വിനോദസഞ്ചാരി ഫോട്ടോക്ക് പോസ് ചെയ്തു; തട്ടിമാറ്റി ബ്രിട്ടീഷ് കൊട്ടാരത്തിലെ കുതിര

ഫോട്ടോക്ക് പോസ് ചെയ്ത വിനോദസഞ്ചാരിയായ യുവതിയെ തട്ടിമാറ്റി ബ്രിട്ടീഷ് കുതിരപ്പട്ടാളത്തിലെ കുതിര. ലണ്ടനിലെ ഹോഴ്സ് ഗാർഡ് പരേഡ് നടക്കുന്ന സ്ഥലത്തിന് പുറത്ത് കാവൽ നിൽക്കുന്ന കുതിരയാണ് യുവതിയെ തട്ടിതെറിപ്പിച്ചത്. റോയൽ കിങ്സ് ഗാർഡ് ഇംഗ്ലണ്ടിന്‍റെ യൂട്യൂബ് ചാനൽ പുറത്തുവിട്ടതിന് പിന്നാലെ സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ വൈറലായി.

കുതിരയുടെ കഴുത്തിൽ പിടിച്ച് പുഞ്ചിരിച്ച് ഫോട്ടോക്ക് പോസ് ചെയ്യാനാണ് യുവതി ശ്രമിച്ചത്. എന്നാൽ, കുതിരയിൽ നിന്നുണ്ടായത് അപ്രതീക്ഷിത നീക്കമായിരുന്നു. കുതിര തല കൊണ്ട് ഇടിച്ചത് യുവതിയുടെ നെഞ്ചിലാണ്. കുതിരയുടെ മുകളിൽ കാവൽക്കാരൻ ഉള്ളപ്പോഴാണ് ഈ സംഭവം നടക്കുന്നത്.

കുതിരയുടെ അപ്രതീക്ഷിത പെരുമാറ്റത്തിൽ പതറിയ യുവതി വേച്ചുപോയി. പിന്നിലുണ്ടായിരുന്ന കൽമതിലിലും മറ്റൊരു സന്ദർശകന്‍റെ കൈയിലും പിടിച്ചതിനാൽ നിലത്ത് വീണില്ല. ഈ സമയത്ത് കാഴ്ചക്കാരിൽ ഒരാൾ യുവതിയെ ആശ്വസിപ്പിക്കുകയും ചെയ്തു. തുടർന്ന് ഫോട്ടോക്ക് വീണ്ടും ശ്രമിക്കാതെ ദമ്പതികൾ സ്ഥലംവിട്ടു.

സംഭവം നടക്കുമ്പോൾ പ്രോട്ടോക്കോൾ പാലിച്ച് കുതിരയുടെ മുകളിൽ നിശബ്ദനായി ഇരിക്കുകയായിരുന്നു പടയാളി. 'സൂക്ഷിക്കുക! കുതിരകൾ ചവിട്ടുകയോ കടിക്കുകയോ ചെയ്യാം' എന്ന സന്ദർശകർക്കുള്ള മുന്നറിയിപ്പ് ബോർഡിന് മുമ്പിലാണ് കുതിര നിലയുറപ്പിച്ചിരുന്നത്.

ആചാര പ്രകാരമുള്ള ചുമതലകൾ കൊണ്ടും വ്യത്യസ്തമായ യൂണിഫോമുകൾ കൊണ്ടും പ്രശസ്തമാണ് ബ്രിട്ടണിലെ കിംഗ്സ് ഗാർഡ്. കിംഗ്സ് ഗാർഡിന്‍റെ ഭാഗമാണ് ഹൗസ്ഹോൾഡ് കുതിരപ്പട. ഇത് ലൈഫ് ഗാർഡ്സ്, ദി ബ്ലൂസ് ആൻഡ് റോയൽസ് എന്നീ രണ്ട് റെജിമെന്‍റുകൾ ഉൾപ്പെടുന്നതാണ്. 

Tags:    
News Summary - King's Guard horse bites tourist as she touches it while posing for pic. Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.