വർഗീയ വിദ്വേഷ പ്രചാരണം; ഫേസ്ബുക് പോളിസി ഡയറക്ടർ അംഖി ദാസിനെതിരെ കേസ്

ന്യൂഡൽഹി: വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന പരാതിയിൽ ഫേസ്ബുക്കിന്‍റെ പബ്ലിക് പോളിസി ഡയറക്ടർ അംഖി ദാസിനെതിരെയും ഫേസ്ബുക് ഉപയോക്താക്കളായ മറ്റ് രണ്ട് പേർക്കെതിരെയും കേസെടുത്തു. ഛത്തീസ്ഗഢ് പൊലീസാണ് കേസെടുത്തത്. ഫേസ്ബുകിന്‍റെ ദക്ഷിണ-മധ്യ ഏഷ്യയുടെ ചുമതലയുള്ള പബ്ലിക് പോളിസി ഡയറക്ടറാണ് അംഖി ദാസ്.

റായ്പൂരിലെ പത്രപ്രവർത്തകനായ അവേശ് തിവാരിയുടെ പരാതിയിലാണ് കേസെടുത്തത്. അവേശിനെതിരെ നേരത്തെ വധഭീഷണി ഉയർത്തിയെന്ന പരാതി അംഖിദാസ് നൽകിയിരുന്നു.

അംഖിദാസിനെ കൂടാതെ  റാം സാഹു, വിവേക് സിംഹ എന്നിവർക്കെതിരെയാണ് കേസെടുത്തത്. മതവികാരം വ്രണപ്പെടുത്തൽ, സാമുദായിക ശത്രുതയ്ക്ക് പ്രേരിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

പരാതിക്കാരനായ അവേശ് തിവാരി ആഗസ്റ്റ് 16ന് വാൾസ്ട്രീറ്റ് ജേണലിലെ ലേഖനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. റാം സാഹു, വിവേക് സിംഹയും ഈ പോസ്റ്റിൽ അംഖി ദാസിനെ ന്യായീകരിച്ച് വിദ്വേഷ കമന്‍റുകൾ എഴുതി. അംഖി ദാസ് ഹിന്ദുവാണെന്നും വിശ്വാസത്തിന്‍റെ താൽപര്യത്തിലാണ് അവരുടെ നടപടികളെന്നും ഇരുവരും അവകാശപ്പെട്ടു. റാം സാഹു പിന്നീട് വർഗീയ വിദ്വേഷം നിറഞ്ഞ ഫോട്ടോകൾ പോസ്റ്റ് ചെയ്യുകയും തിവാരിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്നാണ് പരാതി നൽകിയത്.

സംഭവത്തിന് ശേഷം ഭീഷണി സന്ദേശങ്ങൾ തനിക്ക് ലഭിക്കുന്നതായി അവേശ് തിവാരി പറഞ്ഞു. 

ബി.ജെ.പി നേതാക്കളുടെ വർഗീയ പരാമർശങ്ങൾക്കെതിരെ ഫേസ്ബുക് നടപടിയെടുക്കുന്നില്ലെന്ന് വാൾസ്ട്രീറ്റ് ജേണൽ ലേഖനം പ്രസിദ്ധീകരിച്ചത് രാജ്യത്ത് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. അംഖി ദാസാണ് ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പോസ്റ്റുകൾക്ക് നേരെ കണ്ണടക്കാൻ ജീവനക്കാർക്ക് നിർദേശം നൽകുന്നതെന്ന് ലേഖനത്തിൽ ആരോപിച്ചിരുന്നു. 

തിവാരിക്കെതിരെ ഞായറാഴ്ച അംഖി ദാസ് ഡൽഹി സൈബർ സെല്ലിന് പരാതി നൽകിയിരുന്നു. തനിക്ക് വധഭീഷണിയുണ്ടെന്നും സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തുന്നുവെന്നും കാട്ടിയാണ് പരാതിപ്പെട്ടത്. ഇതിൽ അന്വേഷണം നടക്കുകയാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.