കോഴിക്കോട്: ഇൻസ്റ്റഗ്രാം വഴി പ്രണയത്തിലായ കാമുകിയെ നേരിൽ കണ്ടപ്പോൾ കാമുകന്‍റെ 'കിളിപാറി'. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം പരസ്പരം ഒന്നിക്കാനായി 22കാരനെ തേടിയെത്തിയത് നാലു കുട്ടികളുടെ അമ്മയായ വീട്ടമ്മ. കാമുകന്റെ പ്രായമുള്ള ഒരു മകനും വീട്ടമ്മക്കുണ്ട്. മലപ്പുറം ജില്ലയിലെ കാളികാവിലാണ് സംഭവം. കാമുകിയെ കണ്ട ഞെട്ടലിൽ നിന്ന് കാമുകൻ ഇതുവരെ മുക്തനായിട്ടില്ല.
യുവാവ് അയച്ചുകൊടുത്ത ലൊക്കേഷൻ അനുസരിച്ച് കോഴിക്കോട്ടു നിന്നാണ് കാമുകി കാളികാവിലെ വീട്ടിലെത്തിയത്. ഇൻസ്റ്റഗ്രാമിലൂടെയുള്ള പ്രണയം ആരംഭിച്ചിട്ട് നാളുകളായെങ്കിലും ഇരുവരും നേരിട്ടു കണ്ടിട്ടില്ലായിരുന്നു.
അമ്മയുടെ പ്രായമുള്ള കാമുകിയെ കണ്ടതോടെ യുവാവ് ഞെട്ടി. മറ്റ് വഴികൾ ഇല്ലാത്തതിനാൽ യുവാവും കുടുംബവും അവരെ വീട്ടിൽനിന്ന് ഇറക്കിവിടാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. യുവാവിനൊപ്പം പുതിയ ജീവിതം തുടങ്ങണമെന്നായിരുന്നു ഇവരുടെ നിലപാട്. ഇതോടെ കാമുകൻ അലമുറയിട്ടു പൊട്ടിക്കരഞ്ഞു.
കാമുകന് മകന്‍റെ പ്രായമേയുള്ളൂ എന്ന് മനസ്സിലാക്കിയിട്ടും ബന്ധത്തിൽനിന്ന് പിന്മാറാൻ വീട്ടമ്മ തയാറാവാഞ്ഞതോടെ യുവാവിന്റെ വീട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. വീട്ടമ്മയെ കാണാനില്ലെന്ന് ബന്ധുക്കൾ കോഴിക്കോട് പൊലീസിലും പരാതി നൽകിയിരുന്നു.
സംഭവം അറിഞ്ഞ് വീട്ടമ്മയുടെ ബന്ധുക്കളും കാളികാവിലെത്തി. വീട്ടമ്മ സ്വയം ഇറങ്ങി വന്നതല്ലെന്നും കാമുകൻ നിർബന്ധിച്ച് ഇറക്കിക്കൊണ്ടു വന്നതാണെന്നുമായിരുന്നു ഇവരുടെ നിലപാട്. കാമുകന് വീട്ടമ്മയുടെ ബന്ധുക്കളുടെ 'അടി' ഉറപ്പായതോടെ യുവാവിനെ വീട്ടുകാർ പൊലീസ് സ്റ്റേഷനിൽ നിന്നും രഹസ്യമായി മാറ്റി. 'പവിത്രമായ പ്രണയ'ത്തിന് ഇത്രയും വലിയ പര്യവസാനം ഉണ്ടായതോടെ നടുക്കത്തിലായ കാമുകനെ താങ്ങിയെടുത്താണ് ബന്ധുക്കൾ കൊണ്ടുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.