പിഞ്ചുകുഞ്ഞിനെ കെട്ടിടത്തിന്‍റെ മുകളിലെ കൈവരിയിൽ ഇരുത്തി അമ്മയുടെ റീൽ ഷൂട്ടിങ്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോക്ക് വ്യാപക വിമർശനമാണ് ലഭിച്ചത്. ഇതോടെ, സംഭവത്തിൽ വിശദീകരണവുമായി അമ്മ തന്നെ രംഗത്തെത്തി.
ഇൻസ്റ്റഗ്രാം കണ്ടന്‍റ് ക്രിയേറ്ററായ വർഷ യദുവംശിയാണ് തന്‍റെ കുഞ്ഞിനൊപ്പമുള്ള വിഡിയോ പങ്കുവെച്ചത്. 'എല്ലാവർക്കും സുപ്രഭാതം. ഞാനൊരു ധൈര്യമുള്ള ആൺകുട്ടിയാണ്, അമ്മയോടൊപ്പം വിറ്റാമിൻ സി ഏറ്റുവാങ്ങുകയാണ്' എന്നായിരുന്നു വിഡിയോ കാപ്ഷൻ.
ബഹുനില കെട്ടിടത്തിന്‍റെ മേൽക്കൂരയിലെ കൈവരിയിൽ കുഞ്ഞിനെ ഇരുത്തിക്കൊണ്ടായിരുന്നു വിഡിയോ. താഴെ റോഡും വാഹനങ്ങൾ നിർത്തിയിട്ടതുമെല്ലാം കാണാം. ഒരു കൈയിൽ കുഞ്ഞിനെ പിടിച്ചുകൊണ്ടാണ് മറുകൈ കൊണ്ട് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
വിഡിയോ പോസ്റ്റ് ചെയ്തതോടെ വ്യാപക വിമർശനമുണ്ടായി. കുഞ്ഞിന്‍റെ സുരക്ഷ നോക്കാതെയാണ് വിഡിയോ ചിത്രീകരണമെന്നും ഇത്തരം സാഹസിക പ്രവൃത്തികൾ അപകടമാണെന്നും പലരും ചൂണ്ടിക്കാട്ടി. അതേസമയം, മറ്റു ചിലർ ഇവരെ പിന്തുണച്ചുമെത്തി. കുഞ്ഞിന്‍റെ സുരക്ഷ ഉറപ്പാക്കാൻ അമ്മക്ക് നന്നായി അറിയാമെന്നായിരുന്നു ഇവരുടെ വാദം.
വിഡിയോ ചർച്ചയായതോടെ വിശദീകരണവുമായി യദുവംശി രംഗത്തെത്തി. കുഞ്ഞിനെ സുരക്ഷിതമായി പിടിച്ചുകൊണ്ടാണ് വിഡിയോ ചിത്രീകരിച്ചതെന്നാണ് ഇവർ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.