സഖാവ് കുഞ്ഞാലി, ആര്യാടൻ മുഹമ്മദ്, കെ.ടി. മുഹമ്മദ്

‘എന്‍റെ ഒരു കഥാപാത്രവും അഭിമുഖീകരിക്കാത്ത ധർമസങ്കടമാണ് ആര്യാടന് വേണ്ടി തെരഞ്ഞെടുപ്പ് പ്രസ്താവന എഴുതേണ്ടി വന്നപ്പോൾ അനുഭവിച്ചത്’

കോഴിക്കോട്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്‍റെ പ്രചാരണച്ചൂട് കൂടുമ്പോൾ തെരഞ്ഞെടുപ്പ് ഓർമകൾ പങ്കുവെച്ച് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ജമാൽ കൊച്ചങ്ങാടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കുഞ്ഞാലി വധക്കേസിൽ വിചാരണ തടവുകാരനാവുകയും പിന്നീട് ഇടത് സ്ഥാനാർഥിയായി മത്സരിക്കുകയും ചെയ്ത ആര്യാടൻ മുഹമ്മദിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രസ്താവന തയാറാക്കേണ്ടി വന്നതിനെ കുറിച്ച് നാടകാചാര്യൻ കെ.ടി. മുഹമ്മദിന്‍റെ വെളിപ്പെടുത്തലാണ് ജമാൽ കൊച്ചങ്ങാടി പോസ്റ്റിൽ വിവരിക്കുന്നത്.

'തന്‍റെ ഒരു കഥാപാത്രവും അഭിമുഖീകരിച്ചിട്ടില്ലാത്ത ധർമസങ്കടമാണ് ആര്യാടന് വേണ്ടി തെരഞ്ഞെടുപ്പ് പ്രസ്താവന എഴുതേണ്ടി വന്നപ്പോൾ അനുഭവിച്ചതെ'ന്നാണ് കെ.ടി. മുഹമ്മദ് പറഞ്ഞതായി ജമാൽ പറയുന്നു. പെങ്ങളുടെ വ്രണിതവികാരമോ പാർട്ടിയുടെ ശാസനമോ ഏതാണ് സ്വീകരിക്കേണ്ടത് എന്നതായിരുന്നു കെ.ടിയുടെ ധർമസങ്കടം. രാഷ്ട്രീയത്തിൽ ശാശ്വതമായ ശത്രുത ആരോടുമില്ല എന്ന ന്യായമായിരുന്നു പാർട്ടി നേതൃത്വം നൽകിയ വിശദീകരണമെന്നും ജമാൽ കൊച്ചങ്ങാടി പോസ്റ്റിൽ പറയുന്നു.

1969ലാണ് നിലമ്പൂർ എം.എൽ.എയായിരുന്ന കുഞ്ഞാലി കൊല്ലപ്പെടുന്നത്. കുഞ്ഞാലിയുടെ ഭാര്യ സൈനയുടെ സഹോദരനാണ് കെ.ടി. മുഹമ്മദ്. 1980ൽ ഇടതുമുന്നണി ഘടകകക്ഷിയായ കോൺഗ്രസ് (യു) സ്ഥാനാർഥിയായാണ് ആര്യാടൻ മുഹമ്മദ് നിലമ്പൂരിൽ മത്സരിച്ചത്. സി.പി.എം സഹയാത്രികനായിരുന്ന കെ.ടി. മുഹമ്മദാണ് പാർട്ടി നിർദേശ പ്രകാരം ആര്യാടൻ മുഹമ്മദിനെ വിജയിക്കണമെന്ന് അഭ്യർഥിക്കുന്ന പ്രസ്താവന തയാറാക്കിയത്.

കുഞ്ഞാലി വധക്കേസിൽ ഒമ്പത് മാസം വിചാരണത്തടവുകാരനായി ജയിലിൽ കിടക്കേണ്ടിവന്ന ആര്യാടൻ മുഹമ്മദിനെ വിചാരണക്കൊടുവിൽ പ്രതിയല്ലെന്ന് കണ്ട് കോടതി വിട്ടയക്കുകയായിരുന്നു.

ജമാൽ കൊച്ചങ്ങാടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

കെ.ടി. എഴുതാതെ പോയ നാടകം

"എൻ്റെ ഒരു കഥാപാത്രവും അഭിമുഖീകരിച്ചിട്ടില്ലാത്ത ധർമ്മസങ്കടമാണന്ന് ഞാൻ

അന്നനുഭവിച്ചത്, ജമാലെ "

സഹോദരി സൈനയുടെ വികാരങ്ങളെ മുറിപ്പെടുത്തി ഒരു തെരഞ്ഞെടുപ്പ് നോട്ടീസ് എഴുതേണ്ടിവന്നതിനെപ്പറ്റി

പറയുകയായിരുന്നു ഒരഭിമുഖത്തിൽ

നാടകാചാര്യനായ കെ.ടി. മുഹമ്മദ്.

1969ൽ കൊല്ലപ്പെട്ട നിലമ്പൂർ എം.എൽ.എ. സ: കുഞ്ഞാലിയുടെ വിധവയായിരുന്നു സൈന.

കെ.ടി.യുടെ സഹോദരി.

ആ കൊലക്കേസിൽ പ്രധാന പ്രതിയെന്ന നിലയിൽ ഒമ്പതുമാസം വിചാരണത്തടവുകാരനായി

ജയിലിൽ കിടക്കേണ്ടിവന്ന

ആര്യാടൻ മുഹമ്മദിനെ വിജയിക്കണമെന്ന് അഭ്യർത്ഥിക്കുന്ന പ്രസ്താവനയാണ്

സൈനയുടെ പേരിൽ എഴുതേണ്ടത്.

1980 ൽ ആയിരുന്നത്.

"നീലമ്പൂരിലെയെന്നല്ല, ലോകത്തിൽ ഒരു സ്ത്രീക്കും ഈ ഗതികേടുണ്ടാകരുത്"

എന്ന വാചകമാണ് വെട്ടിക്കളയേണ്ടത്.

പെങ്ങളുടെ വ്രണിതവികാരമോ

പാർട്ടിയുടെ ശാസനമോ

ഏതാണ് സ്വീകരിക്കേണ്ടത്

എന്നതായിരുന്നു

എഴുത്തുകാരൻ്റെ ധർമ്മസങ്കടം.

രാഷ്ട്രീയത്തിൽ ശാശ്വതമായ ശത്രുത

ആരോടുമില്ല എന്ന ന്യായമായിരുന്നു പാർട്ടി നേതൃത്വം നൽകിയ വിശദീകരണം.

കോൺഗ്രസ് (യു) സ്ഥാനാർത്ഥിയായിട്ടാണന്ന് ആര്യാടൻ മത്സരിച്ചത്. ഇടതുമുന്നണി ഘടക കക്ഷി.

വമ്പിച്ച ഭൂരിപക്ഷത്തോടെ

ആര്യാടൻ ജയിച്ചുവെങ്കിലും

നായനാർ സർക്കാരിൻ്റെ പതനത്തിനിടയാക്കി

പിന്തുണ പിൻവലിച്ചതും

ആ ഘടകകക്ഷി തന്നെ.

കെ.ടി. മുഹമ്മദ് ഒരു കമ്യൂ: പാർട്ടി മെമ്പറായിരുന്നൊ എന്നറിയില്ല.

എന്നാലും, എക്കാലവും അതിൻ്റെ സഹയാത്രികനായിരുന്നു.

സംഗീതനാടക അക്കാദമിയുടേയും

ചലച്ചിത്രവികസന കോർപ്പറേഷൻ്റെയും

അധ്യക്ഷനായിരുന്നു.

നീലമ്പൂർ തെരഞ്ഞെടുപ്പ്

വരുമ്പോഴെല്ലാം

കെ.ടി.യുടെ വാക്കുകളോർക്കാറുണ്ട്

Tags:    
News Summary - Memories of KT Muhammad of Aryadan Muhammed and Nilambur Election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.