മരുഭൂവാസത്തിനിടയില്‍ സമ്പാദിച്ച വസ്തുക്കള്‍ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി കാത്തുവെക്കും; അവസാനം എംബാംമിങ്​ ചെയ്ത പെട്ടിക്കൊപ്പം അവയും നാട്ടിലേക്ക് മടങ്ങും

പ്രവാസ ജീവിതത്തിന്‍റെ നോവും വേവും വിവരിക്കുന്ന യു.എ.ഇയിലെ പ്രമുഖ സാമൂഹിക സേവകൻ അഷ്​റഫ്​ താമരശ്ശേരിയുടെ ഫേസ്​ബുക്ക്​ പോസ്റ്റ്​ വൈറലാകുന്നു. നാല്​ ചെറുപ്പക്കാരായ മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക്​ അയക്കേണ്ടി വന്ന സാഹചര്യം വിശദീകരിക്കുന്ന പോസ്റ്റാണ്​ അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്​. നാലുപേരും ഹൃദയാഘാതം മൂലം മരിച്ചവരാണ്​. ഈ അടുത്ത കാലത്ത് മരണമടയുന്ന പ്രവാസികളില്‍ കൂടുതലും ചെറുപ്പക്കാരാണെന്ന്​ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഭക്ഷണ രീതികള്‍, പ്രോസസ് ഭക്ഷണം, കൊഴുപ്പു കൂടുതലുള്ള ഭക്ഷണം എന്നിവയെല്ലാമാണ്​ ഹൃദയസ്തംഭനത്തിന് കാരണമാകുന്നത്​. മരുഭൂവാസത്തിനിടയില്‍ തീച്ചൂടേറ്റു സമ്പാദിച്ച വസ്തുവകകള്‍ തന്‍റെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി സ്വരൂപിച്ച് വെക്കുകയും അവസാനം എംബാംമിങ്​ ചെയ്ത പെട്ടിക്കൊപ്പം അയാള്‍ ഉറ്റവര്‍ക്കും ഉടയവർക്കും വേണ്ടി സ്വരൂപിച്ച ആ സാധനങ്ങളും കാര്‍ട്ടുണില്‍ നാട്ടിലേക്ക് മടങ്ങുന്ന കാഴ്ച വല്ലാത്ത വേദന നല്‍കുന്നുവെന്നും അദ്ദേഹം കുറിക്കുന്നു.

അഷ്​റഫ്​ താമരശ്ശേരിയുടെ ഫേസ്​ബുക്ക്​ പോസ്റ്റിന്‍റെ പൂർണരൂപം-

നാല് ചെറുപ്പക്കാരായ മലയാളികളുടെ മൃതദേഹങ്ങളാണ് നാട്ടിലേക്ക് അയച്ചത്. ഹൃദയാഘാതം മൂലമാണ് നാല് പേരും ഈ ലോകത്തോട് വിട പറഞ്ഞത്. നാല് പേര്‍ക്കും 30 വയസ്സിന് താഴെയായിരുന്നു പ്രായം. നാല് പേരും കേരളത്തിന്‍റെ നാല് ദേശങ്ങളില്‍ നിന്നും പ്രവാസികളായവരാണ്. ചെറിയ കാര്യങ്ങള്‍ പോലും നേരിടാനുളള ശക്തി ഇല്ലാത്തവരായി ഇന്നത്തെ യുവസമൂഹം മാറിയിരിക്കുന്നു. ഇവര്‍ എത്രയോ കാലം ജീവിക്കേണ്ടവരാണ്. ഇവരെ പ്രതീക്ഷിച്ച് കഴിയുന്ന എത്രയോ കുടുംബങ്ങൾ. എന്താണെന്ന് അറിയില്ല ഈ അടുത്ത കാലത്ത് മരണമടയുന്ന പ്രവാസികളില്‍ കൂടുതലും ചെറുപ്പക്കാരാണ്.

ഭക്ഷണരീതികൾ, പ്രോസസ് ഭക്ഷണം, കൊഴുപ്പു കൂടുതലുള്ള ഭക്ഷണം എന്നിവയെല്ലാം ഹൃദയസ്തംഭനത്തിന് കാരണമാകുന്നു. ഇതു പോലെ സ്‌ട്രെസ് പോലുള്ള അവസ്ഥകള്‍ മറ്റൊരു കാരണമാണ്. പലരും പുകവലി, മദ്യപാനം പോലുള്ളവയാണ് ഇത്തരം സ്‌ട്രെസിന് കാരണമാകുന്നത്. ഇത്തരം ശീലമെങ്കില്‍ ഇവര്‍ക്ക് അറ്റാക്ക് സാധ്യത നാലിരട്ടിയാണ്. ഇതുപോലെ നല്ല ഉറക്കം കിട്ടാത്തവര്‍ക്കും ഹൃദയാഘാതം സംഭവിക്കാന്‍ സാധ്യതയേറെയാണ്. ഭക്ഷണത്തിലുളള നിയന്ത്രണവും ശരിയായ വ്യായാമവും ജീവിതചരൃയിലെ സൂക്ഷമതയും കൊണ്ട് ഒരു പരിധി വരെ ഹ്യദയാഘാതം കുറക്കാം.

മനുഷ്യന്‍ ഈ കാലഘട്ടത്തില്‍ മരണ ചിന്തയില്‍ ജീവിക്കുക. ഈശ്വരന്‍റെ അനുഗ്രഹങ്ങൾക്കായി പ്രവര്‍ത്തിക്കുക. ദൈവത്തിന്‍റെ കല്‍പനങ്ങള്‍ വഴങ്ങി ജീവിതം നയിക്കുക. അതല്ലാതെ ദൈവത്തിന്‍റെ കല്‍പനകള്‍ മാനിക്കാതെ സ്വൈരജീവിതം നയിക്കുന്ന മനുഷ്യനെ ഒറ്റ നിമിഷംകൊണ്ടു പിടിച്ചു നിര്‍ത്താന്‍ മരണചിന്തക്കു കഴിയും. ദൈനംദിന അനുഭവങ്ങള്‍ തന്നെ ഇതിനു ധാരാളം മതി. എത്ര ആഹ്ലാദകരമായ നിമിഷങ്ങളാണ് ഞൊടിയിടകൊണ്ടു മരണം തകര്‍ത്തുകളയുന്നത്.

എല്ലാ സ്വപ്നങ്ങളും തകരുന്നു. പ്രതീക്ഷകളുടെ നൂറുനൂറു കഥകളുമായി ഭാവി കരുപ്പിടിപ്പിക്കാന്‍, അല്ലെങ്കില്‍ പ്രവാസ ജീവിതത്തിനിടയില്‍ വഴിയില്‍ വെച്ച് വീണുപോകുന്നവര്‍, മരുഭൂവാസത്തിനിടയില്‍ തീച്ചൂടേറ്റു സമ്പാദിച്ച വസ്തുവകകള്‍ തന്‍റെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി സ്വരൂപിച്ച് വെക്കുകയും അവസാനം എംബാംമിങ്​ ചെയ്ത പെട്ടിക്കൊപ്പം അയാള്‍ ഉറ്റവര്‍ക്കും, ഉടയവർക്കും വേണ്ടി സ്വരൂപിച്ച ആ സാധനങ്ങളും കാര്‍ട്ടുണില്‍ നാട്ടിലേക്ക് മടങ്ങുന്ന കാഴ്ച വല്ലാത്ത വേദന നല്‍കുന്നു. അപകട മരണങ്ങളില്‍ നിന്നും പെട്ടെന്ന് മരണങ്ങളില്‍ നിന്നും ആളുകള്‍ വെറുക്കുന്ന രോഗങ്ങളില്‍ നിന്നും ദൈവം നമ്മെയെല്ലാപേരെയും കാത്ത് രക്ഷിക്കട്ടെ.

അഷ്റഫ് താമരശ്ശേരി

Tags:    
News Summary - Ashraf Thamarasery's fb post goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.