പുണെ (മഹാരാഷ്ട്ര): സമീപത്ത് കട്ടിലിനരികെ ഉറങ്ങിക്കിടക്കുകയായിരുന്ന വളർത്തുനായയെ പുള്ളിപ്പുലി കടിച്ചു കൊണ്ടു പോയി. ഒന്നുമറിയാതെ മൊബൈലിൽ മുഴുകിയ വീട്ടുകാരന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഞായറാഴ്ച പുലർച്ചെ 3:30ഓടെ പുണെക്കടുത്ത ഭോർ താലൂക്കിലെ ദേഗാവ് ഗ്രാമത്തിലാണ് സംഭവം.
ദേഗാവ് ഗ്രാമവാസിയായ ജയാനന്ദ് കാലെയുടെ വളർത്തുനായയെ ആണ് പുള്ളിപ്പുലി കടിച്ചു കൊണ്ടു പോയത്. മൃഗങ്ങളുടെ ആവാസ വ്യവസ്ഥകളിൽ മനുഷ്യരുടെ കടന്നുകയറ്റം വർധിച്ചതോടെ പുണെയിൽ അടുത്തിടെ പുള്ളിപ്പുലി ആക്രമണങ്ങൾ വർധിച്ചതായാണ് കണക്കുകൾ പറയുന്നത്.
വിഡിയോയിൽ പുള്ളിപ്പുലി പതുക്കെ നടക്കുന്നതും വളർത്തുനായയെ കണ്ട ശേഷം വീടിന്റെ മുറ്റത്ത് വെച്ച് അതിനെ ആക്രമിക്കുന്നതും കാണാം. അതേസമയം, ഉടമ തന്റെ വളർത്തുമൃഗത്തിനടുത്തുള്ള കട്ടിലിൽ ഫോണിൽ മുഴുകിയിരിക്കുകയാണ്. പുള്ളിപ്പുലി നായയെ ആക്രമിച്ചപ്പോൾ, ഉടമ പെട്ടെന്ന് എഴുന്നേറ്റു നിലവിളിച്ചുകൊണ്ട് വീട്ടുകാരെയും അയൽക്കാരെയും ഉണർത്തി. അപ്പോഴേക്കും പുള്ളിപ്പുലി ഓടി രക്ഷപ്പെട്ടിരുന്നു.
അതിനിടെ, ഇത്തരം സംഭവങ്ങൾ പതിവായതിനാൽ വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പുള്ളിപ്പുലികളുടെ എണ്ണം നിയന്ത്രിക്കുന്നതിനും ഭാവിയിലെ ആക്രമണങ്ങൾ തടയുന്നതിനും കെണികൾ സ്ഥാപിക്കുകയും മറ്റ് നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.