ലോകത്ത് ആരാധകർ ഏറെയുള്ള കൊറിയൻ സംഗീത ബാൻഡ് ബി.ടിഎസ് വീണ്ടും വേദിയിലെത്തുന്നത് കാത്തിരിക്കുകയാണ് ആരാധകർ. നിർബന്ധിത സൈനിക സേവനത്തിലാണ് ബി.ടി.എസ് ബാൻഡ് അംഗങ്ങൾ. ഇതിനിടെ ആരാധകരെ മിസ് ചെയ്യുന്നുവെന്ന് പറഞ്ഞ് ബാൻഡ് അംഗം ജങ് കൂക് എഴുതിയ കത്താണ് ഇപ്പോൾ ബി.ടി.എസ് ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത്.
ബി.ടി.എസ് ആർമിയുടെ സുഖവിവരങ്ങൾ ചോദിച്ചുകൊണ്ടുള്ളതാണ് കത്ത്. ആരാധകരെ കാണാൻ കാത്തിരിക്കുകയാണെന്നും അതെന്നും സ്വപ്നം കാണാറുണ്ടെന്നും ജങ് കൂക് തന്റെ കത്തിൽ പറയുന്നു. ‘ഇനി കുറച്ച് സമയംകൂടിയേ ഉള്ളൂ. അസ്വസ്ഥത അനുഭവപ്പെട്ട ഒരുപാട് ദിനങ്ങളുണ്ടായിരുന്നു. അന്നെല്ലാം ബി.ടി.എസ് ആർമിയെ മനസ്സിൽ കരുതും. ആ സമയം ഏറെ സന്തോഷം തോന്നും.
ഞാൻ നിങ്ങളെ വല്ലാതെ മിസ് ചെയ്യുന്നു. നിങ്ങളെ കാത്തിരിക്കുകയാണ് ഞാൻ. എല്ലാവരും ആരോഗ്യം ശ്രദ്ധിക്കണം. ഞങ്ങൾ വൈകാതെയെത്തും’. ദീർഘമായ കത്താണ് ജങ് കൂക് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്. സൈനിക സേവനത്തിൽ തുടരുന്നതിനിടെ അവധിയിൽ വന്ന ജങ് കൂക് ആരാധകരുമായി സംസാരിക്കാൻ ലൈവിൽ വന്നിരുന്നു. അന്ന് രണ്ടുകോടിയിലധികം ആരാധകർ ലൈവിൽ പങ്കുചേർന്നു.
നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കി ജൂണിലാണ് ജങ് കൂക് മടങ്ങിയെത്തുക. 18നും 28നും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്മാരായ എല്ലാ പുരുഷന്മാരും നിർബന്ധമായും സൈനിക സേവനത്തിലേര്പ്പെട്ടിരിക്കണമെന്നാണ് ദക്ഷിണ കൊറിയയിലെ നിയമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.