കല്യാണ മുഹൂർത്തമായപ്പോൾ വധുവും വരനും 'മുങ്ങി'

കല്യാണ ദിവസം വരനോ വധുവോ ഒളിച്ചോടുന്ന വാർത്തകൾ നമ്മൾ ധാരാളം കാണാറുണ്ട്​. എന്നാൽ, കൃത്യം മുഹൂർത്ത സമയത്ത്​ വരനും വധുവും ഒരുമിച്ച്​ 'മുങ്ങിയാലോ'! ചെന്നൈയിലാണ്​ വിവാഹനിമിഷങ്ങൾ വേറിട്ടതാക്കാൻ വധുവും വരനും കടലിനടിയിലേക്ക്​ മുങ്ങിയത്​. നീലൻകരൈ തീരത്താണ്​ തിരുവണ്ണാമലൈ സ്വദേശി ചിന്നദുരൈയും കോയമ്പത്തൂറിൽ നിന്നുള്ള ശ്വേതയും കടലിനടിയിൽ വെച്ച്​ വിവാഹിതരായത്​. കടലിൽ മാലിന്യങ്ങൾ കുന്നുകൂടുന്നതിന്​ എതിരെയുള്ള ബോധവത്​കരണവും ഇവർ ലക്ഷ്യമിട്ടിരുന്നു.

60 അടി താഴ്ചയിലാണ്​ ഇവർക്കായി കതിർ മണ്ഡപമൊരുങ്ങിയത്​. പൂക്കളും വാഴയും തെങ്ങോലയും ഉപയോഗിച്ചുള്ള മണ്ഡപത്തിൽവെച്ച്​ ഇരുവരും പരസ്​പരം വരണമാല്യം ചാർത്തി​. പരമ്പരാഗത വേഷം ധരിച്ചാണ്​ ഇരുവരും സ്​കൂബ ഉപകരണങ്ങളുമായി കടലിലേക്ക്​ ചാടിയത്​. ചിന്നദുരൈ മുണ്ടും ഷർട്ടും ശ്വേത സാരിയും​ ധരിച്ചു​. ഇരുവരും സ്​കൂബ ഡൈവിങിൽ പരിശീലനവും നേടിയിരുന്നു.

45 മിനിറ്റ്​ വെള്ളത്തിനടിയിൽ കഴിയാനുള്ള സംവിധാനങ്ങളാണ്​ ഇവർക്കായി ഒരുക്കിയിരുന്നത്​. മീനുകളും മറ്റ്​ കടൽജീവികളും സാക്ഷിയായുള്ള വിവാഹം അവിസ്​മരണീയമാ​യിരുന്നെന്ന്​ ചിന്നദുരൈ പറഞ്ഞു. 

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.