പരീക്ഷാ ഹാളിലും 'ധുരന്ധർ' ഷോ! അക്കൗണ്ട്‌സ് പേപ്പറിൽ റഹ്മാൻ ഡാകൈറ്റും എസ്.പി ചൗധരി അസ്‌ലമും; ചോദ്യം കണ്ട് കണ്ണുതള്ളി വിദ്യാർഥികൾ

മുംബൈ: ബോക്സ് ഓഫിസിൽ വിജയമായ ആദിത്യ ധർ ചിത്രം 'ധുരന്ധർ: ദി റിവഞ്ചിലെ' കഥാപാത്രങ്ങൾ പരീക്ഷ ചോദ്യപേപ്പറിലേക്കും കടന്നുവന്നിരിക്കുന്നു. സിനിമയിലെ വില്ലന്മാരും നായകന്മാരും നായികയുമടക്കം അക്കൗണ്ട്‌സ് പരീക്ഷാ പേപ്പറിലെ കഥാപാത്രങ്ങളായി എത്തിയതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

പരീക്ഷാ പേപ്പറിലെ ചോദ്യങ്ങളിൽ സിനിമയിലെ ഓരോ കഥാപാത്രത്തെയും അക്കൗണ്ട്‌സ് നിയമങ്ങൾക്കനുസരിച്ച് അതിമനോഹരമായി ചേർത്തിട്ടുണ്ട്. സിനിമയിലെ പ്രധാന വില്ലന്മാരായ ജമീൽ ജമാലിയും എസ്.പി ചൗധരി അസ്‌ലമും ചേർന്ന് ലാഭവിഹിതം പങ്കുവെക്കുന്ന ഒരു സ്ഥാപനത്തിലെ പങ്കാളികളാണെങ്കിൽ എസ്.പി ചൗധരി ബിസിനസിൽ നിന്നും വിരമിക്കുമ്പോൾ ബാക്കിയുള്ളവർക്ക് ലഭിക്കുന്ന ലാഭവിഹിതത്തിന്റെ അനുപാതം എത്രയെന്നാണ് വിദ്യാർഥികൾക്കുള്ള ഒരു ചോദ്യം. സിനിമയിലെ പകയും പോരും അക്കൗണ്ട്‌സ് പേപ്പറിലെ കണക്കുകളിലേക്ക് മാറിയത് കണ്ട് "ഇതാണ് ശരിക്കുള്ള ഡീറ്റൈലിങ്" എന്നാണ് ആരാധകർ പറയുന്നത്.

ഏറ്റവും കൂടുതൽ ചിരി പടർത്തിയത് റഹ്മാൻ ഡാകൈറ്റുമായി ബന്ധപ്പെട്ട ചോദ്യമാണ്. ഹംസ അലി മസാരി, റഹ്മാൻ ഡാകൈറ്റ്, ഉസൈർ ബലോച്ച് എന്നിവരുടെ പാർട്ണർഷിപ്പിനെക്കുറിച്ചുള്ള ചോദ്യത്തിൽ, സിനിമയിലെ വില്ലന്റെ അന്ത്യത്തെ സൂചിപ്പിക്കും വിധം 'റഹ്മാൻ ഡാകൈറ്റ് 2025 ഡിസംബർ 5ന് അന്തരിച്ചു' എന്ന് ബ്രാക്കറ്റിൽ നൽകിയിട്ടുണ്ട്. സിനിമയിലെ ഡയലോഗുകൾ പോലെ തന്നെ കൃത്യമായ വിവരങ്ങൾ ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയ അധ്യാപകൻ ഏതാണെന്ന് കണ്ടെത്താനുള്ള തിരക്കിലാണിപ്പോൾ സോഷ്യൽ മീഡിയ. കടുപ്പമേറിയ അക്കൗണ്ട്‌സ് വിഷയത്തെ ഇത്രയും രസകരമായി അവതരിപ്പിച്ച അധ്യാപകന് സിനിമയുടെ അണിയറ പ്രവർത്തകർ വരെ കൈയടിക്കുമെന്നുറപ്പ്.

സമൂഹ മാധ്യമങ്ങളിൽ ചോദ്യപേപ്പർ വൈറലായതോടെ രസകരമായ കമന്റുകളാണ് വരുന്നത്. ഇതൊക്കെ പഠിച്ചിട്ട് പരീക്ഷ എഴുതുന്നതിലും സുഖം സിനിമ കണ്ട് പരീക്ഷ എഴുതുന്നതാണ് എന്നും ഇനി മുതൽ പരീക്ഷക്ക് മുമ്പ് സിനിമ കാണുന്നത് നിർബന്ധമാക്കേണ്ടി വരും എന്നും ട്രോളുകൾ നിറയുന്നു. ആദിത്യ ധർ - രൺവീർ സിങ് കൂട്ടുകെട്ടിൽ പിറന്ന ബിഗ് ബജറ്റ് ചിത്രം പോലെ വൈറൽ പരീക്ഷാ പേപ്പറും ഇന്റർനെറ്റിലെ ബ്ലോക്ക്ബസ്റ്ററായി മാറിയിരിക്കുകയാണ്.

Tags:    
News Summary - 'Dhurandhar' show in the exam hall too! Rahman Dakait and Jameel Jamali in the Accounts paper; Students rolled their eyes after seeing the question

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.