ്സിൽ കയറിക്കൂടി’ എന്നാണ് സോഷ്യൽ മീഡിയയിലെ പൊതുവെയുള്ള അഭിപ്രായം. ഡബ്ബിങ്ങിലെ പെർഫക്ഷനും കയ്യടി കിട്ടുന്നുണ്ട്.
രസകരമായ സംഭാഷണങ്ങൾ തിയറ്ററുകളേക്കാൾ ഒ.ടി.ടി.യിൽ മലയാളം പതിപ്പിന് കൂടുതൽ ജനപ്രീതി നേടിക്കൊടുത്തു. ലില്ലി എന്ന കഥാപാത്രത്തിന് മരിയ ലാലി ജോണിയും, സെബാസ്റ്റ്യന് സൽമാൻ അനസും നൽകിയ ശബ്ദം സിനിമക്ക് മറ്റൊരു തലമാണ് നൽകിയത്. ലില്ലിയും സെബാസ്റ്റ്യനും ജോർജും ഒക്കെ ഇപ്പോൾ മലയാളികളുടെ സ്വന്തം കഥാപാത്രങ്ങളായി മാറിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.