'ലേഡി ഡോക്ടർ ഓടിച്ചത്, ഫുൾ ഓപ്ഷൻ, പുതിയ ബാറ്ററിയും ടയറും'; തിരുവനന്തപുരത്തിറങ്ങിയ എഫ്-35നെ ഒ.എൽ.എക്സിൽ വിൽക്കാനിട്ട് വിരുതന്മാർ, വൈറലായി പോസ്റ്റ്

ബ്രിട്ടീഷ് നാവികസേനയുടെ അത്യാധുനിക എഫ്-35 ബി യുദ്ധവിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത് കഴിഞ്ഞ ശനിയാഴ്ചയാണ്. വിമാനത്തിന്റെ തകരാർ പരിഹരിക്കാൻ ഒരാഴ്ചയിലേറെയെടുത്തേക്കുമെന്നാണ് വിവരം. യുദ്ധവിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിനാണ് തകരാറെന്നാണ് സൂചന.

ഇന്ധനം കുറഞ്ഞതോടെ അടിയന്തര ലാൻഡിങ് നടത്തിയപ്പോഴാണ് ഹൈഡ്രോളിക് സംവിധാനത്തിന് തകരാറുണ്ടായത്. അറബിക്കടലിലെ സൈനികാഭ്യാസത്തിനിടെ 36,000 അടിയോളം പറന്നുയർന്ന വിമാനത്തിന് പ്രതികൂല കാലാവസ്ഥകാരണം നാവികസേനയുടെ എച്ച്.എം.എസ് പ്രിൻസ് ഓഫ് വെയിൽസ് എന്ന കപ്പലിൽ തിരിച്ചിറങ്ങാൻ സാധിക്കാതെ പലതവണ വട്ടമിട്ട് പറന്നപ്പോഴാണ് ഇന്ധനം കുറഞ്ഞത്. ഇതോടെ തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു.

എന്നാൽ, ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് എഫ്-35 യുദ്ധവിമാനവുമായി ബന്ധപ്പെട്ട മറ്റൊരു പോസ്റ്റാണ്. വിമാനത്തിന്‍റെ ഫോട്ടോയെടുത്ത ഏതോ വിരുതന്മാർ ഇത് വിൽപ്പനക്ക് വെച്ചതായി കാണിച്ച് ഒ.എൽ.എക്സ് വെബ്സൈറ്റിൽ ഇടുകയായിരുന്നു. കാറുകളും ബൈക്കുകളും വിൽക്കുമ്പോൾ സാധാരണ കൊടുക്കാറുള്ളതുപോലെ വിമാനത്തിന്‍റെ പ്രത്യേകതകളും രസകരമായി എഴുതിവെച്ചിട്ടുണ്ട്. 'ലേഡി ഡോക്ടർ ഓടിച്ചത്, ഫുൾ ഓപ്ഷൻ, പുതിയ ബാറ്ററിയും ടയറും, ട്രാഫിക് നിയമം ലംഘിക്കുന്നവരെ വെടിവെച്ച് കൊല്ലാൻ ഓട്ടോമാറ്റിക് ഗൺ, അയൽക്കാർക്ക് അസൂയയുണ്ടാക്കുന്ന വാഹനം, സെക്കൻഡ് ഓണർ...' എന്നിങ്ങനെയാണ് വിമാനത്തിന്‍റെ സവിശേഷതകളായി കൊടുത്തത്. നാല് മില്യൺ യു.എസ് ഡോളറാണ് വിലയിട്ടിരിക്കുന്നത്. 2026 വരെ വാറന്‍റിയുണ്ടെന്ന് പറയുന്നുണ്ട്. ലൊക്കേഷൻ കേരള എയർപോർട്ട് എന്നും കൊടുത്തിരിക്കുന്നു. 'ഡോണാൾഡു ട്രംപാൻ' എന്ന വെരിഫൈഡ് അക്കൗണ്ടിൽ നിന്നാണ് പോസ്റ്റ്.

 

സമൂഹമാധ്യമങ്ങളിൽ വൈറലായ പോസ്റ്റിൽ നിരവധി രസകരമായ കമന്‍റുകളാണ് വരുന്നത്. 115 മില്യൺ ഡോളർ വിലയുള്ള എഫ്-35 ബി വെറും നാല് മില്യൺ ഡോളറിന് കിട്ടുന്നത് വലിയ ലാഭമാണെന്ന് ഒരാൾ പറയുന്നു. എത്ര മൈലേജ് കിട്ടുമെന്നും സ്പെയർപാർട്സ് എളുപ്പം ലഭിക്കുമോയെന്നുമാണ് വേറൊരു കമന്‍റ്. തിരുവനന്തപുരം എയർപോർട്ടിൽ വന്നാൽ ടെസ്റ്റ് ഡ്രൈവിനു കിട്ടുമോയെന്നാണ് ഒരാളുടെ ചോദ്യം. 'അതിനങ്ങോട്ട് ചെന്നാൽ മതി, കസേരയിട്ട് ഒരാൾ അതിന്‍റെ വാതിൽക്കൽ തന്നെ ഇരിപ്പുണ്ട്' എന്നാണ് ഇതിന് ഒരാളുടെ മറുപടി. തിരുവനന്തപുരത്തെ എഫ്-35ന്‍റെ പൈലറ്റ് വിമാനത്തിനരികിൽ നിന്ന് അൽപ്പം പോലും മാറാതെ അടുത്ത് തന്നെ കസേരയിട്ട് ഇരിക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 

Tags:    
News Summary - F-35 landed in Thiruvananthapuram for sale on OLX, post goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.