കൊള്ളാം നന്നായിരിക്കുന്നു, ഇങ്ങനെയായിരിക്കണം ലീവ് അപേക്ഷ; ജീവനക്കാരിയെ അഭിനന്ദിച്ച് മേലധികാരി -ബോസിന് ഒരു കുതിരപ്പവനെന്ന് നെറ്റിസൺസ്

ലീവ് ചോദിക്കുക എന്നത് വലിയൊരു ടാസ്കാണ് പല ജീവനക്കാർക്കും. രസകരമായ ഒരു ലീവ് ലെറ്റർ സമൂഹമാധ്യമങ്ങളിൽ പറന്നുകളിക്കുന്നുണ്ട്. അർഹതയുള്ള ലീവ് പോലും എടുക്കാൻ ജീവനക്കാരെ അനുവദിക്കാത്ത മേലധികാരികൾ ഇത് വായിക്കണം എന്ന് പറഞ്ഞുകൊണ്ടാണ് പലരും ആ ലീവ് ലെറ്റർ പങ്കുവെക്കുന്നത്.

ഒറ്റനോട്ടത്തിൽ ലീവ് ലെറ്റർ കാണുമ്പോൾ നമുക്ക് രാജിക്കത്താണെന്ന് തോന്നും. ഗുരുഗ്രാം ആസ്ഥാനമായുള്ള ടോക്ക് ആൻഡ് ടാർഗറ്റ് സി.ഇ.ഒയും സ്ഥാപകയുമായ സോമ്യ ഗാർഗ് ആണ് ലീവ് ലെറ്റർ ലിങ്ക്ഡ് ഇനിൽ പങ്കുവെച്ചത്.

സോമ്യയുടെ ഓഫിസിലെ ജീവനക്കാരിയായ കൃതിക സിങ് ആണ് ആ വ്യത്യസ്തമായ ലീവ് ലെറ്റർ അയച്ചത്.

ഞാൻ പോകുന്നു എന്നാണ് ഇ-മെയിലിന്റെ സബ്ജക്റ്റ് ലൈനിൽ ഉണ്ടായിരുന്നത്. അത് കണ്ടപ്പോൾ രാജിക്കത്താണെന്നാണ് താൻ ആദ്യം കരുതിയതെന്നും മെയിൽ മുഴുവൻ വായിച്ചപ്പോഴാണ് അവധിക്കുള്ള അപേക്ഷയാണെന്ന് മനസിലായതെന്നും സോമ്യ പറയുന്നു.

ആ മെയിൽ ഏറെ ആസ്വദിച്ചുവെന്നും ലീവ് ലെറ്റർ ഇങ്ങനെയായിരിക്കണമെന്നും പറഞ്ഞുകൊണ്ടാണ് സോമ്യ ഗാർഗ് ലീവ് ലെറ്റർ പങ്കുവെച്ചിരിക്കുന്നത്.

''ഒടുവിൽ ഞാൻ കാത്തിരുന്ന ആ വിളി വന്നു. പർവതങ്ങളുടെ ക്ഷണപ്രകാരം ഞാൻ മലനിരകളിലേക്ക് പോവുകയാണെന്ന് അറിയിക്കുകയാണ്. വർക് ഫ്രം ഹോം ആയതിനാൽ അടുത്ത വ്യാഴാഴ്ച ഞാൻ ജോലിയിൽ പ്രവേശിക്കേണ്ട സമയത്തിന് ഒരു മണിക്കൂർ മുമ്പ് ജോലി തുടങ്ങാനും വൈകീട്ട് 6.30ഓടെ ജോലി തീർക്കാനും ആഗ്രഹിക്കുകയാണ്. അതോടൊപ്പം അതിന്റെ പിറ്റേന്ന് അവധിയെടുക്കാനും ആഗ്രഹമുണ്ട്. നന്ദി പ്രിയപ്പെട്ടവളേ...ശുഭ രാത്രി'' എന്നാണ് ലീവ് ലെറ്ററിൽ കൃതിക എഴുതിയത്.

വിരസമായ ഒട്ടനവധി പ്രഫഷനൽ മെയിലുകളുടെ കൂട്ടത്തിൽ വ്യത്യസ്തമായ ഒന്ന് കണ്ടത് തന്നെ വ​ളരെയധികം ആനന്ദിപ്പിക്കുന്നുവെന്നാണ് സോമ്യ കുറിച്ചത്. പ്രഫഷനലിസവും വ്യക്തിത്വവും തുറന്നുകാട്ടുന്ന ഒരു അപേക്ഷയാണിതെന്നുമാണ് പലരും മറുപടിയായി കുറിച്ചത്.

ഓഫിസുകളിൽ പോസിറ്റീവ് വൈബ് ഉണ്ടാക്കാൻ മേലധികാരികളും ജീവനക്കാരും തമ്മിൽ ഇതുപോലുള്ള ഹൃദയബന്ധങ്ങളും കൈമാറലുകളും ആവശ്യമാണെന്നും പലരും കമന്റ് ചെയ്തു. ജീവനക്കാരിയുടെ ഈ അവധി അപേക്ഷയെ തമാശയായി കണ്ട ബോസിന് കിടക്കട്ടെ ഒരു കുതിരപ്പവൻ എന്നും പറഞ്ഞവരുണ്ട്.

Tags:    
News Summary - Employee's mail stuns CEO, delights the Internet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.