ടാക്സി ഡ്രൈവർ
മുംബൈ: ഒരു ടാക്സി ഡ്രൈവറുടെ ജീവിതകഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എൻജിനീയറിങ് ബിരുദമുണ്ടായിട്ടും സാധാരണ കോർപ്പറേറ്റ് ജോലിക്ക് പോകാതെ, സ്വന്തമായി സംരംഭം ആരംഭിച്ച് ഇന്ന് മാസത്തിൽ 2 ലക്ഷം രൂപ വരെ വരുമാനം നേടുന്ന ഇദ്ദേഹത്തിന്റെ യാത്ര പലർക്കും പ്രചോദനമാണ്. കനേഡിയൻ കണ്ടന്റ് ക്രിയേറ്റർ കാലെബ് ഫ്രീസെൻ പങ്കുവെച്ച വിഡിയോയിലൂടെയാണ് ഈ യുവാവിന്റെ ബിസിനസ്സ് വിജയഗാഥ പുറംലോകമറിയുന്നത്.
എൻജിനീയറിങ് പൂർത്തിയാക്കിയ ശേഷം ലഭിച്ച ജോലി വാഗ്ദാനങ്ങളിൽ ശമ്പളം 20,000 മുതൽ 30,000 രൂപ വരെ മാത്രമായിരുന്നു. പഠനത്തിനായി ചെലവാക്കിയ പണവും സമയവും വെച്ച് നോക്കുമ്പോൾ ഈ ശമ്പളം തീർത്തും അപര്യാപ്തമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. സ്വന്തമായി എന്തെങ്കിലും തുടങ്ങുന്നതാണ് ഭാവിയിൽ കൂടുതൽ ഗുണകരമെന്ന് മനസ്സിലാക്കിയാണ് അദ്ദേഹം സംരംഭകത്വത്തിലേക്ക് തിരിഞ്ഞത്.
ഒരു കാർ മാത്രം വാങ്ങി ചെറിയ രീതിയിൽ തുടങ്ങിയ ബിസിനസ്സ് ഇന്ന് നാല് വാഹനങ്ങളിലേക്ക് വളർന്നു. സ്വന്തമായി ഒരു കാർ ഓടിക്കുന്നു. ബാക്കി മൂന്ന് കാറുകൾ മറ്റ് ഡ്രൈവർമാരെ ഏൽപ്പിച്ചിരിക്കുകയാണ്. ഇതിൽ നിന്നുള്ള വരുമാനം പങ്കുവെക്കുന്ന രീതിയിലാണ് ബിസിനസ്സ് നടക്കുന്നത്. മാസത്തിൽ ഏകദേശം 2 ലക്ഷം രൂപയോളം വരുമാനം ലഭിക്കുന്നുണ്ട്. ലോൺ തിരിച്ചടവും ചെലവുകളും കഴിഞ്ഞ് ഏകദേശം 1.7 ലക്ഷം രൂപ കയ്യിൽ മിച്ചം ലഭിക്കുന്നു.
‘ജീവിതത്തിൽ റിസ്ക് എടുക്കാൻ തയാറായില്ലെങ്കിൽ നിങ്ങൾ മറ്റൊരാൾക്ക് വേണ്ടി ജോലി ചെയ്യേണ്ടി വരും. 60 വയസ്സിന് ശേഷം ആരും നിങ്ങൾക്ക് ജോലി നൽകില്ല’ എന്ന് അദ്ദേഹം പറയുന്നു. വലിയ കമ്പനികൾ പോലും തുടക്കത്തിൽ ചെറിയ രീതിയിലാണ് ആരംഭിച്ചതെന്നും, സ്വന്തം സ്വപ്നങ്ങൾക്ക് വേണ്ടി പ്രയത്നിക്കുന്നതാണ് എപ്പോഴും നല്ലതെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. ഈ വിഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്. പരമ്പരാഗതമായ ശമ്പള ജോലികളേക്കാൾ ഉപരിയായി, സ്വന്തമായി ആസ്തികൾ സൃഷ്ടിക്കുന്നതിനും സംരംഭകത്വം വളർത്തുന്നതിനുമുള്ള പ്രാധാന്യത്തെക്കുറിച്ച് നിരവധി പേരാണ് അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.