ശല്യം ചെയ്ത സഹയാത്രികനിൽ നിന്ന് അവസരോചിതമായി രക്ഷപ്പെടുത്തിയ കെ.എസ്.എർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസിലെ ഡ്രൈവറെയും സ്നേഹത്തോടെ പെരുമാറിയ കണ്ടക്ടറെയും നന്ദിപൂർവം പ്രകീർത്തിച്ച് ഗതാഗത മന്ത്രി ഗണേഷ് കുമാറിനെ അഭിസംബോധന ചെയ്ത് കത്തെഴുതി യാത്രക്കാരി. മന്ത്രിയുടെ ഔദ്യോഗിക മെയിൽ ഐ.ഡിയിലേക്കാണ് അവർ കത്തയച്ചത്. പിന്നീട് ആ മെയിൽ ഡിപ്പോയിലേക്ക് ഷെയർ ചെയ്തു. തുടർന്ന് അടുത്ത ശനിയാഴ്ച നടക്കുന്ന ഡ്രൈവേഴ്സ് മീറ്റിൽ ഈ ഡ്രൈവറെയും കണ്ടക്ടറെയും ആദരിക്കുകയാണ് എന്ന് പറഞ്ഞ് ഡിപ്പോയിൽ നിന്ന് അസിസ്റ്റന്റ് മാനേജർ വിളിക്കുകയും ചെയ്തു.
ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. കോഴിക്കോട്ട് ഒരു യോഗത്തിൽ പങ്കെടുത്ത ശേഷം തിരിച്ച് നാട്ടിലേക്കുള്ള യാത്രയിലായിരുന്നു കൊടുങ്ങല്ലൂർ സ്വദേശിയായ ഷമീന തൗസീഫ്. അന്ന് വൈകീട്ട് 4.35 ന് കൊടുങ്ങല്ലൂരിലേക്കുള്ള ബസാണ് അവർ ബുക്ക് ചെയ്തിരുന്നത്. എന്നാൽ തകരാറുമൂലം ആ ബസിന് സമയത്ത് എത്താൻ കഴിഞ്ഞില്ല. തുടർന്ന് കണ്ടക്ടറെ വിളിച്ചപ്പോൾ അദ്ദേഹം സ്റ്റേഷൻ മാസ്റ്ററോട് സംസാരിച്ച് കൊല്ലത്തേക്കുള സൂപ്പർ ഫാസ്റ്റിൽ യാത്ര ചെയ്യാൻ സൗകര്യം ഒരുക്കി കൊടുക്കുകയും ചെയ്തു.
വനിത കണ്ടക്ടർ ആയിരുന്നു ബസിലുണ്ടായിരുന്നത്. ആരോഗ്യ പ്രശ്നത്തെ കുറിച്ച് പറഞ്ഞപ്പോൾ കണ്ടക്ടർ ഷമീനക്ക് സൗകര്യപ്രദമായ ഒരു സീറ്റ് ഒരുക്കികൊടുക്കുകയും ചെയ്തു. ബസ് ഗുരുവായൂരിലെത്തിയപ്പോൾ സീറ്റ് കാലിയായി. തുടർന്ന് ഷമീന വിൻഡോ സീറ്റിലേക്ക് മാറിയിരിക്കുകയും ചെയ്തു. പെട്ടെന്ന് അത്ര സുഖകരമല്ലാത്ത രീതിയിൽ ഒരു യുവാവ് അവരുടെ സീറ്റിൽ വന്നിരുന്നു. യുവതി മറ്റൊരു സീറ്റിലേക്ക് മാറിയിരുന്നു. കെ.എസ്.ആർ.ടി.സി ഡ്രൈവർ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വന്നിരുന്ന ആൾ പരസ്പര ബന്ധമില്ലാതെ എന്തൊക്കെയോ ഡ്രൈവറോട് ചോദിച്ചുകൊണ്ടിരുന്നു. എല്ലാറ്റിനും അദ്ദേഹം മറുപടിയും നൽകി. അയാൾ സ്ത്രീകൾ ഇരിക്കുന്ന ഭാഗത്തേക്ക് നോക്കിക്കൊണ്ടിരിക്കുന്നത് കണ്ടപ്പോൾ സ്വരം കടുപ്പിക്കുകയും ചെയ്തു. തുടർന്ന് കയറിവന്നയാൾ ബസിൽ നിന്നിറങ്ങിപ്പോയി. അയാൾ പോയ ഉടനെ യുവതിയോട് നേരത്തേ ഇരുന്ന സീറ്റിൽ തന്നെ പോയിരുന്നോ എന്നും പറഞ്ഞു. അതുകേട്ടപ്പോൾ സ്വന്തം വീട്ടിൽ അച്ഛനോ അമ്മയോ ഒക്കെ കരുതലോടെ പെരുമാറുന്നതു പോലെയാണ് തോന്നിയതെന്നും പറഞ്ഞാണ് യുവതി കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
കുറിപ്പിന്റെ പൂർണ രൂപം:
ബഹുമാനപ്പെട്ട ഗണേഷ് കുമാർ Sir ന്
ഞാൻ ഷെമീന തൗസീഫ്,കൊടുങ്ങല്ലൂർ സ്വദേശിയാണ്.. എന്റെ ഹൃദയം നിറഞ്ഞ സന്തോഷത്തോടെ ഞാൻ ഈ കുറിപ്പ് പങ്ക് വെക്കുകയാണ്, ഇന്ന് (20-01-2026) official meeting attend ചെയ്യാനായി വെളുപ്പിന് കോഴിക്കോട് പോയതാണ്. വൈകുന്നേരം 4.35pm ന് കൊടുങ്ങല്ലൂർക്കുള്ള ബസ് ഞാൻ നേരത്തെ ബുക്ക് ചെയ്തിരുന്നു, അപ്രതീക്ഷിതമായി ആ ബസ്സിന് സംഭവിച്ച തകരാറ് മൂലം ബസ്സിന് കറക്റ്റ് സമയത്ത് എത്താൻ പറ്റാതാവുകയും കണ്ടക്ടറെ കോൺടാക്ട് ചെയ്തപ്പോൾ അദ്ദേഹം station മാസ്റ്ററെ connect ചെയ്ത് എനിക്ക് Kollam Depot Super fast (RPE54-KL 15 A0694) യാത്ര ചെയ്യാൻ സൗകര്യമൊരുക്കുകയും ചെയ്തു Manjusha എന്ന് പേരുള്ള ഒരു lady
conductor ആയിരുന്നു എന്റെ health പരമായ ഒരു ബുദ്ധിമുട്ട് അറിയിച്ചപ്പോൾ എന്നെ safe ആയി ഒരു സീറ്റിൽ ഇരുത്തുകയും വളരെ സൗമ്യമായ പെരുമാറ്റമായിരുന്നു.. ഗുരുവായൂർ സ്റ്റാന്റ് എത്തിയപ്പോൾ കുറച്ച് സീറ്റുകൾ കാലിയാവുകയും ഞാൻ ഒരു window സീറ്റിലേക്ക് മാറിയിരിക്കുകയും ചെയ്തു, പെട്ടെന്ന് അത്ര സുഖകരമല്ലാത്ത രീതിയിൽ ഒരു യുവാവ് എന്റെ സീറ്റിൽ ഒട്ടും മാന്യമല്ലാതെ വന്നിരുന്നു, ഞാൻ അപ്പോൾ തന്നെ വേറെ സീറ്റിലേക്ക് ഇരുന്നു, ഡ്രൈവർ സീറ്റിൽ ഇരുന്ന് Ashoka Panikkar ചേട്ടൻ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു, വന്നിരുന്ന ആൾ എന്തൊക്കെയോ ഡ്രൈവറോട് പരസ്പര ബന്ധമില്ലാതെ ചോദിച്ചോണ്ടിരുന്നു എല്ലാത്തിനും അദ്ദേഹം ഉത്തരവും കൊടുത്ത്, ആള് സ്ത്രീകൾ ഇരിക്കുന്ന ഭാഗത്തേക്ക് ഉറ്റു നോക്കി കൊണ്ടിരിക്കുന്നത് കണ്ടതും ഡ്രൈവർ ചേട്ടൻ സ്വരം ചെറുതായൊന്നു കടുപ്പിച്ചു, തന്റെ പരിപ്പ് ഈ കലത്തിൽ വേവില്ലെന്ന് മനസ്സിലായതോടെ അയാൾ ആടി ആടി അവിടെന്ന് ഇറങ്ങി പോയി, അയാൾ പോയ ഉടനെ ഡ്രൈവർ എന്നെ നോക്കി "മോൾ അവിടെ പോയി ഇരുന്നോ ന്ന് പറഞ്ഞു " അത് കേട്ടപ്പോൾ നമ്മുടെ വീട്ടിൽ അച്ഛനോ ചേട്ടനോ ഒക്കെ കരുതലോടെ പറയുന്ന പോലെ എനിക്ക് തോന്നി.. അവിടെ വന്നിരുന്ന ആൾ ഒട്ടും ബോധത്തിലല്ല എന്ന് മനസ്സിലാക്കി വളരെ ശ്രദ്ധാപൂർവമാണ് അദ്ദേഹം അത് കൈകാര്യം ചെയ്തത്... ഇത് പോലെ ഒരുപാട് Manjusha മാരും Ashoka Panicker മാരും ഒക്കെ നമുക്ക് ചുറ്റും ഉണ്ടാകും, തിരക്ക് പിടിച്ച ഈ ജീവിതത്തിനിടയിൽ പലരും കുറിക്കാൻ മറക്കുന്നതാവാം. എനിക്ക് എന്തായാലും ഇന്ന് ഇത് എഴുതാതെ ഉറങ്ങാൻ കഴിയില്ല.. ഇത് അവർ കാണാൻ ഇടയാവുകയാണെങ്കിൽ നന്ദി Manjusha Chechi and Ashoka ചേട്ടാ.. എന്നെ പരിഗണിച്ചതിന് എന്നെ കരുതലോടെ ചേർത്ത് പിടിച്ചതിന്..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.